വിമാനത്തിനകത്ത് മാസ്ക് ധരിക്കാതെ യുവതി; പരിഭ്രാന്തരായി യാത്രക്കാര്‍: വീഡിയോ വൈറല്‍
മാസ്ക് ധരിക്കാന്‍ വിസമ്മതിച്ചതിനാല്‍ അവസാനം യുവതിയെ വിമാനത്തിൽ നിന്നും പുറത്താക്കുകയായിരുന്നു.

മാസ്ക് മാത്രമല്ല, പിപിഇ കിറ്റടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചാണ് കോവിഡ് കാലത്ത് ലോകത്ത് അങ്ങോളമിങ്ങോളമുള്ള വിമാനങ്ങളില്‍ ആളുകള്‍ യാത്ര ചെയ്യുന്നത്. വിമാനയാത്രക്കാര്‍ക്കുള്ള കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളിലൊന്നാണ് മാസ്ക് ധരിക്കുക. മാസ്ക് ധരിക്കാന്‍ കഴിയാത്തവര്‍ ഫെയ്സ് ഷീല്‍ഡ് ധരിക്കണമെന്നും കോവിഡ് പ്രോട്ടോക്കോളില്‍ പറയുന്നുണ്ട്. വീടിനുള്ളില്‍ മാസ്ക് ധരിക്കണമെന്നാണ് ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ആഹ്വാനം പോലും.
പക്ഷേ, മാസ്ക് ധരിക്കാതെ വിമാനയാത്രയ്ക്കായി വന്ന ഒരു യുവതിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. യാത്രയ്ക്കായി വിമാനത്തിനകത്തേക്ക് കയറി വന്ന യുവതി മാസ്ക് ധരിച്ചിരുന്നില്ല. ഇത് മറ്റ് യാത്രക്കാരെ പരിഭ്രാന്തരാക്കി. മാസ്ക് ധരിക്കാന്‍ വിസമ്മതിച്ചതിനാല്‍ അവസാനം യുവതിയെ വിമാനത്തിൽ നിന്നും പുറത്താക്കുകയായിരുന്നു.
വിമാനത്തില്‍ നിന്നു ദേഷ്യത്തോടെ പുറത്തിറങ്ങുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പോകുന്നതിനു മുമ്പ് തന്‍റെ സാധനങ്ങളെല്ലാം ഒരുമിച്ചുവയ്ക്കുന്നതിന്‍റെ തിരക്കിലാണവര്‍. അവര്‍ മാസ്ക് ധരിച്ചിട്ടില്ല. സുരക്ഷയ്ക്കുവേണ്ടി മറ്റൊരു മുഖാവരണവും ധരിച്ചിട്ടില്ല. ആര്‍ത്തുവിളിക്കുന്ന യാത്രക്കാര്‍ക്കിടയിലൂടെ ആരെയും ശ്രദ്ധിക്കാതെ നടന്നുപോകുകയാണ് അവര്‍. നിങ്ങള്‍ എങ്ങോട്ടെങ്കിലും പോകാമോ, ഞങ്ങള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താനുള്ളതാണ് എന്നു പറയുന്ന യാത്രക്കാരോട് ദേഷ്യത്തോടെ എന്തൊക്കെയോ പറഞ്ഞുകൊണ്ടാണ് യുവതി പുറത്തേക്കിറങ്ങുന്നത്.
തനിക്ക് ആരോഗ്യ പ്രശ്നമുണ്ടെന്നും അതുകൊണ്ടാണ് മാസ്ക് ധരിക്കാത്തതെന്നുമാണ് സ്ത്രീ പറയുന്നത്. മൂന്നു വലിയ ബാഗുമെടുത്ത് നടക്കുന്ന യുവതിയോട് മാസ്ക് ധരിക്കാന്‍ വിമാനത്താവള ജീവനക്കാര്‍ അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പലരും പലതവണ അപേക്ഷിച്ചിട്ടും യുവതി മാസ്ക് ധരിക്കാന്‍ തയാറായില്ല. അങ്ങനെയാണെങ്കില്‍ യാത്ര ചെയ്യാനാവില്ല എന്ന് തീരുമാനത്തെ തുടര്‍ന്ന് അവര്‍ വിമാനത്തില്‍നിന്ന് പുറത്തിറങ്ങുകയായിരുന്നു.
ജൂലൈ 19 ന് ഒഹിയോയില്‍ നിന്ന് നോര്‍ത്ത് കരോലിനയിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. പാസഞ്ചര്‍ ഷെയ്മിങ് എന്ന ഗ്രൂപ്പിലാണ് വീഡിയോ ആരോ ഷെയര്‍ ചെയ്യുകയായിരുന്നു.
ബസ് യാത്രകളില്‍ പോലും മാസ്ക് ധരിക്കാത്തവരെ കയറ്റേണ്ടതില്ലെന്നാണ് പല രാജ്യങ്ങളുടെയും തീരുമാനം. മാസങ്ങളായി മുഖാവരണം ധരിക്കുന്നതു നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമങ്ങള്‍ പല രാജ്യങ്ങളിലും പ്രാബല്യത്തിലുണ്ട്. എന്നാല്‍ ഇപ്പോഴും ചിലരെങ്കിലും നിര്‍ദേശവും നിയമവും കാര്യമായിട്ട് എടുത്തിട്ടില്ലെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകരും അതത് രാജ്യങ്ങളിലെ ഭരണാധികാരും പുറപ്പെടുവിക്കുന്ന കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് ദിവസവും ലക്ഷക്കണക്കിനു യാത്രക്കാര്‍ ദിവസേന വിമാന യാത്ര ചെയ്യുന്നത്. എന്തെങ്കിലും ശാരീരിക പ്രശ്നം കാരണം മാസ്ക് ധരിക്കാന്‍ പറ്റാത്ത രോഗികള്‍ വിമാനയാത്ര ചെയ്യുകയാണെങ്കില്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുവരെ നിയമങ്ങളുണ്ട്. അംഗീകൃത മാനദണ്ഡങ്ങള്‍ അനുസരിക്കാതെയും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയും ഇപ്പോഴും ചിലരെങ്കിലും യാത്ര ചെയ്യുന്നുണ്ട് എന്നതിന് ഉദാഹരണം കൂടിയാണ് അമേരിക്കന്‍ എയര്‍ലൈനില്‍ നടന്ന സംഭവം.
Adjust Story Font
16

