Quantcast

ഒരൊറ്റ ദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യയില്‍ കുതിച്ചു ചാട്ടം

കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യ ആഗോള തലത്തില്‍ എട്ടാമത്തെ രാജ്യമായി മാറി. ചൈനയേയും ഇറാനേയുമാണ് റഷ്യ മറികടന്നത്...

MediaOne Logo

  • Published:

    1 May 2020 4:14 PM IST

ഒരൊറ്റ ദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യയില്‍ കുതിച്ചു ചാട്ടം
X

കോവിഡ് 19 വലിയ തോതില്‍ വ്യാപിക്കുന്നുവെന്ന സൂചനകള്‍ നല്‍കി റഷ്യയില്‍ ഒരു ദിവസത്തിനിടെ രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം. വെള്ളിയാഴ്ച്ച മാത്രം 7933 പേര്‍ക്കാണ് റഷ്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ റഷ്യയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,14,431 ആയി മാറി.

രോഗികളുടെ എണ്ണത്തില്‍ റഷ്യ ആഗോള തലത്തില്‍ എട്ടാമത്തെ രാജ്യമായി മാറിയിട്ടുണ്ട്. ഈ ആഴ്ച്ചയിലാണ് റഷ്യ രോഗികളുടെ എണ്ണത്തില്‍ ചൈനയേയും ഇറാനേയും മറികടന്നത്. ഇതുവരെ 1169 പേരാണ് ഔദ്യോഗിക കണക്കനുസരിച്ച് റഷ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുറ്റ്‌സിനും വ്യാഴാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.

റഷ്യ ഇപ്പോഴും കോവിഡിന്റെ ഏറ്റവും മോശം ദിവസങ്ങളിലെത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കില്‍ പോലും രണ്ട് ആഴ്ച്ചക്കുള്ളില്‍ ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. മെയ് 11 വരെയാണ് നിലവില്‍ റഷ്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പിന്നീട് എങ്ങനെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറക്കണമെന്ന് അറിയിക്കാനാണ് പുടിന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിലവില്‍ പ്രതിദിനം ഒന്നരലക്ഷം കോവിഡ് പരിശോധനകളാണ് ഏതാണ്ട് പതിനാലര കോടി ജനസംഖ്യയുള്ള റഷ്യ നടത്തുന്നത്. ഇത് വര്‍ധിപ്പിക്കാനും നടപടികള്‍ ആരംഭിച്ചതായി പുടിന്‍ അറിയിച്ചിരുന്നു. തലസ്ഥാനമായ മോസ്‌കോയിലാണ് കോവിഡ് ഏറ്റവും രൂക്ഷമായത്. മാര്‍ച്ച് 30 മുതല്‍ 1.20 കോടി ജനങ്ങളുള്ള മോസ്‌കോയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്ത് ഇതുവരെ 30 ലക്ഷത്തോളം കോവിഡ് പരിശോധന നടത്തിയെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.

TAGS :

Next Story