സാകിര്‍ നായികിന്റെ പീസ് ടി.വിക്ക് ബ്രിട്ടനില്‍ 2.75 കോടി രൂപ പിഴ
വിദ്വേഷ പ്രസംഗം നടത്തുകയും പ്രഭാഷണങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റത്തിന് ബ്രിട്ടീഷ് മാധ്യമ നിരീക്ഷക സമിതിയായ ഓഫ്‌കോമാണ് പിഴ ചുമത്തിയിരിക്കുന്നത്...

മതപ്രഭാഷകന്‍ സാകിര്‍ നായികിന്റെ പീസ് ടി.വിക്കും പീസ് ടി.വി ഉറുദുവിനും ബ്രിട്ടനില്‍ മൂന്ന് ലക്ഷം പൗണ്ട്(ഏകദേശം 2.75 കോടിരൂപ) പിഴ. വിദ്വേഷ പ്രസംഗം നടത്തുകയും പ്രഭാഷണങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് സാകിര്‍ നായികിന്റെ പീസ് ടി.വിക്കെതിരായ കുറ്റം. ബ്രിട്ടീഷ് മാധ്യമ നിരീക്ഷക സമിതിയായ ഓഫ്‌കോമാണ് പിഴ ചുമത്തിയിരിക്കുന്നത്.
ലോഡ് പ്രൊഡക്ഷന്‍സ് ലിമിറ്റഡിന് കീഴിലുള്ള പീസ് ടി.വിക്ക് ഒരു ലക്ഷം പൗണ്ടും പീസ് ടിവി ഉറുദുവിന് രണ്ട് ലക്ഷം പൗണ്ടുമാണ് വിധിച്ചിരിക്കുന്നത്. ഇരു ചാനലുകളും സാകിര്‍ നായികിന്റെ ഉടമസ്ഥതയിലുള്ള യൂനിവേഴ്‌സല്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ എന്ന കമ്പനിക്ക് കീഴിലുള്ളതാണ്. സംപ്രേക്ഷണ നിയമങ്ങള്‍ തെറ്റിച്ചതിനാണ് സാകിര്‍ നായികിന്റെ ചാനലുകള്‍ക്ക് പിഴ ചുമത്തിയതെന്ന് ഓഫ്‌കോം പ്രസ്താവനയില്‍ അറിയിച്ചു.
അത്യന്തം വിദ്വേഷം പരത്തുന്ന പരിപാടികളാണ് ഈ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്തതെന്നാണ് ഓഫ്‌കോം ആരോപിക്കുന്നത്. ഒരുവേള അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയിലുള്ള പരിപാടികളും ഈ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞുവെന്നാണ് ബ്രിട്ടീഷ് വാര്‍ത്താവിനിമയ രംഗത്തെ നിരീക്ഷണ സമിതിയായ ഓഫ്‌കോം പറയുന്നത്.
2019 ജൂലൈയില്‍ സംപ്രേക്ഷണം ചെയ്ത കിതാപ് ഉത് തൗഹീദ് എന്ന പരിപാടിയെക്കുറിച്ചും ഓഫ്‌കോം റിപ്പോര്‍ട്ടിലുണ്ട്. 2019 നവംബറില്‍ തന്നെ പീസ് ടിവി ഉര്‍ദുവിന്റെ ലൈസന്‍സ് ഓഫ്‌കോം റദ്ദാക്കിയിരുന്നു. വിദ്വേഷ പ്രചാരണത്തിന് 2016ല്‍ പീസ് ടിവി ഉര്‍ദുവിന്റെ ഉടമസ്ഥരായ ക്ലബ് ടി.വിക്ക് 65000 പൗണ്ട പിഴയിടുകയും ചെയ്തിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി സാകിര്‍ നായിക് മലേഷ്യയിലാണ് താമസം. 2010ല്‍ തന്നെ ബ്രിട്ടനിലേക്ക് വരുന്നതില്‍ നിന്നും സാകിര്‍ നായിക്കിനെ വിലക്കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സാകിര്‍ നായികിനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നായികിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ വിദേശകാര്യ മന്ത്രാലയം അദ്ദേഹത്തെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16

