Quantcast

'ആഭ്യന്തര കലാപത്തിന് പ്രേരിപ്പിക്കുന്നു, നുണ പ്രചരിപ്പിക്കുന്നു' ട്രംപിനെതിരെ വാഷിങ്ടണ്‍ ഗവര്‍ണര്‍

ലോക്ഡൗണ്‍ വിരുദ്ധ സമരക്കാരെ പിന്തുണച്ച് മിനസോട്ട, മിഷിഗണ്‍, വിര്‍ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളെ 'മോചിപ്പിക്കണമെന്നായിരുന്നു' അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വീറ്റ്...

MediaOne Logo

  • Published:

    18 April 2020 11:01 AM IST

ആഭ്യന്തര കലാപത്തിന് പ്രേരിപ്പിക്കുന്നു, നുണ പ്രചരിപ്പിക്കുന്നു ട്രംപിനെതിരെ വാഷിങ്ടണ്‍ ഗവര്‍ണര്‍
X

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കന്‍ സംസ്ഥാനമായ വാഷിങ്ടണിലെ ഗവര്‍ണറായ ജേ ഇന്‍സ്‌ലീ. രാജ്യത്ത് ആഭ്യന്തര കലാപത്തിന് പ്രേരിപ്പിക്കുകയാണ് പ്രസിഡന്റ് ചെയ്യുന്നതെന്നും വ്യാപകമായി നുണകള്‍പ്രചരിപ്പിക്കുകയാണെന്നുമാണ് ജേ ഇന്‍സ്‌ലി തുറന്നടിച്ചത്. മൂന്ന് സംസ്ഥാനങ്ങളില്‍ നടക്കുന്ന ലോക്ഡൗണ്‍ വിലക്കുകള്‍ നീക്കാന്‍ ആവശ്യപ്പെട്ടുള്ള സമരക്കാര്‍ക്ക് ട്രംപ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാഷിങ്ടണ്‍ ഗവര്‍ണര്‍ പ്രസിഡന്റിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

'നിയമവിരുദ്ധവും അപകടകരവുമായ പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രസിഡന്റിന്റെ പ്രസ്താവനകള്‍. അയാള്‍ ദശലക്ഷക്കണക്കിന് ജനങ്ങളെ കോവിഡ് രോഗത്തിന്റെ അപകട പരിധിയിലാക്കുകയാണ്'' ഇന്‍സ്‌ലീ തുറന്നടിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് നടത്തിയ തുടര്‍ച്ചയായ ട്വീറ്റുകളിലൂടെയായിരുന്നു വാഷിങ്ടണ്‍ ഗവര്‍ണര്‍ പ്രതികരിച്ചത്.

ലോക്ഡൗണ്‍ വിരുദ്ധ സമരക്കാര്‍ക്ക് പിന്തുണ നല്‍കി മിനസോട്ട, മിഷിഗണ്‍, വിര്‍ജീനിയ തുടങ്ങിയ അമേരിക്കന്‍ സംസ്ഥാനങ്ങളെ 'മോചിപ്പിക്കണമെന്ന്' അമേരിക്കന്‍ പ്രസിഡന്റ് തന്നെ ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് വാഷിങ്ടണ്‍ ഗവര്‍ണര്‍ അടക്കമുള്ളവരെ പ്രകോപിതരാക്കിയത്. സംസ്ഥാനങ്ങളെ 'മോചിപ്പിക്കണം' എന്നതുപോലുള്ള ട്രംപിന്റെ പ്രസ്താപനകള്‍ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ്. ആഭ്യന്തര കലാപത്തെ പ്രോത്സാഹിപ്പിക്കുകയും നുണകള്‍ പ്രചരിപ്പിക്കുകയുമാണ് ട്രംപ് ചെയ്യുന്നത്. ട്രംപിന്റെ സ്വന്തം സര്‍ക്കാരിലെ അംഗങ്ങള്‍ പോലും കോവിഡ് അപകടമാണെന്നും നിയന്ത്രണങ്ങള്‍ തുടരണമെന്നും പറയുന്നുണ്ടെന്ന് വാഷിങ്ടണ്‍ ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.

ലോക്ഡൗണും നിയന്ത്രണങ്ങളും നീക്കി അമേരിക്കന്‍ വിപണി എത്രയും വേഗം തുറക്കുമെന്ന് ട്രംപ് കുറച്ചു ദിവസങ്ങളായി ആവര്‍ത്തിക്കുന്നുണ്ട്. അപ്പോള്‍ തന്നെ ലോക്ഡൗണും സമ്പര്‍ക്ക വിലക്കും അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് അതാത് സംസ്ഥാനങ്ങളാണെന്നും ഫെഡറല്‍ സര്‍ക്കാരല്ലെന്നും പറഞ്ഞ് ട്രംപ് കൈ കഴുകുന്നുമുണ്ട്.

ഫ്‌ളോറിഡയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ സുരക്ഷ ഉറപ്പു വരുത്താന്‍ സാധിക്കുമെങ്കില്‍ ബീച്ചുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ടെക്‌സാസിലെ ഗവര്‍ണറും പാര്‍ക്കുകള്‍ തുറക്കാനും നിയന്ത്രണങ്ങളോടെ കടകള്‍ തുറക്കാനും ആശുപത്രികളില്‍ ഗുരുതരമല്ലാത്ത ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാനും നിര്‍ദേശിച്ചിരുന്നു. അതേസമയം ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നത് കരുതലോടെ വേണമെന്ന കാര്യത്തില്‍ എല്ലാ പാര്‍ട്ടിക്കാരായ ഗവര്‍ണര്‍മാരും ഒരേ അഭിപ്രായക്കാരാണ്.

ये भी पà¥�ें- കോവിഡിന്റെ ഏറ്റവും മോശം കാലം പിന്നിട്ടു, അമേരിക്ക വൈകാതെ തുറക്കുമെന്ന് ട്രംപ്

ഫെഡറല്‍ സര്‍ക്കാരിന്റെ പിന്തുണയില്ലാതെ സംസ്ഥാനങ്ങള്‍ക്ക് കൊറോണ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ നടത്താനാവില്ലെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ക്യുമോ പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ അവരവരുടെ നിലക്ക് കോവിഡ് പരിശോധന നടത്തണമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. പരാതി പറച്ചില്‍ മതിയാക്കി പണിയെടുക്കണമെന്നും ആവശ്യത്തിന് പണവും സഹായവും നല്‍കിയിട്ടും ഒരു നന്ദിവാക്കുപോലും ന്യൂയോര്‍ക്ക് ഗവര്‍ണറില്‍ നിന്നുമുണ്ടായില്ലെന്നുമായിരുന്നു ട്രംപിന്റെ പരിഹാസം.

TAGS :

Next Story