നടുക്കടലില്‍ രണ്ട് മാസം; 32 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ പട്ടിണി കിടന്ന് മരിച്ചു
ചെറുബോട്ടില്‍ ദിവസങ്ങളോളം നടുക്കടലില്‍ പട്ടിണിയില്‍ കഴിഞ്ഞ 382 റോഹിംഗ്യന്‍ അഭയാര്‍ഥികളെ ഒടുവില്‍ ബംഗ്ലാദേശ് കോസ്റ്റ് ഗാര്‍ഡ് രക്ഷിക്കുകയായിരുന്നു...

നടുക്കടലില്‍ രണ്ട് മാസത്തോളം കടുത്ത ദുരിതങ്ങള്‍ക്കിടയില്‍ കഴിയേണ്ടി വന്ന 382 റോഹിംഗ്യന്‍ അഭയാര്‍ഥികളെ രക്ഷിച്ചതായ ബംഗ്ലാദേശ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. 58 ദിവസങ്ങള്‍ നീണ്ട ദുരിതകാലത്തിനിടെ 32 അഭയാര്‍ഥികള്‍ പട്ടിണി കിടന്ന് മരിച്ചതായി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു. ബുധനാഴ്ച്ച രാത്രിയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് ബംഗ്ലാദേശ് തീരസംരക്ഷണ സേന കണ്ടെത്തിയത്.
മത്സ്യബന്ധന ബോട്ടില്‍ തിങ്ങി നിറഞ്ഞ നിലയിലാണ് 410ലേറെ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്. പട്ടിണി കിടന്ന് അവശരായ നിലയിലാണ് ഇവരെ കണ്ടെടുത്തതെന്നും തീരദേശ നഗരമായ ടെക്‌നാഫിലേക്ക് അഭയാര്‍ഥികളെ മാറ്റിയെന്നും ബംഗ്ലാദേശ് തീരദേശസേന വക്താവ് അറിയിച്ചു. കഴിഞ്ഞ ഏഴ് ദിവസങ്ങളായി ബംഗ്ലാദേശിന്റെ ഉള്‍ക്കടലിലായിരുന്നു റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് ഉണ്ടായിരുന്നത്.
ये à¤à¥€ पà¥�ें- കോവിഡിന്റെ ഏറ്റവും മോശം കാലം പിന്നിട്ടു, അമേരിക്ക വൈകാതെ തുറക്കുമെന്ന് ട്രംപ്
ബംഗ്ലാദേശിലെ തെക്കുകിഴക്കന്‍ മേഖലയിലെ അഭയാര്‍ഥി ക്യാമ്പുകളിലുണ്ടായിരുന്നവരാണ് ഇവരെന്നാണ് ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മലേഷ്യയിലേക്ക് ബോട്ടില്‍ കടക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍, കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മലേഷ്യന്‍ തീരങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മലേഷ്യന്‍ അധികൃതര്‍ തിരിച്ചയച്ചതോടെ ഇവര്‍ വീണ്ടും ബംഗ്ലാദേശിലേക്ക് തന്നെ തിരിച്ചുവരാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
58 ദിവസങ്ങള്‍ നീണ്ട ദുരിതയാത്രക്കിടെ 32 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവരുടെ മൃതദേഹങ്ങള്‍ കടലിലെറിയുകയായിരുന്നു. തിരിച്ചെത്തിയ ഇവരെ കോവിഡ് ബാധിതരാണോ എന്ന സംശയമുള്ളതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയരാക്കിയില്ലെന്നും ബംഗ്ലാദേശ് കോസ്റ്റ്ഗാര്‍ഡ് വക്താവ് പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് അഭയാര്‍ഥികളില്‍ കൂടുതലും.
ബംഗ്ലാദേശിന്റെ മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ പത്ത് ലക്ഷത്തോളം റോഹിംഗ്യന്‍ അഭയാര്‍ഥികളാണ് കഴിയുന്നത്. 2017ല്‍ സൈനിക നടപടി ആരംഭിച്ചതോടെ സ്വന്തം രാജ്യമായ മ്യാന്മറില്‍ നിന്നും പലായനം ചെയ്യപ്പെടാന്‍ നിര്‍ബന്ധിതരായവരാണിവര്‍. ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നും പട്ടിണിയും ദുരിതങ്ങളും മൂലം നിരവധി പേരാണ് മലേഷ്യയും തായ്‌ലണ്ടും അടക്കമുള്ള അയല്‍ രാജ്യങ്ങളിലേക്ക് കുടിയേറ്റത്തിന് ശ്രമിക്കുന്നത്.
Adjust Story Font
16

