രോഗം ഭേദമായവരുടെ പ്ലാസ്മ കൊണ്ടുള്ള ചികിത്സ; 30% രോഗമുക്തരിലും കോവിഡ് ആന്റിബോഡികൾ കുറഞ്ഞ അളവില്‍
രോഗമുക്തി നേടിയ പ്രായമായവരുടെയും, മധ്യവയസ്കരുടെയും രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ കോവിഡിനെതിരെയുള്ള ആന്‍റിബോഡിയുടെ അളവ് ചെറുപ്പക്കാരേക്കാള്‍ കൂടുതലാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു.

കോവിഡ് വൈറസിനെതിരെയുള്ള ആന്‍റിബോഡി ഉത്പാദനം ചെറുപ്പക്കാരില്‍ കുറഞ്ഞ അളവിലെന്ന് കണ്ടെത്തല്‍. കോവിഡ് രോഗികളായതിന് ശേഷം രോഗമുക്തി നേടിയവരെ പഠനവിധേയമാക്കിയപ്പോഴാണ് കോവിഡിനെതിരെയുള്ള ആന്‍റിബോഡി വളരെ കുറഞ്ഞ അളവില്‍ മാത്രമേ ചെറുപ്പക്കാരില്‍ ഉത്പാദിപ്പിക്കപ്പെടുന്നുള്ളുവെന്ന് കണ്ടെത്തിയത്. രോഗബാധിതരായതിന് ശേഷം സുഖം പ്രാപിച്ചവരില്‍ നിന്നും എടുക്കുന്ന ആന്‍റിബോഡി ഉപയോഗിച്ച് കോവിഡ് രോഗികളെ ചികിത്സിക്കാമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. രോഗം ഭേദമായ ആളുടെ രക്തത്തിലെ പ്ലാസ്മ വേർതിരിച്ചെടുത്ത് കോവിഡ് രോഗികൾക്ക് കുത്തിവെക്കുന്ന ഈ രീതിയാണ് പ്ലാസ്മ ചികിത്സ.
രോഗം ഭേദമായ ആളുടെ രക്തത്തിൽ വൈറസിനെതിരായി ഉത്‌പാദിപ്പിക്കപ്പെട്ട ആന്റിബോഡിയുടെ സാന്നിധ്യമുണ്ടാകും. ഈ ആന്‍റിബോഡി ഉപയോഗിച്ച് കോവിഡ് രോഗിയായ മറ്റൊരാളുടെ ശരീരത്തിലെ വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പ്ലാസ്മ ചികിത്സ അംഗീകരിക്കപ്പെട്ടത്. രോഗം ഭേദമായ ആളുടെ രക്തത്തിൽ വൈറസിനെ കീഴടക്കിയ ആന്റിബോഡിയുടെ സാന്നിധ്യം എത്രത്തോളമുണ്ടെന്ന് പരിശോധിച്ചശേഷമാണ് കുത്തിവെപ്പ് നടത്തുക.
പ്ലാസ്മ ചികിത്സ നടത്തുന്നതിനായി രോഗമുക്തി നേടിയവരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് 30 ശതമാനം ആളുകളിലും കോവിഡിനെതിരായ ആന്‍റിബോഡി വളരെ കുറഞ്ഞ അളവിലാണ് കാണപ്പെടുന്നത് എന്ന് തെളിഞ്ഞത്. ഫെബ്രുവരി 26 വരെ ഷാങ്ഹായ് പബ്ലിക് ഹെൽത്ത് ക്ലിനിക്കൽ സെന്ററിൽ നിന്ന് ഡിസ്ചാർജ് ചെയ്ത 175 രോഗികളുടെ രക്തസാമ്പിളുകളാണ് വിശകലനം ചെയ്തത്. ഇതില്‍ 30% രോഗികളിൽ കോവിഡ് വൈറസിനെതിരെയുള്ള ആന്‍റിബോഡി ഉത്പാദനം തീരെ കുറഞ്ഞ അളവിലാണെന്ന് കണ്ടെത്തി.
ആശ്ചര്യം ഉയർത്തുന്ന മറ്റൊരു വസ്തുത കൂടെ കണ്ടെത്താന്‍ പരിശോധനയില്‍ നിന്നും സാധിച്ചു. രോഗമുക്തി നേടിയ പ്രായമായവരുടെയും മധ്യവയസ്കരുടെയും രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ആന്‍റിബോഡിയുടെ അളവ് ചെറുപ്പക്കാരേക്കാള്‍ കൂടുതലാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. പ്രായമായവവരുടെ ന്യൂട്രലൈസിംഗ് ആന്റിബോഡികളും സ്പൈക്ക്-ബൈൻഡിംഗ് ആന്റിബോഡികളും ചെറുപ്പക്കാരായ രോഗികളേക്കാൾ വളരെ കൂടുതലാണെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. പരിശോധനക്ക് വിധേയമാക്കിയ രോഗികളുടെ ശരാശരി പ്രായം 50 വയസും ആശുപത്രിവാസത്തിന്റെ ശരാശരി ദൈർഘ്യം 16 ദിവസവും, ശരാശരി രോഗ ദൈർഘ്യം 21 ദിവസവുമായിരുന്നു.
Adjust Story Font
16

