Quantcast

അവസാന ശ്വാസം വരെ രോഗികള്‍ക്കൊപ്പം നിന്ന സമര്‍ സിന്‍ജാബും യാത്രയായി

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ജനിച്ച് 1994 മുതല്‍ ഇറ്റലിയില്‍ ഡോക്ടറായി സേവനമനുഷ്ടിക്കുന്ന സമര്‍ സിന്‍ജാബാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായ രാജ്യത്തെ നൂറാമത്തെ ഡോക്ടര്‍...

MediaOne Logo

  • Published:

    11 April 2020 3:15 PM IST

അവസാന ശ്വാസം വരെ രോഗികള്‍ക്കൊപ്പം നിന്ന സമര്‍ സിന്‍ജാബും യാത്രയായി
X

അവസാനശ്വാസം വരെ കോവിഡിനെതിരെ പോരാടിയ ധീര ഡോക്ടര്‍മാരുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇറ്റലിയിലെ 62കാരിയായ സമര്‍ സിന്‍ജാബ്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ജനിച്ച് 1994 മുതല്‍ ഇറ്റലിയില്‍ ഡോക്ടറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു സമര്‍. കോവിഡ് ബാധിച്ച് അത്യാസന്നനിലയില്‍ കിടക്കുമ്പോഴും രോഗികളെ സഹായിക്കാന്‍ അവര്‍ യാതൊരു വൈമനസ്യവും കാണിച്ചില്ല. സമര്‍ സിന്‍ജാബിന്റെ അവസാന വാട്‌സ്ആപ് സന്ദേശം പോയതും ഒരു രോഗിയുടെ ഫോണിലേക്കായിരുന്നു എന്നതു തന്നെ ഇതിനുള്ള തെളിവ്.

ഇറ്റലിയില്‍ കോവിഡ് പടര്‍ന്നു പിടിച്ച വേളയില്‍ രോഗിയില്‍ നിന്നായിരുന്നു സമര്‍ സിന്‍ജാബിന് കോവിഡ് രോഗം പകര്‍ന്നത്. രണ്ട് ആഴ്ച്ചയോളം അത്യാസന്നനിലയില്‍ കിടന്ന ശേഷമാണ് അവര്‍ മരണത്തിന് കീഴടങ്ങിയത്. ഇറ്റാലിയന്‍ പത്രമായ Corriere della Seraയാണ് ഈ വനിതാ ഡോക്ടറുടെ അവസാന വാട്‌സ്ആപ് സന്ദേശം പോയത് ഒരു രോഗിയിലേക്കായിരുന്നുവെന്ന വിവരം റിപ്പോര്‍ട്ടു ചെയ്തത്.

1.43 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് ബാധിക്കുകയും 18000ത്തിലേറെ പേര്‍ കോവിഡിന് കീഴടങ്ങുകയും ചെയ്ത രാജ്യമാണ് ഇറ്റലി. ഡോക്ടര്‍മാരും നേഴ്‌സുമാരും അടങ്ങുന്ന എണ്ണായിരത്തിലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇറ്റലിയില്‍ കോവിഡ് ബാധിച്ചത്. ഇറ്റാലിയന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം ഡോക്ടര്‍മാരുടെ മരണ സംഖ്യ 105ലെത്തുകയും ചെയ്തു. 28 നേഴ്‌സുമാര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്.

കോവിഡ് രോഗവ്യാപനത്തിന്റെ തുടക്കകാലത്ത് ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലാതെ രോഗികളെ വീടുകളില്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ക്കാണ് കൂടുതലായും കോവിഡ് പകര്‍ന്നത്. അസോസിയേഷന്‍ ഓഫ് ഫോറിന്‍ ഡോക്ടേഴ്‌സിന്റെ കണക്ക് പ്രകാരം ഇറ്റലിയില്‍ 20,000ത്തിലേറെ വിദേശികളായ ഡോക്ടര്‍മാര്‍ സേവനം അനുഷ്ടിക്കുന്നുണ്ട്. ഇതില്‍ 3,700ലേറെ പേര്‍ അറബ് വംശജരാണ്. രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ 15 അറബ് ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇവരില്‍ മൂന്ന് പേര്‍ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

TAGS :

Next Story