''കാണുന്നവരെയെല്ലാം കൊന്നുകളയുക'' റോഹിങ്ക്യന്‍ കൂട്ടക്കൊലയെപറ്റി പട്ടാളക്കാരുടെ ഞെട്ടിക്കുന്ന കുറ്റസമ്മതം
''30 മുസ്‍ലിം റോഹിങ്ക്യകളെ കൂട്ടക്കൊല ചെയ്ത് കൂട്ടിയിട്ട് കത്തിക്കുന്നതില്‍ ഭാഗമായി''

റോഹിങ്ക്യന്‍ വംശഹത്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുന്നു. മ്യാന്‍മറിലെ രണ്ട് പട്ടാളക്കാര്‍ അവരുടെ ക്രൂരകൃത്യങ്ങള്‍ ഏകസ്വരത്തില്‍ തുറന്നുപറഞ്ഞു. മ്യോ വിന്‍ ടുണ്‍, ഴോ നയിംങ് ടൂണ്‍ എന്നീ രണ്ട് പട്ടാളക്കാരാണ് അവരുടെ ക്രൂരകൃത്യം ലോകത്തോട് പറഞ്ഞിരിക്കുന്നത്.
കൊന്നുതള്ളിയതിന്റെയും മനുഷ്യജീവനുകള്‍ കൂട്ടിയിട്ട് കത്തിച്ചതിന്റെയും ഗ്രാമങ്ങള്‍ മുഴുവന്‍ തുടച്ചുനീക്കിയതിന്റെയും ക്രൂര ബലാല്‍സംഘത്തിന്റെയും ഹൃദയഭേദകമായ ചരിത്രം ഹിമവെട്ടാതെ തുറന്നുപറഞ്ഞിരിക്കുന്നു.
2017 ആഗസ്തില്‍ മ്യോ വിന്‍ ടുണിനോട് സീനിയര്‍ ഓഫീസര്‍ പറഞ്ഞു, ''നീ കാണുന്നവരെയും കേള്‍ക്കുന്നവരെയുമെല്ലാം വെടിവെച്ചിടുക''. താന്‍ അത് അനുസരിച്ചുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. 30 മുസ്‍ലിം റോഹിങ്ക്യകളെ കൂട്ടക്കൊല ചെയ്ത് കൂട്ടിയിട്ട് കത്തിക്കുന്നതില്‍ ഭാഗമായെന്ന് അദ്ദേഹം പറയുന്നു.

അതേസമയത്ത് തന്നെ, അടുത്ത പട്ടണത്തില്‍ ഴോ നയിംങ് ടൂണ്‍ ഇതേ രീതിയിലുള്ള അറിയിപ്പോടെ മുന്നോട്ട് നീങ്ങി, അദ്ദേഹത്തിന്റെ മുതിര്‍ന്ന ഓഫീസര്‍ അദ്ദേഹത്തോട് ആജ്ഞാപിച്ചു: ''കാണുന്നവരെയെല്ലാം കൊല്ലുക, മുതിര്‍ന്നവരോ കുട്ടികളോ ആണെങ്കില്‍ പോലും..''
''ഞങ്ങള്‍ 20ഓളം ഗ്രാമങ്ങള്‍ തുടച്ചുനീക്കി. മൃതദേഹങ്ങള്‍ കുഴിയില്‍ കൂട്ടിയിട്ടു'', ഴോ നയിംങ് ടൂണും പറയുന്നു.
റോഹിങ്ക്യന്‍ മുസ്‍ലിംകളെ മ്യാന്‍മര്‍ വംശഹത്യ ചെയ്യുകയാണെന്ന് യു.എന്‍ പറഞ്ഞതിന് ശേഷം മ്യാന്മറിന്‍റെ ഭാഗത്ത് നിന്നുള്ള ആദ്യത്തെ കുറ്റസമ്മതമാണിത്. മ്യാന്മര്‍ നേതാക്കളെല്ലാം യു.എന്നിന്‍റെ വാദങ്ങളെ നിഷേധിക്കുകയായിരുന്നു.

രണ്ട് ഉദ്യോഗസ്ഥരെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്ഥിതി ചെയ്യുന്ന ഹേഗിലേക് മാറ്റിയിട്ടുണ്ട്. ഇവര്‍ ഈ ക്രൂരകൃതം ചെയ്തിട്ടുണ്ടോയെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പരിശോധിക്കും.
ഇത് റോഹിങ്ക്യകളുടെയും അവരുടെ നീതിക്കായി തുടരുന്ന പോരാട്ടത്തിന്റെയും നിര്‍ണായക നിമിഷമാണെന്ന് ഫോര്‍ട്ടിഫൈ റൈറ്റ്‌സിന്റെ ചീഫ് ഓഫീസര്‍ മാത്യൂ സ്മിത്ത് പറഞ്ഞു.
ഈ രണ്ട് മനുഷ്യരുടെ ക്രൂരകൃത്യങ്ങളുടെ തുറന്നുപറച്ചില്‍ കനത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് സാക്ഷ്യംവഹിക്കുന്നു. ഏകദേശം 10 ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ഇപ്പോള്‍ ബംഗ്ലാദേശിനടുത്ത് ക്യാമ്പുകളിലാണ്.

2017ലാണ് റോഹിങ്ക്യന്‍ വംശഹത്യ നടക്കുന്നത്. മ്യാന്മറിന്റെ റോഹിങ്ക്യക്കെതിരായ നീണ്ട ക്യാംപയിനിന്റെ ഭാഗമായിരുന്നു ഇതും. 2017ലെ റോഹിങ്ക്യക്കെതിരായ കൂട്ടക്കൊല ആഗോള അടിസ്ഥാനത്തില്‍ അഭയാര്‍ഥികള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി.
ആഴ്ചകള്‍ക്കുള്ളില്‍ ഏഴ് ലക്ഷത്തിലധികം മനുഷ്യരെ അവരുടെ നാട്ടില്‍ നിന്നും തൂത്തെറിഞ്ഞു. മുതിര്‍ന്നവരുടെ തല അറുത്തു, യുവതികളെ ബലാല്‍സംഘം ചെയ്തു. അവരുടെ ശിരോവസ്ത്രം കൊണ്ട് കണ്ണുകെട്ടി ബലാല്‍സംഘം ചെയ്യുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവരും കണ്ടവരും പറയുന്നു.

2017 ആഗസ്ത് മുതല്‍ സെപ്തംബര്‍ വരെ 730 കുട്ടികളടക്കം 6,700ഓളം റോഹിങ്ക്യകളെ കൊന്നുകളഞ്ഞു. റോഹിങ്ക്യകളുടെ 200ഓളം വസ്തുവകകള്‍ ഉന്‍മൂലനം ചെയ്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
Adjust Story Font
16

