പ്രകോപനം തുടര്‍ന്നാല്‍ ഇറാന്റെ ബോട്ടുകളെ തകര്‍ക്കുമെന്ന് ട്രംപ്
മറ്റുള്ളവര്‍ക്കുമേല്‍ കുതിരകയറുന്നതിന് പകരം സൈനികര്‍ക്ക് കോവിഡ് വരാതെ നോക്കുകയാണ് അമേരിക്ക ചെയ്യേണ്ടതെന്നാണ് ഇറാന്റെ സൈനിക വക്താവ് പ്രതികരിച്ചത്...

അമേരിക്കന്‍ കപ്പലുകളെ ശല്യപ്പെടുത്തുന്നത് ഇറാനിയന്‍ ഗണ്‍ ബോട്ടുകള്‍ തുടര്‍ന്നാല്‍ അവയെ തകര്‍ക്കുമെന്ന് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ഇത് സംബന്ധിച്ച് യു.എസ് നാവികസേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. ഔദ്യോഗിക ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
ട്വീറ്റ് സംബന്ധിച്ച് വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വിശദീകരണം നല്‍കുകയും ചെയ്തു. 'ഇനിയും ഇറാന്‍ ഈ നടപടി തുടര്‍ന്നാല്‍ ഞങ്ങളുടെ കപ്പലുകള്‍ക്കും കപ്പലിലെ ജോലിക്കാര്‍ക്കും ഭീഷണിയാണത്. ഇതിനി ആവര്‍ത്തിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ വെടിവെച്ചിടാനാണ് നിര്‍ദേശം' ട്രംപ് പറഞ്ഞു.
മറ്റുള്ളവര്‍ക്കുമേല്‍ കുതിരകയറുന്നതിന് പകരം സൈനികര്‍ക്ക് കോവിഡ് പിടിപെടാതെ നോക്കുകയാണ് അമേരിക്ക ചെയ്യേണ്ടതെന്നാണ് ഇറാന്റെ സൈനിക വക്താവ് പ്രതികരിച്ചത്. അമേരിക്കന്‍ കപ്പലുകള്‍ക്ക് വളരെ അടുത്തേക്ക് 11 ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ നാവിക ബോട്ടുകള്‍ എത്തിയ സംഭവം നടന്ന് ഒരാഴ്ച്ചക്കകമാണ് ട്രംപിന്റെ പ്രതികരണം.
നേരത്തെ പലതവണ പരാജയപ്പെട്ട ഇറാന്റെ മിലിറ്ററി സാറ്റലൈറ്റിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ബുധനാഴ്ച്ച ഇറന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചിരുന്നു. പ്രകാശം എന്നര്‍ഥമുള്ള നൂര്‍ ഭൂമിയില്‍ നിന്നും 425 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണുള്ളത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് വരെ ഈ സാറ്റലൈറ്റ് സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. രഹസ്യമായി നടന്ന മിലിറ്ററിസാറ്റലൈറ്റിന്റെ നിര്‍മ്മാണത്തെക്കുറിച്ചും സാങ്കേതിക വിദ്യയെക്കുറിച്ചും വിക്ഷേപണത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടില്ല.
Adjust Story Font
16

