വുഹാനിൽ കോവിഡ് മുക്തരായ 100 ല്‍ 90 പേർക്കും ശ്വാസകോശത്തിന് തകരാര്‍; 10 പേരില്‍ ആന്‍റിബോഡി അപ്രത്യക്ഷമായി, ചിലർക്ക് വീണ്ടും കോവിഡ്
ഏപ്രിലില്‍ രോഗം ഭേദമായ നൂറുപേരില്‍ നടത്തിയ പഠനത്തില്‍ ആണ് 90 പേര്‍ക്കും ശ്വാസകോശത്തിന് തകരാറെന്ന് കണ്ടെത്തിയത്

ചൈനയിലെ വുഹാനില്‍ കോവിഡ് ഭേദമായവരില്‍ ഭൂരിപക്ഷം പേര്‍ക്കും ശ്വാസകോശത്തിന് തകരാറെന്ന് കണ്ടെത്തല്‍. ഏപ്രിലില്‍ രോഗം ഭേദമായ നൂറുപേരില്‍ നടത്തിയ പഠനത്തില്‍ ആണ് 90 പേര്‍ക്കും ആരോഗ്യപ്രശ്നം കണ്ടെത്തിയത്. ഷോങ്ഗാന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
ലോകത്തെയെങ്ങും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്ന, കോവിഡ് 19ന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്ന് വരുന്ന വാര്‍ത്തകള്‍ വീണ്ടും ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. വുഹാനിൽ കോവിഡ് മുക്തി നേടിയവരിൽ 90 ശതമാനം പേര്‍ക്കും ശ്വാസകോശ രോഗങ്ങൾ അലട്ടുന്നതായാണ് പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. ഇവരിൽ അഞ്ച് ശതമാനം പേർക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതായും പഠനത്തില്‍ തെളിഞ്ഞു. വീണ്ടും കോവിഡ് സ്ഥിരീകരിച്ചവര്‍ എല്ലാവരും വീണ്ടും ക്വാറന്‍റൈനിൽ കഴിയുകയാണെന്നും പഠനറിപ്പോര്‍ട്ടിലുണ്ട്. ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് ആണ് ഈ പഠന റിപ്പോർട്ട് പുറത്തുവിട്ടത്. നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ച് പിന്നീട് പൂര്‍ണമായും ഭേദമായ 100 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്.

100 കോവിഡ് മുക്തരിൽ 10 പേരിലും കൊറോണ വൈറസിനെതിരെ ശരീരം ഉൽപ്പാദിപ്പിച്ച ആന്‍റിബോഡി അപ്രത്യക്ഷമായിട്ടുണ്ട്. ഇവരിൽ അഞ്ചുപേരാണ് ഇമ്മ്യൂണോ ഗ്ലോബുലിൻ ടെസ്റ്റിൽ പോസിറ്റീവ് കാണിച്ചതിനെ തുടർന്ന് ക്വാറന്‍റീനിലായിരിക്കുന്നത്. ഇവരിൽ വൈറസ് തിരികെയെത്തിയതായാണ് കണക്കാക്കുന്നത്.
കോവിഡ് മുക്തി നേടിയവരെ ആറ് മിനിറ്റ് നടത്തുകയായിരുന്നു പരിശോധനയുടെ ആദ്യഘട്ടം. ആറ് മിനിറ്റിൽ ആരോഗ്യമുള്ള ഒരാൾക്ക് 500 മീറ്റർ നടക്കാൻ കഴിയുമ്പോൾ ഇവർക്ക് 400 മീറ്റർ മാത്രമേ നടക്കാൻ കഴിയുന്നുള്ളൂവെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഈ ആദ്യഘട്ട പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി വിദഗ്‍ദ സംഘം നിരീക്ഷിച്ച, കോവിഡ് ഭേദമായ 90 ശതമാനം പേര്‍ക്കും ശ്വാസകോശത്തിന് തകരാർ സംഭവിച്ചിട്ടുണ്ട്. ഇവരുടെ ശ്വാസകോശം പൂർണ ആരോഗ്യാവസ്ഥയിലേക്ക് ഇത്ര മാസങ്ങളായിട്ടും എത്തിയിട്ടില്ല. ശ്വാസകോശ വായുസഞ്ചാരവും ശ്വസനവായു കൈമാറ്റവും കൃത്യമായി നടക്കുന്നില്ലെന്നും ഗ്ലോബൽ ടൈംസിലെ റിപ്പോർട്ടിൽ പറയുന്നു.

പഠനത്തിന് വിധേയമായ ചിലരിൽ രോഗം മാറി മാസങ്ങളായിട്ടും വിഷാദവും നിരാശയും കാണപ്പെടുന്നുണ്ട്. പലരും വീടുകളിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്. വീട്ടുകാര്‍ പോലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ വിമുഖത കാട്ടുന്നതായി ഇവര്‍ മെഡിക്കൽ സംഘത്തോട് പറഞ്ഞു. രോഗമുക്തി നേടിയ പകുതിയോളം പേർക്ക് മാത്രമേ ജോലിയിൽ തിരികെ പ്രവേശിക്കാൻ സാധിച്ചിട്ടുള്ളൂ.
വുഹാൻ യൂനിവേഴ്സിറ്റിക്ക് കീഴിലെ യോങ്നാൻ ആശുപത്രി ഡയറക്ടർ സെങ് സിയോങ്ങിന്‍റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ വിദഗ്‍ദ മെഡിക്കല്‍ സംഘം കോവിഡ് മുക്തരായവരെ സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി വരുന്നുണ്ട്. രോഗമുക്തി നേടിയെങ്കിലും ആരും രോഗപ്രതിരോധ ശേഷിയില്‍ പഴയനില കൈവരിച്ചിട്ടില്ലെന്ന് മെഡിക്കല്‍ സംഘം പറയുന്നു. രോഗമുക്തരിൽ ചിലർക്ക് ആശുപത്രി വിട്ട ശേഷം മൂന്ന് മാസം വരെ ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിക്കേണ്ടിവന്നുവെന്നും പഠനറിപ്പോര്‍ട്ടിലുണ്ട്. പ്രധാനമായും 65 വയസിന് മുകളിലുള്ള കോവിഡ് മുക്തരെയാണ് നിരീക്ഷണത്തിന്‍റെ ഭാഗമാക്കിയത്. കോവിഡ് പ്രഭവകേന്ദ്രമെന്ന നിലയിൽ വുഹാനിലെ കോവിഡ് മുക്തി നേടിയവർക്കിടയിലെ പഠനത്തിന് പ്രാധാന്യമുണ്ട്.
Adjust Story Font
16

