Quantcast

പരസ്യബഹിഷ്കരണവുമായി ആഗോളകമ്പനികള്‍: ഫേസ്‍ബുക്കിന് നഷ്ടം നാലുലക്ഷം കോടിയിലധികം

വംശീയത പ്രോത്സാഹിപ്പിക്കുന്നതാണ് ഫേസ്‍ബുക്കിലെ പരസ്യങ്ങളെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു സുക്കര്‍ബര്‍ഗിന്‍റെ നിലപാട്.

MediaOne Logo

  • Published:

    28 Jun 2020 1:20 PM IST

പരസ്യബഹിഷ്കരണവുമായി ആഗോളകമ്പനികള്‍: ഫേസ്‍ബുക്കിന് നഷ്ടം നാലുലക്ഷം കോടിയിലധികം
X

ആഗോള കമ്പനികളുടെ പരസ്യ ബഹിഷ്കരണത്തെ തുടര്‍ന്ന് ഫേസ്‍ബുക്കിന് കോടികളുടെ നഷ്ടം. യുണീലിവര്‍, കൊക്കകോള തുടങ്ങിയ വമ്പന്‍മാര്‍ സമൂഹ മാധ്യമം വഴിയുള്ള പരസ്യം പിന്‍വലിച്ചതിനെ തുടര്‍ന്ന നാല് ലക്ഷം കോടിയിലധികം വരുമാന നഷ്ടം ഫേസ്‍ബുക്കിനുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ മാസത്തോടെ കൂടുതല്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ STOP HATE FOR PROFIT കാമ്പയിനിന്റെ ഭാഗമാകുമെന്നാണ് സൂചന.

ആന്റി ഡിഫമേഷന്‍, ലീഗ്, കളര്‍ ഓഫ് ചേഞ്ച്, തുടങ്ങിയ പൌരാവകാശ സംഘടനകളാണ് STOP HATE FOR PROFIT എന്ന ഹാഷ്‍ടാഗില്‍ വംശീയതക്കെതിരെ കഴിഞ്ഞ ആഴ്ച കാമ്പയിന്‍ ആരംഭിച്ചത്. കോര്‍പ്പറേറ്റ് വമ്പന്‍മാരില്‍ നിന്നും പരസ്യ ഏജന്‍സികളില്‍ നിന്നും അനുകൂല പ്രതികരണവും കാമ്പയിന് ലഭിച്ചു. കാമ്പയിനിന്റെ ഭാഗമായി യൂണിലിവര്‍, കൊക്കകോള തുടങ്ങിയ ആഗോള കമ്പനികള്‍ ഫേസ്‍ബുക്കില്‍ നിന്ന് പരസ്യങ്ങള്‍ പിന്‍വലിച്ച് തുടങ്ങി. ഇതോടെ ഏകദേശം 4.23 ലക്ഷം കോടി രൂപയുടെ നഷ്ടം ഫേസ്‍ബുക്കിനുണ്ടായെന്നാണ് കണക്ക്.

വരുമാന നഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിയുടെ പരസ്യനയങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് ഫേസ്‍ബുക്ക്. വംശീയതയും വെറുപ്പും പ്രചരിപ്പിക്കുന്ന തരത്തില്‍ ഉള്ളടക്കമുള്ള പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്താണ് തീരുമാനം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകളില്‍ പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയ ട്വിറ്റര്‍ നടപടി കൂടി പരിഗണിച്ചാണ് ഫേസ്‍ബുക്കിനെതിരെ നിശിത വിമര്‍ശനം ഉയരുന്നത്. വംശീയത പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ് ഫേസ്‍ബുക്കിലെ പരസ്യങ്ങളെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു ഫേസ്‍ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ നിലപാട്.

വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും കോര്‍പ്പറേറ്റ് കമ്പനികളുടെ നിലപാട് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

TAGS :

Next Story