കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തനിക്കറിയാം, ഉടന്‍ തന്നെ അതിനെക്കുറിച്ച് പറയാമെന്ന് ഡൊണാള്‍ഡ് ട്രംപ്
ഇപ്പോഴത്തെ അവസ്ഥയിൽ കാര്യങ്ങൾ പറയുന്നതിൽ പരിമിതിയുണ്ടെന്ന് ട്രംപ് പറഞ്ഞു

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയില്‍ ഇത് സംബന്ധിച്ച വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിമ്മിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് തനിക്കറിയാമെന്നും ഉടന്‍ തന്നെ അതിനെക്കുറിച്ച് പറയാമെന്നും ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് പ്രതികരിച്ചത്.
ഇപ്പോഴത്തെ അവസ്ഥയിൽ കാര്യങ്ങൾ പറയുന്നതിൽ പരിമിതിയുണ്ടെന്ന് ട്രംപ് പറഞ്ഞു. പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ വിവരങ്ങൾ അറിയാം. അതിനെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല'. എനിക്ക് കിം ജോങ് ഉന്നുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അദ്ദേഹം നന്നായിരിക്കട്ടെ. അമേരിക്കൻ പ്രസിഡന്റ് ഞാനല്ലായിരുന്നെങ്കിൽ ഉത്തരകൊറിയയുമായി ഒരു പക്ഷേ ഒരു യുദ്ധം തന്നെ ഇവിടെ നടന്നേനെ എന്നും ട്രംപ് പറഞ്ഞു.
ഏപ്രിൽ 11ലെ പാർട്ടി പൊളിറ്റ് ബ്യൂറോയിൽ പങ്കെടുത്ത ശേഷം കിം മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. 15ന് കിമ്മിന്റെ മുത്തച്ഛന്റെ ജന്‍മവാര്‍ഷിക പരിപാടിയിലും അദ്ദേഹം പങ്കെടുക്കാത്തതും മാധ്യമശ്രദ്ധ നേടിയിരുന്നു. 2011ല്‍ അധികാരമേറ്റെടുത്ത ശേഷം കിം ഒരിക്കലും ഈ ചടങ്ങില്‍ പങ്കെടുക്കാതിരുന്നിട്ടില്ല.കിം ജോങ് ഉന്നിന് ഹൃദയ ശസ്ത്രക്രിയ നടന്നുവെന്നും അതിന് ശേഷം ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിട്ടില്ലെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം കിം ജീവനോടെയുണ്ടെന്നും ആരോഗ്യവാനാണെന്നും ദക്ഷിണ കൊറിയ ഇന്നലെ അറിയിച്ചിരുന്നു. കിം ജീവനോടെയുണ്ടെന്നും ഏപ്രില്‍ 13 മുതല്‍ ഉത്തരകൊറിയയുടെ കിഴക്കന്‍ പ്രദേശമായ വൊന്‍സാനില്‍ താമസിക്കുകയാണെന്നും ദക്ഷിണ കൊറിയ പ്രസിഡന്‍റിന്‍റെ സുരക്ഷ ഉപദേഷ്‍ടാവ് വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

