അധ്യാപകനെ ആകർഷിക്കാനായി അഭിനയിക്കുന്ന വിദ്യാർഥിയെ പോലെയാണ് രാഹുൽ: ഒബാമ
അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പുതിയ പുസ്തകത്തിലാണ് രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള പരാമർശം.

വിഷയങ്ങൾ പഠിക്കാൻ ശ്രമിക്കാതെ അധ്യാപകന്റെ മുന്നിൽ പഠിച്ചതായി അഭിനയിക്കാൻ ശ്രമിക്കുന്ന വിദ്യാർഥിയെ പോലെയാണ് രാഹുൽ ഗാന്ധിയെന്ന് ബരാക് ഒബാമ. അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പുതിയ പുസ്തകത്തിലാണ് രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള പരാമർശം.
രാഹുലിന് പുറമേ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. 'എ പ്രോമിസ്ഡ് ലാൻഡ്' എന്ന പുസ്തകത്തിലാണ് ഇന്ത്യയിലെ കോൺഗ്രസ് നേതാക്കളെ കുറിച്ച് ഒബാമ പരാമർശിച്ചിരിക്കുന്നത്.
ഒബാമയുടെ രാഷ്ട്രീയ ഓർമക്കുറിപ്പുകൾ നിറഞ്ഞ പുസ്തകം കൂടിയാണ് 'എ പ്രോമിസ്ഡ് ലാൻഡ്'. ഒബാമയുടെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തെ കുറിച്ച് പറയുന്നതിന് പുറമേ വൈറ്റ് ഹൗസിലെ എട്ട് വർഷം നീണ്ട ജീവിതത്തെ കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്
പാഠഭാഗങ്ങൾ വേണ്ടവിധം പഠിക്കാതെ അധ്യാപകന്റെ മുന്നിൽ അറിയാമെന്ന ഭാവത്തിൽ അഭിനയിക്കുന്ന വിദ്യാർഥിയുടെ മുഖഭാവമാണ് രാഹുൽ ഗാന്ധിക്കെന്നാണ് ഒബാമ വിലയിരുത്തുന്നത്. വിഷയങ്ങൾ പഠിക്കാൻ ശ്രമിക്കാത്ത, പരിഭ്രമവും സങ്കോചവുമുള്ള ആളാണ് രാഹുൽ ഗാന്ധിയെന്നും മതിപ്പുളവാക്കാൻ ആഗ്രഹമുണ്ടെങ്കിലും വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തിയാണ് രാഹുലെന്നും ഒബാമ വിശേഷിപ്പിക്കുന്നു.
ശാന്തനും സത്യസന്ധതയുള്ള മനുഷ്യനുമെന്നാണ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ഒബാമ വിശേഷിപ്പിക്കുന്നത്. ഒരു തരം നിർവികാരമായ ധാർമികമൂല്യങ്ങളുളള വ്യക്തി കൂടിയാണ് മൻമോഹൻ സിങ്ങെന്നും ഒബാമ അഭിപ്രായപ്പെടുന്നു.
പുതിയ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസി, മുൻ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ തുടങ്ങിയ ലോകനേതാക്കളെയും ഒബാമ തന്റെ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. നവംബർ 17ന് പുസ്തകം ആഗോളതലത്തിൽ പുറത്തിറക്കും.
Adjust Story Font
16

