വിവാദ പ്രവാചക കാർട്ടൂണുകൾ വീണ്ടും പ്രസിദ്ധീകരിച്ച് ഷാർലി എബ്ദോ
വാർത്തയെയും വ്യക്തികളെയും ആക്ഷേപ ഹാസ്യത്തില്‍ അവതരിപ്പിക്കുന്ന മാസിക മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന കാർട്ടൂണുകളും നൽകി വിവാദം സൃഷ്ടിച്ചിട്ടുണ്ട്

വിവാദമായ പ്രവാചക കാർട്ടൂണുകൾ വീണ്ടും പ്രസിദ്ധീകരിച്ച് ഫ്രാൻസിലെ കുപ്രസിദ്ധ ആക്ഷേപഹാസ്യ വാരികയായ ഷാർലി എബ്ദോ. 2015 ജനുവരി ഏഴിനു തങ്ങളുടെ ഓഫിസിനു നേരേ നടന്ന ആക്രമണത്തിന്റെ വിചാരണയ്ക്ക് മുന്നോടിയാണ് വിവാദ കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിച്ചതെന്നാണ് വാരിക അവകാശപ്പെടുന്നത്. ‘ഞങ്ങൾ ഒരിക്കലും മുട്ടുമടക്കില്ല, ഞങ്ങൾ ഒരിക്കലും വിട്ടുകൊടുക്കില്ല’ എന്ന് പേരിട്ട പതിപ്പിലാണ് കാര്‍ട്ടൂണുകള്‍.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കാർട്ടൂണിസ്റ്റായ കാബുവിന്റെ പ്രവാചകനെക്കുറിച്ചുള്ള കാർട്ടൂൺ ആണ് പ്രസിദ്ധീകരിച്ചത്. ആക്രമണത്തിനു ശേഷം പ്രവാചകനെക്കുറിച്ചുള്ള പുതിയ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കാൻ പലരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വ്യക്തമായ കാരണമില്ലാത്തതിനാലാണ് ചെയ്യാതിരുന്നത്. ഇപ്പോൾ അതിനുള്ള സമയമായെന്നും അവർ വ്യക്തമാക്കി.
വാർത്തയെയും വ്യക്തികളെയും ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന മാസിക മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന കാർട്ടൂണുകളും മറ്റും നൽകി പലതവണ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. അഞ്ച് വർഷം മുൻപു നടന്ന ആക്രമണത്തിൽ കാർട്ടൂണിസ്റ്റുകൾ ഉൾപ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്.
Adjust Story Font
16

