ഈ നീക്കം അപകടം, ട്രംപിന് മുന്നറിയിപ്പുമായി ബില്‍ഗേറ്റ്‌സും എ.എം.എയും
കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും ചൈനയോട് പക്ഷപാദിത്വം കാണിക്കുന്നുവെന്നും ആരോപിച്ചാണ് ട്രംപ് ലോകാരോഗ്യ സംഘടനക്കുള്ള അമേരിക്കന്‍ സഹായം നിര്‍ത്തിയത്...

കോവിഡ് ദുരന്തത്തിനിടെ ലോകാരോഗ്യ സംഘടനക്കുള്ള അമേരിക്കയില്‍ നിന്നുള്ള ഫണ്ട് വെട്ടിക്കുറക്കാനുള്ള ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം അപകടകരമാണെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും അമേരിക്കന്‍ ഡോക്ടര്‍മാരുടെ സംഘടനയായ എ.എം.എയും രംഗത്ത്. കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും ചൈനയോട് പക്ഷപാദിത്വം കാണിക്കുന്നുവെന്നും ആരോപിച്ചാണ് ട്രംപ് ബുധനാഴ്ച്ച ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിര്‍ത്തുന്നതായി അറിയിച്ചിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനത്തിലുള്ള അസംതൃപ്തി ബില്‍ഗേറ്റ്‌സ് ട്വിറ്ററിലൂടെയാണ് പരസ്യമാക്കിയിരിക്കുന്നത്. ''ലോകമാകെ ആരോഗ്യ പ്രതിസന്ധിയില്‍ നില്‍ക്കുന്ന അവസരത്തില്‍ ലോകാരോഗ്യ സംഘനക്കുള്ള ധനസഹായം നിര്‍ത്തുന്നുവെന്നത് അപകടകരമാണ്. ഇത് കോവിഡ് 19 രോഗം തടയുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളുടെ വേഗത കുറക്കും. മറ്റൊരു സംഘനയും ലോകാരോഗ്യ സംഘടനയുടെ പകമാകില്ല. ലോകത്തിന് എന്നത്തേക്കാളും കൂടുതല്‍ ലോകാരോഗ്യസംഘടനയെ ആവശ്യമുള്ള സമയമാണിത്' ബില്‍ഗേറ്റ്‌സ് ഓര്‍മ്മിപ്പിക്കുന്നു.
ബില്‍ഗേറ്റ്‌സിനൊപ്പം ട്രംപിന്റെ നടപടിയെ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനും അപകടകരമെന്നാണ് വിശേഷിപ്പിച്ചത്. പ്രസിഡന്റ് തീരുമാനം പുനഃപരിശോധിക്കണമെന്നും എ.എം.എ ആവശ്യപ്പെട്ടു. നൂറ്റാണ്ടിലെ മഹാമാരിയെ നേരിടാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങള്‍ അപകടത്തിലാക്കുന്നതാണ് ഈ തീരുമാനമെന്നാണ് എ.എം.എ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.
ചൈനക്ക് അമേരിക്ക കൂടുതല്‍ സഹായം ചെയ്‌തെന്ന് മാത്രമല്ല ചൈന കുറവ് പണമാണ് ലോകാരോഗ്യ സംഘടനക്ക് നല്‍കുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ആരോപിച്ചിരുന്നു. അമേരിക്കക്കാര്‍ 400 ദശലക്ഷം ഡോളറിനും 500 ദശലക്ഷം ഡോളറിനും ഇടക്കുള്ള തുകയാണ് പ്രതിവര്‍ഷം ലോകാരോഗ്യ സംഘനക്ക് നല്‍കുന്നത്. എന്നാല്‍, ചൈന 40 ദശലക്ഷം ഡോളര്‍ മാത്രമാണ് നല്‍കുന്നതെന്നുമായിരുന്നു ട്രംപ് താരതമ്യം ചെയ്തത്.
Adjust Story Font
16

