അമേരിക്കയില്‍ സ്ഥിര കുടിയേറ്റങ്ങള്‍ക്ക് 60 ദിവസം വിലക്ക്
അമേരിക്കയില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന ഗ്രീന്‍ കാര്‍ഡുകള്‍ അനുവദിക്കില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്...

അമേരിക്കയില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന ഗ്രീന്‍കാര്‍ഡുകള്‍ 60 ദിവസത്തേക്ക് അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് കുടിയേറ്റത്തിന് താല്‍ക്കാലിക വിലക്കുണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുള്ള നടപടിയാണിത്. അമേരിക്കയിലെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും നേരിടാനാണ് കുടിയേറ്റവിലക്ക് ഏര്‍പ്പെടുത്തുന്നതെന്നാണ് ട്രംപ് അറിയിച്ചിട്ടുള്ളത്.
അതേസമയം തൊഴിലുകളുടെ ആവശ്യത്തിന് താല്‍ക്കാലികമായി അമേരിക്കയിലേക്ക് കുടിയേറുന്നവരെ ഇത് കാര്യമായി ബാധിക്കില്ലെന്നും ട്രംപ് ചൊവ്വാഴ്ച്ചത്തെ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു. ഐ.ടി പ്രൊഫഷണലുകള്‍ക്ക് അടക്കം ലഭിക്കുന്ന H-1B വിസക്ക് മുടക്കമുണ്ടാവില്ലെന്നാണ് ഇതുകൊണ്ട് വ്യക്തമാക്കുന്നതെന്നാണ് സൂചന. എങ്കില്‍ പോലും ഇന്ത്യയില്‍ നിന്നടക്കം അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ആയിരങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് ട്രംപിന്റെ തീരുമാനം.
ये à¤à¥€ पà¥�ें- കുടിയേറ്റത്തിന് താത്കാലിക വിലക്കുമായി ട്രംപ്
കുടിയേറ്റങ്ങള്‍ക്കെതിരായ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുമെന്ന് 2016ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ തന്നെ ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു. മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റം തടയാനെന്ന പേരില്‍ മതില്‍ പണിയുകയുമെന്നതും ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. നിയമപരവും അല്ലാത്തതുമായ കുടിയേറ്റങ്ങള്‍ കുറക്കാന്‍ ട്രംപ് സര്‍ക്കാര്‍ പല ശ്രമങ്ങളും നേരത്തെയും നടത്തിയിട്ടുണ്ട്. കോവിഡിന്റെ പേരില്‍ കഴിഞ്ഞ മാസം മുതല്‍ തന്നെ അമേരിക്ക എല്ലാവിധ വിസാ സേവനങ്ങളും നിര്‍ത്തിയിരുന്നു.
അമേരിക്കന്‍ തൊഴിലാളിക്കാണ് പ്രഥമപ്രാധാന്യമെന്നും 60 ദിവസത്തെ കാലയളവിന് ശേഷം നടപടി പുനഃപരിശോധിക്കുമെന്നും ട്രംപ് അറിയിച്ചു. അപ്പോഴത്തെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തിക്കൊണ്ടായിരിക്കും തീരുമാനമെടുക്കുക. അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷിക്കാനാണ് താന്‍ ഈ നടപടി സ്വീകരിക്കുന്നതെന്ന് ട്രംപ് ചൊവ്വാഴ്ച്ചയും ആവര്‍ത്തിച്ചു.
ഒരുവെടിക്ക് രണ്ട് പക്ഷിയെയാണ് ട്രംപ് ഈനീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നത്. കുടിയേറ്റക്കാര്‍ക്കെതിരായ പ്രഖ്യാപിത നിലപാട് തുടരുകയും കോവിഡ് പ്രതിരോധത്തില്‍ സംഭവിച്ച പാളിച്ചകള്‍ സമര്‍ഥമായി മൂടിവെക്കുകയുമാണ് പ്രസിഡന്റ് ചെയ്യുന്നതെന്നാണ് ആരോപണം.
കോവിഡിനെ തുടര്‍ന്ന് 2.2കോടി അമേരിക്കക്കാരാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചിരിക്കുന്നത്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. വരും ആഴ്ച്ചകളില്‍ അമേരിക്കയിലെ തൊഴിലില്ലായ്മ വര്‍ധിക്കുമെന്ന ആശങ്കയുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ 8.24 ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം 45000 കടക്കുകയും ചെയ്തു.
Adjust Story Font
16

