ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ച് പള്ളിക്ക് മുന്നില്‍ ട്രംപ് നടത്തിയത് പരിഹാസ്യ നാടകമെന്ന് ബിഷപ്പ്
സെന്റ് ജോണ്‍സ് പള്ളിയിലോ മറ്റ് ഏതെങ്കിലും ആരാധനാലയങ്ങളിലോ പ്രസിഡന്റ് ട്രംപ് പ്രാര്‍ഥനക്ക് എത്തുന്നതായി അറിവില്ലെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

വൈറ്റ് ഹൗസിന് സമീപത്തെ സെന്റ് ജോണ്‍സ് എപ്പിസ്‌കോപല്‍ പള്ളിക്ക് മുന്നിലെത്തി ട്രംപ് ബൈബിള്‍ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രസംഗത്തിനെതിരെ കത്തോലിക്കാ ബിഷപ്പ്. വാഷിംഗ്ടണിലെ വനിതാ ബിഷപായ റവ. മരിയാന്‍ ബഡ്ഡെയാണ് അമേരിക്കന്‍ പ്രസിഡന്റിനെ പരസ്യമായി വിമര്‍ശിച്ചത്. ടി.വി അഭിമുഖത്തിനിടെയായിരുന്നു പ്രസിഡന്റിന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തേയും ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രസംഗത്തേയും ബിഷപ്പ് 'പരിഹാസ്യ നാടകം' എന്ന് വിശേഷിപ്പിച്ചത്.
നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റായ ജെയിംസ് മാഡിസന്റെ കാലം മുതല്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ സ്ഥിരമായി പ്രാര്‍ഥനക്കും മറ്റും വരുന്ന ആരാധനാലയമാണ് സെന്റ് ജോണ്‍സ് പള്ളി. പ്രസിഡന്റുമാരുടെ പള്ളിയെന്നാണ് വൈറ്റ് ഹൗസിന് അടുത്തുള്ള ഈ ആരാധനാലയം അറിയപ്പെടുന്നതു തന്നെ. വൈറ്റ് ഹൗസിന് സമീപം ദിവസങ്ങളായി നടക്കുന്ന വംശീയ വിദ്വേഷത്തിനെതിരായ പ്രക്ഷോഭത്തില്‍ പള്ളിയുടെ പുറംഭാഗത്ത് ചെറിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു. പള്ളിയുടെ താഴത്തെ നിലയില്‍ ആരോ തീ കൊളുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഉടന്‍ തന്നെ കണ്ടുപിടിച്ച് തീ അണച്ചതിനാല്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ലെന്ന് പിന്നീട് പള്ളി അധികൃതര്‍ തന്നെ വ്യക്തമാക്കിയതാണ്.
ഇതിന് ശേഷമാണ് തികച്ചും നാടകീയമായി സെന്റ് ജോണ്‍സ് ചര്‍ച്ചിലേക്ക് ഡോണള്‍ഡ് ട്രംപ് ബൈബിളുമായി നടന്നുവന്നത്. വൈറ്റ് ഹൗസിന് സമീപത്തെ പ്രക്ഷോഭകരെ ലാത്തി വീശിയും ടിയര്‍ ഗ്യാസ് ഉപയോഗിച്ചും നീക്കിയായിരുന്നു പ്രസിഡന്റിന്റെ എല്ലാവിധ സുരക്ഷാ അകമ്പടിയോടെയുമുള്ള വരവ്.
ബിഷപ് മരിയാന്‍ എഡ്ഗാര്‍ ബഡ്ഡെപള്ളിക്ക് മുന്നില്‍ ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രസംഗിച്ചാണ് ട്രംപ് മടങ്ങിയത്. 'ലോകത്തെ ഏറ്റവും മഹത്തായ രാഷ്ടത്തെ കാക്കും' എന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം. സ്വകാര്യ രാഷ്ട്രീയ ആവശ്യത്തിന് ബൈബിള്‍ ഉപയോഗിച്ചതിനെതിരെയാണ് ബിഷപ് റവ. മരിയാന്‍ ബഡ്ഡെ പരസ്യമായി വിമര്‍ശിച്ചിരിക്കുന്നത്.
വാഷിംഗ്ടണ്‍ രൂപത യേശുവിന്റേയും സ്‌നേഹത്തിന്റേയും പാതയിലാണെന്നും പ്രസിഡന്റിന്റെ വിദ്വേഷം പ്രചരിപ്പിക്കുന്ന വാക്കുകള്‍ക്ക് പിന്നിലല്ലെന്നും ബിഷപ് ബഡ്ഡെ വ്യക്തമാക്കി. സ്‌നേഹത്തിനും അഹിംസക്കും വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചവനെയാണ് പിന്തുടരുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
ജോര്‍ജ്ജ് ഫ്‌ളോയിഡിനും നീതി ലഭിക്കാതെ പോയ എണ്ണമില്ലാത്ത മറ്റുള്ളവര്‍ക്കും വേണ്ടിയാണ് സഭ നിലകൊള്ളുന്നതെന്നും കഴിഞ്ഞ ദിവസം കണ്‍ മുന്നില്‍ നടന്ന സംഭവങ്ങള്‍ വിശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടുള്ളവയാണെന്നും ബിഷപ് പറഞ്ഞു. സെന്റ് ജോണ്‍സ് പള്ളിയിലോ മറ്റ് ഏതെങ്കിലും ആരാധനാലയങ്ങളിലോ പ്രസിഡന്റ് ട്രംപ് പ്രാര്‍ഥനക്ക് എത്തുന്നതായി അറിവില്ലെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

