തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം പള്ളിയായി തുറന്നുകൊടുക്കും
1985 ൽ ഇസ്‌താംബൂളിലെ ചരിത്രസ്മാരകങ്ങളോടൊപ്പം ഹാഗിയ സോഫിയയെ യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെടുത്തിയിരുന്നു.

തുർക്കി ഇസ്താംബൂളിലെ ഹാഗിയ സോഫിയ എന്ന ലോകപ്രശസ്ത മ്യൂസിയം പള്ളിയായി തുറന്നുകൊടുക്കുമെന്ന് പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.

വരുന്ന ജൂലൈ 24 മുതലാണ് മ്യൂസിയം പള്ളിയായി തുറന്നുകൊടുക്കുന്നത്. 1934ലെ മന്ത്രിസഭാ തീരുമാനമാണ് സ്റ്റേറ്റ് കൌണ്‍സില്‍ എതിരില്ലാതെ റദ്ദാക്കിയത്. ഹാഗിയ സോഫിയയും വസ്തുവകകളും പള്ളിയായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടങ്ങളുള്ള കെട്ടിടങ്ങളിൽ ഒന്നാണ് ഹാഗിയ സോഫിയ. ആറാം നൂറ്റാണ്ടിൽ (എ.ഡി 537 ) നിർമിച്ച ഈ കെട്ടിടം കോൺസ്റ്റാന്‍റിനോപ്പിളിലെ ബൈസാന്‍റിയൻ നിർമിതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഇത് നിർമിച്ചത്. ആദ്യ കാലത്ത് ഒരു ക്രിസ്ത്യന്‍ കത്തീഡ്രലായിരുന്ന ഹാഗിയ സോഫിയ(ചർച്ച് ഓഫ് ദ് ഹോളി വിസ്‌ഡം) 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്‍റിനോപ്പിൾ കീഴടക്കിയതോടെ പള്ളിയായി മാറുകയായിരുന്നു. പിൽക്കാലത്ത് ഈ കെട്ടിടം മ്യൂസിയമായി മാറ്റിയിരുന്നു. 1935 മുതല്‍ ഇത് മ്യൂസിയമായി നിലകൊള്ളുകയാണ്. 1985 ൽ ഇസ്‌താംബൂളിലെ ചരിത്രസ്മാരകങ്ങളോടൊപ്പം ഹാഗിയ സോഫിയയെ യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെടുത്തിയിരുന്നു.
പുതിയ തീരുമാനത്തിനെതിരെ ഗ്രീസും ക്രിസ്ത്യന്‍ വിഭാഗങ്ങളും രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16

