കോവിഡ് വാക്സിന്‍ കണ്ടുപിടിച്ചില്ലെങ്കില്‍ അമേരിക്കയില്‍ സാമൂഹിക അകലം പാലിക്കുന്നത് 2022 വരെ തുടരേണ്ടി വരുമെന്ന് ഗവേഷകര്‍
ഹാര്‍വാര്‍ഡ് ടി.എച്ച് ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരുടെ പഠനത്തിലാണ് ഇത്തരമൊരു നിരീക്ഷണം

കൊറോണ ഏറ്റവും അധികം നാശം വിതച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് അമേരിക്ക. ഇതുവരെ മുപ്പതിനായിരത്തിലധികം പേരുടെ ജീവനാണ് വൈറസ് കവര്‍ന്നെടുത്തത്. ആറര ലക്ഷത്തിലധികം പേരെ കോവിഡ് ബാധിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക് ഡൌണിലൂടെ കടന്നുപോവുകയാണ് രാജ്യം. കോവിഡിന്റെ ഏറ്റവും ഭയാനകമായ അവസ്ഥ അമേരിക്ക പിന്നിട്ടെന്ന് പ്രസിഡന്റെ പറയുമ്പോഴും മറ്റൊരു ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍. കോവിഡിന് മരുന്ന് കണ്ടെത്തിയില്ലെങ്കില്‍ അമേരിക്കയില്‍ സാമൂഹ്യ അകലം പാലിക്കുന്നത് 2022 വരെ തുടരേണ്ടി വരുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ഹാര്‍വാര്‍ഡ് ടി.എച്ച് ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരുടെ പഠനത്തിലാണ് ഇത്തരമൊരു നിരീക്ഷണം. ഒറ്റത്തവണ ലോക്ഡൗണ്‍ നടപ്പാക്കിയതുകൊണ്ട് മാത്രം കോവിഡിനെ പ്രതിരോധിക്കാനാകില്ല. വൈറസിനെതിരെ കൃത്യമായ ചികിത്സ കണ്ടെത്തുകയോ വാക്സിന്‍ കണ്ടുപിടിക്കുകയോ ചെയ്താല്‍ നിയന്ത്രണം ഒഴിവാക്കാനാകുമെന്നും സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെപ്പോലെ ഒറ്റത്തവണ ലോക് ഡൗണ്‍കൊണ്ട് അമേരിക്കയില്‍ കാര്യമായ നേട്ടങ്ങളുണ്ടാകില്ല. ഗുരുതരാവസ്ഥയിലുള്ള കൂടുതല്‍ ആളുകളെ പരിചരിക്കാനുള്ള ശേഷി ഗണ്യമായി വര്‍ധിക്കുകയോ ചികിത്സയോ വാക്‌സിന്‍ ലഭ്യമാക്കുകയോ ചെയ്തില്ലെങ്കില്‍ 2022 വരെ അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണം തുടരേണ്ടിവരും. വാക്‌സിനിലൂടെയും മറ്റും സ്ഥിരമായ പ്രതിരോധം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞാല്‍ അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ കോവിഡ് അപ്രത്യക്ഷമായേക്കാം. എന്നാല്‍ അത് താല്‍ക്കാലികം ആയിരിക്കും.
രോഗവ്യാപനം ചാക്രികമായി പിന്നെയും സംഭവിക്കാം. അതിനാല്‍ കുറച്ചു കാലത്തേക്കുള്ള ലോക് ഡൗണ്‍ കൊണ്ട് കാര്യമായ ഫലമൊന്നുമുണ്ടാകില്ല. കൃത്യമായ ചികിത്സ കണ്ടുപിടിച്ചില്ലെങ്കില്‍ 2025ല്‍ കോവിഡ് വീണ്ടും ശക്തിയോടെ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയുമുണ്ട്. അമേരിക്കയില്‍ രോഗവ്യാപനം അതിന്റെ കൊടുമുടിയിലാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയുകയാണ് വളരെ പ്രധാനം. 2022 വരെ നിയന്ത്രണം തുടരുന്നതിലൂടെ മെച്ചപ്പെട്ട ഫലം ലഭിക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
സാമൂഹിക അകലം പാലിക്കുകയെന്നത് ഏറ്റവും ശക്തമായ പ്രതിരോധമാര്‍ഗമാണെന്ന് സെന്റേഴ്സ് ഓഫ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് അഭിപ്രായപ്പെട്ടു.
Adjust Story Font
16

