Quantcast

ദാവൂദിന്റെ കോവിഡ് മരണവാര്‍ത്തക്കിടെ ട്രെന്‍ഡിംഗായി അണ്ടര്‍ടേക്കറും അഫ്രീദിയും...?

കോവിഡ് ബാധിച്ച് ദാവൂദും ഭാര്യ മെഹജബീന്‍ ഷെയ്ക്കും കറാച്ചിയിലെ സൈനിക ആശുപത്രിയില്‍വെച്ച് മരിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍...

MediaOne Logo

  • Published:

    7 Jun 2020 5:40 PM IST

ദാവൂദിന്റെ കോവിഡ് മരണവാര്‍ത്തക്കിടെ ട്രെന്‍ഡിംഗായി അണ്ടര്‍ടേക്കറും അഫ്രീദിയും...?
X

പാകിസ്താനില്‍ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കോവിഡ് ബാധിച്ച് ദാവൂദും ഭാര്യ മെഹജബീന്‍ ഷെയ്ക്കും കറാച്ചിയിലെ സൈനിക ആശുപത്രിയില്‍വെച്ച് മരിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. ദാവൂദിന്റെ മരണവാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പടര്‍ന്നു പിടിച്ചതിന് പിന്നാലെ ട്വിറ്ററില്‍ ദാവൂദിനൊപ്പം ഷഹീദ് അഫ്രീദിയും ഡബ്ല്യു.ഡബ്ല്യു.ഇ താരം അണ്ടര്‍ടേക്കറും ട്രെന്‍ഡിംഗായി. എന്തായിരിക്കും അതിന് പിന്നില്‍?

ദാവൂദ് കോവിഡ് ബാധിച്ച് മരിച്ചുവെന്ന വാര്‍ത്തകളെ മണിക്കൂറുകള്‍ക്കകം സഹോദരന്‍ അനീസ് ഇബ്രാഹിം തള്ളിക്കളഞ്ഞിരുന്നു. 'ഭായിയും(ദാവൂദ്) ഭാര്യയും സുഖമായിരിക്കുന്നു. ആര്‍ക്കും കൊറോണ വൈറസ് ബാധിച്ചിട്ടില്ല. ഞങ്ങളുടെ കുടുംബത്തിലെ ആരും ആശുപത്രിയിലില്ല' എന്നാണ് അനീസ് ഇബ്രാഹിമിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി ഐ.എ.എന്‍.എസ് റിപ്പോര്‍ട്ടു ചെയ്തത്.

ഇനി ദാവൂദിന്റെ മരണ വാര്‍ത്തയില്‍ അണ്ടര്‍ടേക്കറും അഫ്രീദിയും ട്രെന്‍ഡിംഗായത് എങ്ങനെയെന്ന് നോക്കാം. നേരത്തെയും പലതവണ ദാവൂദ് ഇബ്രാഹിം മരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അപ്പോഴെല്ലാം ദാവൂദിനോട് അടുത്തവൃത്തങ്ങള്‍ അത് നിഷേധിച്ച് പ്രത്യക്ഷപ്പെടാറാണ് പതിവ്. ഇക്കുറിയും അതുതന്നെ സംഭവിച്ചു.

ശവപ്പെട്ടിയില്‍/മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്നയാളായാണ് അണ്ടര്‍ടേക്കറെ ഡബ്ല്യു.ഡബ്ല്യു.ഇയില്‍ അവതരിപ്പിക്കാറ്. കഥയുടെ ഭാഗമായി അണ്ടര്‍ ടേക്കര്‍ പലതവണ മരിച്ചിട്ടുണ്ട്. പിന്നീട് മറ്റൊരു ഷോയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും.

ക്രിക്കറ്റില്‍ നിന്നും പല തവണ വിരമിക്കുകയും തിരിച്ചുവരുകയും ചെയ്തിട്ടുള്ളതാരമാണ് അഫ്രീദി. മൂന്നിലേറെ തവണ അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടുണ്ട്. 2017ലാണ് അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അഫ്രീദി വിരമിച്ചത്. പിന്നീട് പാകിസ്താനുവേണ്ടി കളിച്ചില്ലെങ്കിലും ടി20 ലീഗുകളില്‍ കളി തുടരുന്നു. ഒരു വര്‍ഷത്തിന് ശേഷം ലോക ഇലവനും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടന്ന മത്സരത്തില്‍ അഫ്രീദി പങ്കെടുത്തു. ഈ മത്സരത്തിന് അന്താരാഷ്ട്ര മത്സര പദവി ഐ.സി.സി നല്‍കിയിരുന്നു.

മരിച്ചെന്നു കരുതിയ ദാവൂദിന്റെ തിരിച്ചുവരവ് വാര്‍ത്തകള്‍ക്ക് തിരിച്ചുവരവുകള്‍ ശീലമാക്കിയ അണ്ടര്‍ടേക്കറേയും അഫ്രീദിയേയും കൂടുതല്‍ പേരും ടാഗു ചെയ്തത് സ്വാഭാവികം. അങ്ങനെ ദാവൂദിന്റെ ചിലവില്‍ അഫ്രീദിയും അണ്ടര്‍ടേക്കറും ട്രെന്‍ഡിംഗായി മാറുകയായിരുന്നു.

TAGS :

Next Story