നൂറ്റാണ്ടിന്റെ ഇടവേളയില്‍ മഹാമാരികള്‍ ഇരട്ടകളുടെ ജീവനെടുത്തു
ചരിത്രം ആവര്‍ത്തിക്കുമെന്ന് വിശ്വസിച്ചിരുന്ന ഫിലിപ് കാന്‍ നൂറാം വയസില്‍ കോവിഡ് ബാധിച്ചാണ് മരിച്ചത്. സ്പാനിഷ് ഫ്ളൂവിന്റെ കാലത്ത് ഒരു നൂറ്റാണ്ട് മുമ്പായിരുന്നു അദ്ദേഹത്തിന്റെ ഇരട്ട സഹോദരന്റെ മരണം...

സ്പാനിഷ് ഫ്ളൂ എന്ന മഹാമാരിയുടെ കാലത്ത് മാന്‍ഹാട്ടനില്‍ 1919 ഡിസംബര്‍ 15നായിരുന്നു ഇരട്ട സഹോദരങ്ങളായ ഫിലിപ് കാനും സാമുവല്‍ കാനും ജനിക്കുന്നത്. ജനിച്ച് ആഴ്ച്ചകള്‍ മാത്രം കഴിഞ്ഞപ്പോഴേക്കും സാമുവല്‍ കാന്‍ സ്പാനിഷ് ഫ്ളൂ ബാധിച്ച് മരിച്ചു. ഒരു നൂറ്റാണ്ടിനിപ്പുറം ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ 2020ല്‍ ഫിലിപ് കാനിന്റെ ജീവന്‍ മറ്റൊരു മഹാമാരിയായ കോവിഡ് 19നും എടുത്തു.
ചരിത്രം ആവര്‍ത്തിക്കുമെന്ന് വിശ്വസിച്ചിരുന്നയാളാണ് തന്റെ മുത്തശ്ശനെന്നാണ് എന്നാണ് ചെറുമകനായ വാരന്‍ സേസ്മാന്‍ പറഞ്ഞത്. വാര്‍ത്തയും വിവരങ്ങളും മുറക്ക് അറിഞ്ഞിരുന്ന അദ്ദേഹത്തിന് കോവിഡിനെപറ്റിയും ധാരണയുണ്ടായിരുന്നു. ചുമയും മറ്റു ലക്ഷണങ്ങളും കണ്ടു തുടങ്ങിയപ്പോള്‍ തന്നെ എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസിനോട് വാരന്‍ സേസ്മാന്‍ പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ സൈനികനായി സേവനമനുഷ്ടിച്ചിട്ടുള്ളയാളാണ് ഫിലിപ് കാന്‍. മൂന്ന് സൈനിക മെഡലുകള്‍ സ്വന്തമായിരുന്നയാള്‍. സൈന്യത്തില്‍ നിന്നും വിരമിച്ചശേഷം ഇലക്ട്രീഷ്യന്മാരുടെ മേല്‍നോട്ടക്കാരനായി ജോലിയെടുത്തു. വേള്‍ഡ് ട്രേഡ് സെന്ററിന്റെയും ന്യൂയോര്‍ക്കിലെ ആദ്യ ബ്ലഡ് ബാങ്കിന്റേയും നിര്‍മ്മാണത്തില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്.
നൂറ്റാണ്ടുകളുടെ ഇടവേളയില്‍ ഇരട്ടകള്‍ മരിക്കുന്നത് അപൂര്‍വ്വമാണ്. രണ്ട് മഹാമാരികള്‍ ഇരട്ടകളുടെ ജീവിതം നൂറ്റാണ്ടിന്റെ വ്യത്യാസത്തിലെടുക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവും. ഫിലിപ് കാനിനെ ചികിത്സിച്ച ഡോക്ടര്‍ തന്നെ അദ്ദേഹത്തിന്റെ മരണ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
ഒരു നൂറ്റാണ്ട് മുമ്പ് ലോകമാകെ ഭീതിവിതച്ച മഹാമാരിയായിരുന്നു സ്പാനിഷ് ഫ്‌ളൂ. അഞ്ച് കോടി മനുഷ്യരാണ് സ്പാനിഷ് ഫ്ളൂ ബാധിച്ച് മരിച്ചത്. അന്നത്തെ ലോക ജനസംഖ്യയിലെ മൂന്നിലൊന്ന് പേരേയും ഈ രോഗം ബാധിച്ചു. പുതിയ മഹാമാരിയായ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ 2.28 ലക്ഷത്തിലേറെയാണ്.
Adjust Story Font
16

