പ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് അന്തരിച്ചു
ലെബനന്‍ ആഭ്യന്തരയുദ്ധം, ഇറാനിലെ വിപ്ലവം, ഇറാന്‍- ഇറാഖ് യുദ്ധം, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശം എല്ലാം ലോകമറിയുന്നതില്‍ ഫിസ്‍കിന്‍റെ റിപ്പോര്‍ട്ടുകള്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.

പ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനും മിഡില്‍ ഈസ്റ്റ് റിപ്പോര്‍ട്ടുകളുടെ അതികായകനും ഗ്രന്ഥകാരനുമായ റോബര്‍ട്ട് ഫിസ്‌ക് അന്തരിച്ചു. 74 വയസ്സായിരുന്നു. വെള്ളിയാഴ്ചയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നത്. അയര്‍ലന്‍റിലെ ഡബ്‍ലിനിലെ സെന്‍റ് വിന്‍സെന്‍റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
1989 മുതല്‍ ദ ഇന്‍ഡിപെന്‍ഡന്‍റിന്‍റെ മിഡില്‍ ഈസ്റ്റ് കറസ്‌പോണ്ടന്‍റായിരുന്നു റോബര്‍ട്ട് ഫിസ്‌ക്. ഓര്‍വെല്‍ പ്രൈസ് അടക്കം അദ്ദേഹത്തിന്‍റെ മിഡില്‍ ഈസ്റ്റ് റിപ്പോര്‍ട്ടുകള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിരവധി തവണ ബ്രിട്ടീഷ് പ്രസ് അവാര്‍ഡിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്.

സണ്‍ഡേ എക്‌സ്പ്രസിലൂടെയാണ് ഫിസ്‌ക് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. പിന്നീട് ദ ടൈംസിലേക്ക് മാറി. 1976ല്‍ ബെയ്‌റൂട്ടിലേക്ക് മാറിയതിന് പിന്നാലെയാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്ന മിഡില്‍ ഈസ്റ്റ് കറസ്‌പോണ്ടന്‍റായി റോബര്‍ട്ട് ഫിസ്‌ക് തന്‍റെ കരിയര്‍ ജീവിതം ആരംഭിക്കുന്നത്. ലെബനന്‍ ആഭ്യന്തരയുദ്ധം, ഇറാനിലെ വിപ്ലവം, ഇറാന്‍- ഇറാഖ് യുദ്ധം, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശം എല്ലാം ലോകമറിയുന്നതില്‍ ഫിസ്‍കിന്‍റെ റിപ്പോര്‍ട്ടുകള്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.

1989ലാണ് അദ്ദേഹം ഇന്‍ഡിപെന്‍ഡന്‍റിന്‍റെ ഭാഗമാകുന്നത്. കുവൈത്തില്‍ സദ്ദാം ഹുസൈന്‍ നടത്തിയ അധിനിവേശത്തെക്കുറിച്ചും, സിറിയയിലെ യുദ്ധത്തെക്കുറിച്ചും പഴയ യൂഗോസ്ലാവിയയിലെ ബോസ്നിയ - കൊസവോ യുദ്ധത്തെ കുറിച്ചും എല്ലാമുള്ള അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, മിഡില്‍ ഈസ്റ്റ് എന്നിവ പശ്ചാത്തലമാക്കി ചില പുസ്തകങ്ങളും അദ്ദേഹമെഴുതിയിട്ടുണ്ട്. അറബിക് ഭാഷയില്‍ പ്രാവീണ്യമുള്ള ഒരു പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകനായിരുന്നു ഫിസ്‌ക്. അല്‍-ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനുമായി 1990കളില്‍, മൂന്ന് തവണ ഫിസ്‌ക് അഭിമുഖം നടത്തിയിട്ടുണ്ട്.

അമേരിക്കയുടെ കടുത്ത വിമര്‍ശകനായിരുന്നു ഫിസ്‍ക്. അതുകൊണ്ടുതന്നെ ഒരു വിവാദനായകനും കൂടിയായിരുന്നു അദ്ദേഹം. ലോകത്തെ നടുക്കിയ സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തിന് ശേഷം, ആരാണ് അക്രമത്തിന് പിന്നിലെന്നും എന്താണ് അവരെ അതിന് പ്രേരിപ്പിച്ചതെന്നുമുള്ള ചോദ്യമുയര്‍ത്തിയുള്ള ഫിസ്‍കിന്‍റെ റിപ്പോര്‍ട്ടുകള്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
Adjust Story Font
16

