21 ദിവസമായി കോവിഡ് കേസുകളൊന്നുമില്ല; തായ്‌ലാന്‍ഡില്‍ കര്‍ഫ്യു അവസാനിപ്പിച്ചു
ചൈനക്ക് പുറത്ത് ആദ്യം കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ്തായ് ലാന്‍ഡ്.

21 ദിവസമായി കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ പശ്ചാതലത്തില്‍ തായ്‌ലാന്‍ഡില്‍ കര്‍ഫ്യു അവസാനിപ്പിച്ചു. ചൈനക്ക് പുറത്ത് ആദ്യം കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് തായ് ലാന്‍ഡ്. 70 മില്യണാണ് ഇവിടുത്തെ ജനസംഖ്യ. കര്‍ഫ്യൂ പിന്‍വലിച്ചതിന്റെ പശ്ചാതലത്തില്‍ റെസ്റ്റോറന്റുകളിലെ മദ്യവില്‍പ്പന പുനരാരംഭിക്കുകയും ചെയ്തു. തായ്ലാന്‍ഡില്‍ ആകെ 3,135 കേസുകളാണ് ഉണ്ടായിരുന്നത്. 58 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ ഘട്ടത്തില്‍ തന്നെ മാസ്‌ക് ധരിച്ചും, അതിര്‍ത്തികള്‍ അടച്ചും കൂടിച്ചേരലുകള്‍ ഒഴിവാക്കിയും ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പൂട്ടിട്ടുമൊക്കെയാണ് തായ്‌ലാന്‍ഡ് കോവിഡിനെ തോല്‍പിച്ചത്. തിങ്കളാഴ്ച കര്‍ഫ്യു പിന്‍വലിച്ചെങ്കിലും സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയിട്ടില്ല. 120ൽ താഴെ വിദ്യാർത്ഥികളുള്ള സ്കൂളുകൾ, എക്സിബിഷൻ ഹാളുകൾ, സംഗീത മേളകള്‍, ചലച്ചിത്ര നിർമ്മാണങ്ങൾ, കളിസ്ഥലങ്ങൾ, അമ്യൂസ്മെന്റ് പാർക്കുകൾ, കാണികളില്ലാത്ത കായിക മത്സരങ്ങൾ എന്നിവയാണ് തിങ്കളാഴ്ച വീണ്ടും തുറക്കാൻ അനുവദിച്ച മറ്റ് സ്ഥാപനങ്ങൾ.

അതേസമയം പബ്ബുകളും ബാറുകളും അടഞ്ഞുതന്നെ കിടക്കും. റെസ്റ്റോറന്റുകള്‍ രണ്ടാഴ്ച മുമ്പെ സാമൂഹിക അകലം പാലിച്ച് തുറന്നിരുന്നു. ഇവിടെ മദ്യം അനുവദിച്ചതാണ് പുതിയ ഉത്തരവ്. നേരത്തെ തുടര്‍ച്ചയായി 11 ദിവസം കോവിഡ് രോഗികള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ ന്യൂസിലാന്‍ഡും നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. കോവിഡിനെതിരെ തുടക്കം മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ന്യൂസിലന്റിന്റെ തീരുമാനം ഫലം കണ്ടുവെന്ന് പ്രധാനമന്ത്രി ജസിന്റ ആര്‍ഡേണ്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് 19നെ പൊരുതി തോല്‍പിക്കുന്ന ആദ്യ ലോകരാജ്യങ്ങളിലൊന്നായി ന്യൂസിലന്റ് മാറുമെന്ന പ്രതീക്ഷയും ജസിന്റ പ്രകടിപ്പിച്ചിരുന്നു.
Adjust Story Font
16

