കോവിഡ് രോഗ- മരണ വിവരങ്ങള്‍ പിന്‍വലിച്ച് ബ്രസീല്‍
കോവിഡ് രൂക്ഷമായ ബ്രസീലിലെ ഗുരുതരസ്ഥിതി മറച്ചുവെക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്.

കോവിഡ് രോഗികളും മരണവും കുതിച്ചുയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ബ്രസീല്‍ ഔദ്യോഗികമായി കോവിഡുമായി ബന്ധപ്പെട്ട ആകെയുള്ള കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി. ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സനാരോ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇത് ബ്രസീലിലെ ഗുരുതരസ്ഥിതി മറച്ചുവെക്കാനുള്ള ശ്രമമാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ബ്രസീല്‍ കോവിഡ് വിവരങ്ങള്‍ പങ്കുവെച്ചിരുന്ന covid.saude.gov.br എന്ന വെബ് സൈറ്റില്‍ നിന്നും വിവരങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ഇതിന്റെ കാരണം ബൊല്‍സനാരോയോ മറ്റുള്ളവരോ വ്യക്തമാക്കിയിട്ടില്ല. വെള്ളിയാഴ്ച്ച ഈ വെബ്‌സൈറ്റ് പിന്‍വലിക്കുകയും ശനിയാഴ്ച്ച പുതിയ രൂപത്തില്‍ അവതരിപ്പിക്കുകയുമായിരുന്നു. അതുവരെ ദിനം പ്രതിയും ആഴ്ചകള്‍ തോറും മാസം തോറുമുളള കോവിഡ് രോഗികളുടേയും മരണത്തിന്റേയും കണക്കുകള്‍ വെബ്‌സൈറ്റിലുണ്ടായിരുന്നു. പുതിയ സൈറ്റില്‍ അവസാനത്തെ 24 മണിക്കൂറിലെ കണക്കുകള്‍ മാത്രമാണ് കാണിക്കുന്നത്.
ലോകത്ത് അമേരിക്കക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗവും അമേരിക്കക്കും യു.കെക്കും പിന്നില്‍ കോവിഡ് മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ട രാജ്യമാണ് ബ്രസീല്‍. ഇതുവരെ ബ്രസീലില്‍ 6.76 ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 21 കോടിയോളം ജനസംഖ്യയുള്ള ബ്രസീലില്‍ 36,044 പേര്‍ കോവിഡ് ബാധിച്ച മരിക്കുകയും ചെയ്തിരുന്നു.
നേരത്തെ വൈകുന്നേരം അഞ്ച് മണിക്ക് പുറത്ത് വിട്ടിരുന്ന പ്രതിദിന കോവിഡ് കണക്കുകള്‍ കഴിഞ്ഞ ആഴ്ച്ചയില്‍ രാത്രി പത്തിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കോവിഡുമായി ബന്ധപ്പെട്ട ആകെയുള്ള കണക്കുകള്‍ എടുത്തുമാറ്റാന്‍ ബ്രസീല്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. 'പല സംസ്ഥാനങ്ങളും യഥാര്‍ഥ കണക്കല്ല നല്‍കുന്നത്' എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് പ്രസിഡന്റ് രാജ്യത്തെ ആകെയുള്ള കണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന് അറിയിച്ചിരിക്കുന്നത്.
Adjust Story Font
16

