'അരിവാള്‍ ചുറ്റിക നക്ഷത്രം വിദ്വേഷത്തിന്‍റെ ചിഹ്നം, ഉപയോഗിക്കുന്നവരെ തടവിലാക്കണം' എഡ്വേര്‍ഡോ ബോള്‍സോനാരോ
അരിവാള്‍ ചുറ്റിക നക്ഷത്രത്തെ നാസികളുടെ സ്വാസ്തിക ചിഹ്നവുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു ബ്രസീലിയന്‍ പ്രസിഡന്‍റിന്‍റെ മകന്‍ പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിച്ചത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചിഹ്നമായ ‘അരിവാള്‍ ചുറ്റിക നക്ഷത്രം' വിദ്വേഷം പരത്തുന്ന അടയാളമാണെന്നും അവ നിർമിക്കുന്നവരെയും ഉപയോഗിക്കുന്നവരെയും തടവിലാക്കണെന്നും ആവശ്യപ്പെട്ട് ബ്രസീലിയന്‍ പാര്‍ലമെന്‍റില്‍ ബില്‍. അരിവാള്‍ ചുറ്റിക നക്ഷത്രത്തെ നാസികളുടെ സ്വാസ്തിക ചിഹ്നവുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു ബ്രസീലിയന്‍ പ്രസിഡന്‍റിന്‍റെ മകനും ബ്രസീലിയന്‍ കോണ്‍ഗ്രസ് അംഗവുമായ എഡ്വേര്‍ഡോ ബോള്‍സോനാരോ പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിച്ചത്.
നാസികളും പിന്നീട് കമ്മ്യൂണിസ്റ്റുകാരും പോളണ്ട് കയ്യേറിയതിനെക്കുറിച്ചുള്ള ഓര്‍മ പങ്കുവെച്ചു കൊണ്ടാണ് എഡ്വേര്‍ഡോ ബോള്‍സോനാരോ ഇതുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിച്ചത്. നാസികളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും പ്രവര്‍ത്തനഫലങ്ങളുടെ ഭാഗമായാണ് ഇവിടെ കൂട്ടത്തോടെയുള്ള വംശഹത്യകള്‍ നടന്നതെന്നും ഒരു വ്യക്തി കൊല്ലപ്പെടുന്നത് എങ്ങനെ കുറ്റകരമാകുന്നുവോ അതുപോലെ തന്നെ ഇവയെയും കുറ്റകൃത്യമായി തന്നെ കണക്കാക്കാമെന്നും എഡ്വേര്‍ഡോ ബോള്‍സോനാരോ പറഞ്ഞു. കമ്യൂണിസവുമായോ നാസിസവുമായോ ബന്ധപ്പെട്ട വ്യക്തികളുടെയോ സംഭവങ്ങളുടെയോ ആശയങ്ങളുടെയോ പേരിലുള്ള ഏതെങ്കിലും തെരുവുകൾ, സ്ക്വയറുകൾ, പൊതു കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ പേരുമാറ്റാനും ബില്ലില്‍ നിർദ്ദേശമുണ്ട്.
Adjust Story Font
16

