അമേരിക്കന്‍ തെരഞ്ഞെടുപ്പ് തട്ടിപ്പ്; ട്രംപിന്റെ വാദത്തിന് തെളിവില്ല
ട്രംപിന്റെ നടപടികള്‍ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായഭിന്നതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതിനെക്കുറിച്ച് യാതൊരു തെളിവും ഇല്ലെന്ന് സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി (സി.ഐ.എസ്.എ) അറിയിച്ചു. വോട്ട് തിരിമറി നടത്തിയെന്ന ട്രംപിന്റെ വാദം തള്ളിയ അധികൃതര്‍ നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സുരക്ഷിത തെരഞ്ഞെടുപ്പായിരുന്നെന്നും പറഞ്ഞു.
28 സംസ്ഥാനങ്ങള്‍ തന്റെ 2.7 മില്യണ്‍ വോട്ടുകള്‍ മായ്ച്ചു കളഞ്ഞെന്ന് യാതൊരു തെളിവും കൂടാതെ ട്രംപ് അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായത്.
തനിക്ക് ലഭിച്ച 27 ലക്ഷം വോട്ട് ഒരു ഉപകരണം ഉപയോഗിച്ച് മായ്ച്ച് കളഞ്ഞെന്ന അടിസ്ഥാനരഹിതമായ ആരോപണം വീണ്ടും ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ട്രംപിനെ തള്ളി അധികൃതര്‍ രംഗത്തുവന്നത്.
ആളുകള്‍ അവരുടെ നിലപാട് വ്യക്താക്കിക്കഴിഞ്ഞു. ജോ ബൈഡന്‍ വിജയിച്ചു. ഒപ്പം കമല ഹാരിസ് അമേരിക്കയിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റാകുമെന്നും ഡെമോക്രാറ്റും പ്രതിനിധി സഭാ സ്പീക്കറുമായ നാന്‍സി പെലോസി പറഞ്ഞു.
എന്നാല്‍, ട്രംപിന്റെ നടപടികള്‍ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായഭിന്നതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ യു.എസ് കോണ്‍ഗ്രസ് അംഗങ്ങളായ ഇരുപതോളം റിപ്പബ്ലിക്കന്‍ നേതാക്കള്‍ ബൈഡന്‍ അഭിനന്ദനം അറിയിച്ചെന്നും സൂചനയുണ്ട്.
Adjust Story Font
16

