കോവിഡ് ബാധിച്ചത് ദൈവാനുഗ്രഹം: ട്രംപ്
ഈ മരുന്ന് അമേരിക്കക്കാര്‍ക്ക് സൌജന്യമായി ലഭ്യമാക്കുമെന്നും ഡോണള്‍ഡ് ട്രംപ് അറിയിച്ചു.

കോവിഡ് രോഗം ബാധിച്ചത് ദൈവാനുഗ്രഹമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണണ്‍ഡ് ട്രംപ്. പരീക്ഷണാടിസ്ഥാനത്തിനുള്ള മരുന്നുകള്‍ ഉപയോഗിച്ചായിരുന്നു ചികിത്സ. ഇത് എത്രമാത്രം ഫലപ്രദമാണെന്ന് സ്വയം മനസ്സിലാക്കാനായി. അതുകൊണ്ട് തന്നെ തനിക്ക് ഈ രോഗം ബാധിച്ചത് ദൈവത്തിന്‍റെ അനുഗ്രഹമായി കണക്കാക്കുന്നു. ഈ മരുന്ന് അമേരിക്കക്കാര്‍ക്ക് സൌജന്യമായി ലഭ്യമാക്കുമെന്നും ഡോണള്‍ഡ് ട്രംപ് അറിയിച്ചു.
റെജെനെറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വികസിപ്പിച്ച മരുന്നുകളാണ് ട്രംപ് ഉപയോഗിച്ചത്. എന്നാല്‍ കോവിഡ് മുക്തനായോ എന്ന കാര്യം ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ട്രംപ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷം മാസ്ക് ഇല്ലാതെ ജനങ്ങളെ കൈവീശി കാണിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം വൈറ്റ്ഹൌസിലെ ഓവല്‍ ഓഫീസില്‍ എത്തുകയും ചെയ്തു. സമ്പര്‍ക്കം ഒഴിവാക്കാനായി മറ്റൊരു വഴിയിലൂടെയാണ് ട്രംപ് റോസ് ഗാര്‍ഡനില്‍ നിന്ന് ഓവല്‍ ഓഫീസില്‍ എത്തിതെന്ന് വൈറ്റ്ഹൌസ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ നാല് ദിവസമായി ട്രംപിന് പനി ഇല്ലെന്നും 24 മണിക്കൂറായി മറ്റ് ലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ സീന്‍ കോണ്‍ലി പ്രസ്താവനയില്‍ അറിയിച്ചു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് തിരിച്ചെത്താനായി അക്ഷമനായി കാത്തിരിക്കുകയാണ് അദ്ദേഹം. ഒക്ടോബര്‍ 15നാണ് എതിരാളി ജോ ബൈഡനുമായുള്ള അടുത്ത സംവാദം. എന്നാല്‍ ട്രംപ് കോവിഡ് മുക്തനായാല്‍ മാത്രമേ താന്‍ സംവാദത്തിനുള്ളൂ എന്ന് ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്.
A MESSAGE FROM THE PRESIDENT! pic.twitter.com/uhLIcknAjT
— Donald J. Trump (@realDonaldTrump) October 7, 2020
മരുന്നുകള്‍ സൌജന്യമായി ലഭ്യമാക്കുമെന്ന പ്രഖ്യാപനവും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് ഡമോക്രാറ്റുകള്‍ ആരോപിക്കുന്നു. കോവിഡിനെ നിസ്സാരവല്‍ക്കരിച്ചുള്ള ട്രംപിന്‍റെ നിലപാടുകള്‍ ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. 2 ലക്ഷത്തിലധികം ആളുകള്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഇതിനകം മരിച്ചു. മാസ്ക് ഉപയോഗത്തിന് പോലും എതിരായിരുന്നു ട്രംപ്. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഭയന്നാണ് സൌജന്യ മരുന്ന് എന്ന പ്രഖ്യാപനം ഇപ്പോള്‍ ട്രംപ് നടത്തിയതെന്നാണ് ഉയരുന്ന വിമര്‍ശനം. റോയിട്ടേഴ്സിസിന്‍റെ സര്‍വെ പ്രകാരം 38 ശതമാനം ആളുകള്‍ മാത്രമാണ് ട്രംപിന്‍റെ കോവിഡ് കാല നടപടികളെ പിന്തുണക്കുന്നത്.
Adjust Story Font
16

