പ്രതിദിന കോവിഡ് മരണങ്ങളില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും ബ്രസീല്‍ ഒന്നാമത്
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിലെ കോവിഡ് പ്രതിരോധം അമ്പേ പരാജയപ്പെട്ടുവെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്...

ലോകത്തെ പ്രതിദിന കോവിഡ് മരണങ്ങളില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീല്‍ ഒന്നാമതെത്തി. ചൊവ്വാഴ്ച്ച മാത്രം 1,039 പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 24,512 പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതിനിടെ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ബൊല്‍സനാരോയുടെ ഔദ്യോഗിക വസതി ബഹിഷ്‌കരിക്കാന്‍ ബ്രസീല്‍ മാധ്യമങ്ങള്‍ തീരുമാനിച്ചു.
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിലെ കോവിഡ് പ്രതിരോധം അമ്പേ പരാജയപ്പെട്ടുവെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പ്രസിഡന്റ് വിഡ്ഢിയാണെന്നും രാജിവെച്ച് പുറത്തുപോകാനുമാണ് ബ്രസീലിയന്‍ സിറ്റി മേയര്‍ ആര്‍ജര്‍ വിര്‍ജിലിയോ നെതോ കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം ഔദ്യോഗിക കണക്കുകളേക്കാള്‍ വളരെ കൂടുതലാണ് ബ്രസീലിലെ യഥാര്‍ഥ കോവിഡ് മരണങ്ങളെന്ന ആശങ്കയും വ്യാപകമാണ്.
രാജ്യത്ത് കോവിഡ് പരിശോധനകള്‍ കുറവാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നിട്ടും 21 കോടിയോളം ജനസംഖ്യയുള്ള ബ്രസീലില്‍ 3.91 ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗികളിലും മരണത്തിലും അമേരിക്കക്ക് പിന്നില്‍ രണ്ടാമതാണ് ബ്രസീല്‍. ഒരാഴ്ച്ചക്കുള്ളില്‍ നാലാം തവണയാണ് ബ്രസീലില്‍ 24 മണിക്കൂറിനിടെ കോവിഡ് മരണം ആയിരം കടക്കുന്നത്.
തീവ്ര വലതുപക്ഷക്കാരനായ ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സനാരോ 'സാധാരണ ഫ്‌ളൂ' എന്നാണ് കോവിഡിനെ തുടക്കം മുതല്‍ വിശേഷിപ്പിച്ചത്. ലോകാരോഗ്യസംഘടനയുടെ ലോക്ഡൗണ്‍ നിര്‍ദേശങ്ങളെ ശക്തമായി എതിര്‍ക്കുന്നയാളാണ് ബോല്‍സനാരോ. വിപണി അടച്ചിടേണ്ടി വന്നാല്‍ കോവിഡിനേക്കാല്‍ കൂടുതല്‍ പ്രശ്‌നമാണെന്നായിരുന്നു ബോല്‍സനാരോയുടെ വാദം. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഒരു മാസത്തിനിടെ രണ്ട് ആരോഗ്യമന്ത്രിമാരാണ് ബ്രസീലില്‍ രാജിവെച്ച് പുറത്തുപോയത്.
ബോല്‍സനാരോയുടെ ഔദ്യോഗിക വസതിയില്‍ നിന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യേണ്ടതില്ലെന്ന് ബ്രസീലിലെ പ്രധാനപ്പെട്ട നാല് മാധ്യമങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്. ബോല്‍സനാരോ അനുയായികള്‍ മാധ്യമപ്രവര്‍ത്തകരെ തുടര്‍ച്ചയായി അധിക്ഷേപിച്ചതോടെയാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി മാധ്യമങ്ങളുടെ ബഹിഷ്‌ക്കരണ തീരുമാനം.
Adjust Story Font
16

