Quantcast

'അരിവാള്‍ ചുറ്റിക നക്ഷത്രം വിദ്വേഷ ചിഹ്നം'; വില്‍പ്പനയും നിര്‍മാണവും വിതരണവും നിരോധിക്കാന്‍ ബ്രസീല്‍ പാര്‍ലമെന്റില്‍ ബില്‍

ഒമ്പത് മുതല്‍ പതിഞ്ച് വര്‍ഷം വരെയാണ് ഇത്തരത്തില്‍ ചെയ്യുന്നവര്‍ക്കെതിരെയുള്ള നടപടിയായി ആവശ്യപ്പെടുന്നത്.

MediaOne Logo

  • Published:

    4 Sept 2020 1:06 PM IST

അരിവാള്‍ ചുറ്റിക നക്ഷത്രം വിദ്വേഷ ചിഹ്നം; വില്‍പ്പനയും നിര്‍മാണവും വിതരണവും നിരോധിക്കാന്‍ ബ്രസീല്‍ പാര്‍ലമെന്റില്‍ ബില്‍
X

അരിവാള്‍ ചുറ്റിക നക്ഷത്രം വിദ്വേഷ ചിഹ്നമാണെന്നും വില്‍പ്പനയും നിര്‍മാണവും വിതരണവും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ബ്രസീല്‍ പാര്‍ലമെന്റില്‍ ബില്‍. ബ്രസീല്‍ പ്രസിഡന്റിന്റെ മകന്‍ എഡ്വോര്‍ഡോ ബോള്‍സോനാരോയാണ് ഇത്തരമൊരു ആവശ്യവുമായി പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിച്ചത്. നാസിസവും കമ്മ്യൂണിസവും സമാനമാണെന്ന് വിലയിരുത്തികൊണ്ടാണ് ബില്‍ അവതരണം. അരിവാള്‍ ചുറ്റിക നക്ഷത്രം വില്‍പ്പന, നിര്‍മാണം, വിതരണം എന്നിവ നടത്തുന്നവരെ ജയിലിലടക്കാനാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്. ഒമ്പത് മുതല്‍ പതിഞ്ച് വര്‍ഷം വരെയാണ് ഇത്തരത്തില്‍ ചെയ്യുന്നവര്‍ക്കെതിരെയുള്ള നടപടിയായി ആവശ്യപ്പെടുന്നത്.

നാസികളും കമ്മ്യൂണിസ്റ്റുകളും പോളണ്ട് അക്രമിച്ച് കീഴടക്കിയതിന്‍റെ ഓര്‍മ്മപുതുക്കിയാണ് ബോള്‍സോനാരോ ജൂനിയര്‍ ബില്‍ അവതരിപ്പിച്ചത്. 'നാസികളും കമ്മ്യൂണിസ്റ്റുകാരുമാണ് വംശഹത്യ നടത്തിയത്. ഒരു വ്യക്തി കൊല്ലപ്പെടുന്നത് എങ്ങനെ കുറ്റകരമാകുന്നോ അത് പോലെ തന്നെയാണ് ഈ ചിഹ്നങ്ങളും.'; അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നാസി, കമ്മ്യൂണിസ്റ്റ് നാമങ്ങള്‍ വരുന്ന പൊതു സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ മാറ്റാനും സംഭവങ്ങളുടേയും ആശയങ്ങളുടേയും പ്രചരണത്തിന് അത് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതും മാറ്റാന്‍ ബോള്‍സോനാരോ നിര്‍ദ്ദേശിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ടാണ് ബോള്‍സോനാരോ ബില്ലിലെ കാര്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. നേരത്തെ ബോള്‍സോനാരോ ജൂനിയര്‍ നടത്തിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന് ബ്രസീലും ചൈനയും തമ്മില്‍ നയതന്ത്ര പ്രശ്‌നങ്ങളുണ്ടായിരുന്നു.

TAGS :

Next Story