കൊറോണ വൈറസ് ചൈന നിര്‍മ്മിച്ചതാണെന്ന ആരോപണം വീണ്ടും തള്ളി വുഹാന്‍ ലാബ്; വൈറസിന്റെ ഉത്ഭവം ഇപ്പോഴും ദുരൂഹം
കോവിഡ് 19ന് പിന്നില്‍ ചൈനയല്ലെന്നും രോഗം എവിടെ നിന്നും ആരംഭിച്ചുവെന്നതിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ലെന്നും വുഹാന്‍ ലാബ് തലവന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു

കോവിഡ് 19മായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ വീണ്ടും നിഷേധിച്ച് ചൈന. ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന് പിന്നില്‍ ചൈനയാണെന്ന ആരോപണങ്ങളെ തള്ളി വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തലവന്‍ രംഗത്തെത്തിയിരിക്കുകയാണ്.
കോവിഡ് 19ന് പിന്നില്‍ ചൈനയല്ലെന്നും രോഗം എവിടെ നിന്നും ആരംഭിച്ചുവെന്നതിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ലെന്നും വുഹാന്‍ ലാബ് തലവന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.സാര്‍സ് വിഭാഗത്തില്‍ പെടുന്ന കോവിഡ് -2 വൈറസിന്റെ ഉത്തരവാദിത്തം ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലാണെന്നാണ് ഗൂഡാലോചനാ സിദ്ധാന്തക്കാരുടെ വാദം. മറ്റ് ചിലര്‍ അമേരിക്കയാണ് കൊറോണയുടെ ഉത്തരവാദികളെന്നും വാദം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ലെന്നാണ് വുഹാന്‍ വൈറോളജി ലാബ് അധികൃതര്‍ വ്യക്തമാക്കിയത്.
കൊറോണ വൈറസ് സ്വാഭാവികമായി പരിണമിച്ചതാണെന്ന ശാസ്ത്രീയ അഭിപ്രായങ്ങളുണ്ടെങ്കിലും അത്തരം അവകാശവാദങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരമില്ല. വുഹാന്‍ ലാബില്‍ നിന്നാണോ കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന് തന്റെ സര്‍ക്കാര്‍ അന്വേഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം പുതിയ കൊറോണ വൈറസ് രൂപകല്‍പ്പന ചെയ്യാനോ നിര്‍മിക്കാനോ ഉള്ള കഴിവോ താല്‍പ്പര്യമോ തങ്ങളുടെ ലാബിന് ഇല്ലെന്ന് ഡബ്യുഐവി പ്രൊഫസറും നാഷനല്‍ ബയോസേഫ്റ്റി ലബോറട്ടറി ഡയറക്ടറുമായ യുവാന്‍ ഷിമിങ് പറഞ്ഞു. മാത്രമല്ല സാര്‍സ് -കോവ് -2 ജീനോമിനുള്ളില്‍ ഇത് മനുഷ്യ നിര്‍മിതമാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എച്ച്‌ഐവിയിലുള്ളതിന് സമാനമായ പ്രോട്ടീന്‍ കൊറോണയിലും കണ്ടെത്തിയെന്ന വിധത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നേരത്തെ അവതരിപ്പിക്കപ്പെട്ട ശാസ്ത്രീയ പ്രബന്ധം ഇത്തരം ഗൂഡാലോചന സിദ്ധാന്തങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. എന്നാല്‍ പല ശാസ്ത്രജ്ഞന്മാരും കൊറോണ വന്യമൃഗങ്ങളില്‍ നിന്നാണ് പടര്‍ന്നതെന്ന വാദത്തിലാണ് ഉറച്ചുനില്‍ക്കുന്നത്. ലോകത്ത് വ്യാപകമായ മഹാമാരികളില്‍ 70 ശതമാനവും മൃഗങ്ങളില്‍ നിന്നാണ് പടര്‍ന്നിരുന്നതെന്ന് വുഹാന്‍ ലാബ് അധികൃതര്‍ അഭിപ്രായപ്പെടുന്നു. വന്യ മൃഗങ്ങളും മനുഷ്യരും തമ്മില്‍ അടുത്തിടപഴകുന്ന സാഹചര്യം ഇത്തരം പ്രശ്‌നങ്ങളുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ് സമീപകാലത്ത് കാണുന്നത്. ആഗോള കാലാവസ്ഥാ വ്യതിയാനവും മനുഷ്യരുടെ ഇടപെടലുകളുമൊക്കെ ഇതിന് വഴിവെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ഹ്യൂമന്‍ കൊറോണ വൈറസുകളും വളര്‍ത്തുമൃഗങ്ങളില്‍ നിന്നും വവ്വാലുകളില്‍ നിന്നും എലികളില്‍ നിന്നുമാണ് ഉണ്ടായതെന്ന് ശാസ്ത്രജ്ഞരും പറയുന്നു.
വുഹാന്‍ ലാബ് ഗവേഷണങ്ങള്‍ക്കായി വവ്വാലുകളില്‍ നിന്ന് ഉണ്ടാക്കിയ വൈറസ് അബദ്ധവശാല്‍ പുറത്തുവിട്ടതാണെന്ന സിദ്ധാന്തവും ലാബ് തലവന്‍ നിരസിച്ചിട്ടുണ്ട്.'ഉയര്‍ന്ന തലത്തിലുള്ള ബയോ സേഫ്റ്റി ലാബുകളില്‍ അത്യാധുനിക സംരക്ഷണ സൗകര്യങ്ങളും ലബോറട്ടറി സ്റ്റാഫുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പരിസ്ഥിതിയെ മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും കര്‍ശനമായ നടപടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിന്റെ ഉത്ഭവം എന്ന് പറയപ്പെടുന്ന സ്ഥലമാണ് ചൈനയിലെ വുഹാന്‍ നഗരം. വുഹാന്‍ നഗരത്തില്‍ ആകെ 46,452 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 3,869 പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. ഈയിടെ അവസാന രോഗിയും രോഗം ഭേദമായി ആശുപത്രി വിട്ടതിനെ തുടര്‍ന്ന് വുഹാന്‍ കൊറോണമുക്തമായി പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16

