Quantcast

കോവിഡില്‍ തളര്‍ന്നുവീണ് അമേരിക്ക; 24 മണിക്കൂറിനിടെ 2000 മരണം,വൈറസ് ബാധിതരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു

വെള്ളിയാഴ്ച ഒരു ദിവസത്തെ അമേരിക്കയിലെ മരണനിരക്കാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്

MediaOne Logo

  • Published:

    11 April 2020 12:43 PM IST

കോവിഡില്‍ തളര്‍ന്നുവീണ് അമേരിക്ക; 24 മണിക്കൂറിനിടെ 2000 മരണം,വൈറസ് ബാധിതരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു
X

കൊറോണയെ പിടിച്ചുകെട്ടാനാകാതെ കിതയ്ക്കുകയാണ് അമേരിക്ക. ദിനംപ്രതി മരണനിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,108 മരണങ്ങളാണ് യു.എസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം കോവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാല പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

വെള്ളിയാഴ്ച ഒരു ദിവസത്തെ അമേരിക്കയിലെ മരണനിരക്കാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നത്. 500,399 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ വൈറസ് ബാധിതരുടെ എണ്ണം 1.7 ലക്ഷമായി വര്‍ദ്ധിച്ചു.അമേരിക്കയിലെ കോവിഡ് പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്കില്‍ ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയെക്കാള്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മരണനിരക്ക് കൂടുമ്പോഴും കോവിഡിനെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങള്‍ അമേരിക്കയില്‍ ഒരു ലക്ഷത്തില്‍ താഴെയായിരിക്കുമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. ഒരു ലക്ഷത്തില്‍ താഴെയെന്ന കുറഞ്ഞ സംഖ്യയിലേക്കായിരിക്കും തങ്ങള്‍ പോവുകയെന്ന പ്രതീക്ഷയാണുള്ളതെന്ന് ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് പത്രത്തെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഡെട്രോയിറ്റിലും ന്യൂ ഒര്‍ലിയന്‍സിലും സ്ഥിതി നിയന്ത്രണാധീനമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19 വ്യാപനത്തിന് ശേഷം ആദ്യമായാണ് അമേരിക്കയില്‍ നിരക്ക് കുറയുന്നതെന്ന് വൈറ്റ് ഹൗസിലെ കൊറോണ വൈറസ് റസ്പോണ്‍സ് കോര്‍ഡിനേറ്റര്‍ ഡോ. ഡെബോറ ബിര്‍ക്സ് ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്കിലെ അവസ്ഥകള്‍ മെച്ചപ്പെട്ടതും ന്യൂയോര്‍ക്ക് നഗരപ്രദേശത്ത് ആളുകള്‍ സ്വീകരിച്ച നടപടികളുമാണ് ഇതിന് കാരണമെന്നും അവര്‍ വിശദീകരിച്ചു. അതേസമയം അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.

ചൈനയിലെ വുഹാനില്‍ ഡിസംബറില്‍ കൊറോണ വ്യാപനം തുടങ്ങിയതിന് ശേഷം ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമായി ഏകദേശം 15 ലക്ഷത്തിലേറെ പേരെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. ഒരാഴ്ചയ്ക്കുള്ളിലാണ് മരണസംഖ്യ ഇരട്ടിയായി വര്‍ധിച്ചത്.

TAGS :

Next Story