യു.എസ് സമ്പദ്‌വ്യവസ്ഥ എപ്പോള്‍ തുറക്കാനാകുമെന്നതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനമെന്ന് ഡൊണാള്‍ഡ് ട്രംപ്
വൈറസ് വ്യാപനം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള കടുത്ത നിയന്ത്രണങ്ങളാണ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെയും സാരമായി ബാധിച്ചത്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട യു.എസ് സമ്പദ്‌വ്യവസ്ഥ വീണ്ടും എപ്പോള്‍ തുറക്കാമെന്ന തീരുമാനമാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു തീരുമാനം എടുക്കേണ്ടതായി വരികയാണ്. അതൊരു ശരിയായ തീരുമാനമായിരിക്കുമെന്ന് ദൈവത്തില്‍ മാത്രം പ്രതീക്ഷ വയ്ക്കുന്നു. പക്ഷേ, സംശയമേതുമില്ലാതെ പറയാനാകും, ഇതുവരെ എടുത്തിട്ടുള്ളതില്‍വെച്ചേറ്റവും വലിയ തീരുമാനമാണിതെന്ന് വാര്‍ത്തസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
വൈറസ് വ്യാപനം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള കടുത്ത നിയന്ത്രണങ്ങളാണ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെയും സാരമായി ബാധിച്ചത്. കച്ചവട, വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിട്ടു. രാജ്യത്തുടനീളം ഗതാഗതം വെട്ടിക്കുറച്ചു. രാജ്യാന്തര ഗതാഗതവും നിര്‍ത്തിവെച്ചു. ഇതിനെല്ലാം പിന്നാലെയാണ് യു.എസ് സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. നവംബറില്‍ പൊതു തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന ട്രംപിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളികളാണ് മുന്നിലുള്ളതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
കോവിഡ് ആഗോള സാമ്പത്തികരംഗത്തെ തന്നെ സാരമായി ബാധിച്ചിട്ടുണ്ട്. 16 ദശലക്ഷം ആളുകള്‍ക്കാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടത്. 330 ദശലക്ഷം ജനസംഖ്യയുടെ 95 ശതമാനത്തിലധികം പേരും ദേശീയ അടിയന്തരാവസ്ഥയുടെ ഭാഗമായി വീട്ടില്‍ സുരക്ഷിതരായി ഇരിക്കുകയാണ്.
എന്നാല്‍ വൈറസ് വ്യാപനം തുടരുന്നതിനാല്‍ ലോകരാജ്യങ്ങള്‍ തങ്ങളുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിട്ടില്ല. സമാന സാഹചര്യത്തില്‍ അപക്വമായ തീരുമാനം യു.എസിനു തിരിച്ചടിയായേക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നു. അതേസമയം, ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം എടുക്കേണ്ടിയിരിക്കുന്നുവെന്നാണ് ട്രംപിന്റെ അഭിപ്രായം. വൈറസ് പ്രതിരോധത്തിനുള്ള സാമുഹ്യ നിയന്ത്രണങ്ങള്‍ ഏപ്രിലോടെ അവസാനിക്കും. മെയ് മുതല്‍ സാധാരണ ജീവിതത്തിലേക്ക് അമേരിക്കക്കാരെ മടക്കിക്കൊണ്ടുവരികയാകും ട്രംപിന്റെ ലക്ഷ്യം. മെഡിക്കല്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. എന്നാല്‍ രാഷ്ട്രീയ പരിഗണനകള്‍ക്കൊപ്പം ഇതിനോടകം നാശോന്മുഖമായ ബിസിനസ് സമൂഹത്തില്‍നിന്നുള്ള ഉപദേശങ്ങളും തീരുമാനത്തിന് വേഗം കൂട്ടും. വരുമാനം വലിയ തോതില്‍ ഇടിഞ്ഞതും തൊഴിലില്ലായ്മ എക്കാലത്തെയും വലിയ നിരക്ക് പിന്നിട്ട് കുതിക്കുകയും ചെയ്യുന്ന സാഹചര്യവും പരിഗണിക്കും.
സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയൊരു കര്‍മ്മ സമിതിയെ ചൊവാഴ്ച പ്രഖ്യാപിക്കുമെന്ന് ട്രംപ് അറിയിച്ചു. മികച്ച ഡോക്ടര്‍മാരും ബിസിനസ് പ്രമുഖരും ഉള്‍പ്പെടുന്നതാണ് കര്‍മ്മ സമിതി. ഇരു പാര്‍ട്ടികളിലെയും അംഗങ്ങള്‍ അതിലുണ്ടാകും. ഒരു തീയതിക്കായി ശ്രമിക്കുകയാണ്. ഒരു നിശ്ചിത തീയതിക്കുള്ളില്‍ ഇവയെല്ലാം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ രാജ്യം ആരോഗ്യകരമായ സാഹചര്യത്തിലാണെന്ന് അറിയുന്നതുവരെ ഒന്നും ചെയ്യില്ല. വീണ്ടും തിരികെപ്പോകാനും എല്ലാം ആദ്യം മുതല്‍ ചെയ്യാനും ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം അമേരിക്കയില്‍ കോവിഡ് മരണം കൂടിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 18,700 ആയി. അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Adjust Story Font
16

