കൊറോണക്കെതിരെ പോരാടാന്‍ കൊട്ടാരത്ത് നിന്നും ആശുപത്രി സേവനത്തിനിറങ്ങി സ്വീഡിഷ് രാജകുമാരി
മെഡിക്കല്‍ രംഗത്തുനിന്നല്ലാത്ത ആളുകള്‍ക്ക് വേണ്ടിയാണ് ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നത്

ലോകമാകെ കോവിഡ് താണ്ഡവത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. അനുനിമിഷം മരണനിരക്കുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഭരണകൂടങ്ങളും ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം കോവിഡിനെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിലാണ്. ലോകം കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സ്വീഡിഷ് രാജകുമാരിയായ സോഫിയ ഹെല്‍കിവിസിനും സാധിച്ചില്ല. കൊട്ടാരത്തും നിന്നും ആശുപത്രി സേവനത്തിനിറങ്ങിയിരിക്കുകയാണ് ഈ മുപ്പത്തിയഞ്ചുകാരി. കാള്‍ ഫിലിപ്പ് രാജകുമാരന്റെ ഭാര്യയാണ് സോഫിയ.
സ്റ്റോക്‌ഹോമിലെ സോഫിയഹെമ്മറ്റ് ആശുപത്രിയുടെ ബോര്‍ഡംഗം കൂടിയായ സോഫിയ ത്രിദിന ഓണ്‍ലൈന്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തതിനു ശേഷമാണ് സോഫിയാ ഹെമ്മെറ്റ് ആശുപത്രിയില്‍ സന്നദ്ധസേവകയായെത്തിയത്. കോവിഡ് രോഗികളെ നേരിട്ട് പരിചരിക്കില്ലെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുകയാണ് സോഫിയയുടെ ചുമതല.
നമ്മള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിയുടെ നാളുകളില്‍, ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകളുടെ ജോലിഭാരം ലഘൂകരിക്കുന്നതിന് ഒരു സന്നദ്ധ പ്രവർത്തകനെന്ന നിലയിൽ പങ്കാളിയാകാനും സംഭാവന നൽകാനും രാജകുമാരി ആഗ്രഹിക്കുന്നതായി കൊട്ടാരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
മെഡിക്കല്‍ രംഗത്തുനിന്നല്ലാത്ത ആളുകള്‍ക്ക് വേണ്ടിയാണ് ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നത്. വൃത്തിയാക്കല്‍, അടുക്കളയിലെ സേവനം, ഉപകരണങ്ങള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയവയിലാണ് പരിശീലനം നല്‍കുന്നത്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ജോലിഭാരം കുറയ്ക്കാനായി ആഴ്ചയില്‍ എണ്‍പതോളം പേര്‍ക്ക് പരിശീലനം നല്‍കിയാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്.
സ്വീഡനില്‍ ഇതുവരെ 12,540 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1,333 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായ ജോണ്‍സ് ഹോപ്കിന്‍സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
Adjust Story Font
16

