‘ക്രൈം മിനിസ്റ്റർ ഗോ ഹോം’; നെതന്യാഹുവിനെതെ പ്രതിഷേധം കനക്കുന്നു
കൊറോണക്കാലത്ത് ചില സാമ്പത്തിക പാക്കേജുകൾ രാജ്യത്ത് പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല

അഴിമതിയിൽ മുങ്ങിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം കനപ്പിച്ച് പ്രക്ഷോഭകാരികൾ. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ആയിരങ്ങൾ തടിച്ചുകൂടി ‘രാജിവെച്ച് പുറത്തുപോകൂ’എന്ന് ഉച്ചത്തിൽ മുദ്രാവാക്യം ഉയർത്തി. നെതന്യാഹുവിന്റെ വസതിക്കു മുന്നിൽ ശനിയാഴ്ച രാത്രി നടന്ന പ്രക്ഷോഭത്തിൽ 10,000ത്തോളം ആളുകൾ പങ്കെടുത്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ‘ക്രൈം മിനിസ്റ്റർ ഗോ ഹോം’ എന്നീ പ്ലക്കാർഡുകൾ ഏന്തിയായിരുന്നു പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രക്ഷോഭകാരികൾ നീങ്ങിയത്.
അഴിമതിയിലും കോവിഡ് പ്രതിരോധിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ മാർച്ച് ഭരണാധികാരികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. അഴിമതി കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന്റെ ജനപ്രീതി അടുത്ത കാലത്ത് ഇടിഞ്ഞിരുന്നു. സമ്പന്നരായ സുഹൃത്തുക്കളിൽ നിന്ന് പണംപറ്റി വഴിവിട്ട സഹായങ്ങൾ ചെയ്തെന്ന ആരോപണത്തെതുടർന്നാണ് അന്വേഷണം നടക്കുന്നത്. ഇതിനൊപ്പമാണ് ഇസ്രായേലിൽ കോവിഡ് രോഗികളുടെ വർധനവുണ്ടായത്.
കൊറോണക്കാലത്ത് ചില സാമ്പത്തിക പാക്കേജുകൾ രാജ്യത്ത് പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ലോക്ഡൗണിലുണ്ടായ പ്രതിസന്ധി മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പദ്ധതികൾ താഴെതട്ടിലേക്കെത്തുന്നില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. ഇടതുപക്ഷ വിമർശകർ, അരാജകവാദികൾ, ആരോഗ്യ ഭീകരവാദ പ്രവർത്തനം എന്നെല്ലാമാണ് പ്രതിഷേധ സമരക്കാരെ ഭരണകൂടം വിശേഷിപ്പിക്കുന്നത്. കോവിഡ് കാരണം എട്ടു ലക്ഷത്തോളം ആളുകൾക്ക് രാജ്യത്ത് ജോലി നഷ്ടമായെന്നാണ് കണക്ക്.
Adjust Story Font
16

