Quantcast

ഗസയുടെ ശബ്ദമായ മഹ ഹുസ്സൈനി; ഈ വർഷത്തെ മാർട്ടിൻ അഡ്‌ലെർ പ്രൈസ് നേടിയ മാധ്യമപ്രവർത്തക

ഉപരോധങ്ങളും അധിനിവേശവും നിറഞ്ഞുനിൽക്കുന്ന ജീവിതത്തിൽ മാധ്യമപ്രവർത്തനം മഹ ഹുസ്സൈനിക്ക് വെറുമൊരു തൊഴിലല്ല. മറിച്ച് വ്യവസ്ഥാപിതമായി അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ശബ്ദമായി മാറുകയാണ് അവർ.

MediaOne Logo

  • Published:

    30 Nov 2020 4:43 PM IST

ഗസയുടെ ശബ്ദമായ മഹ ഹുസ്സൈനി; ഈ വർഷത്തെ മാർട്ടിൻ അഡ്‌ലെർ പ്രൈസ് നേടിയ മാധ്യമപ്രവർത്തക
X

''സ്വതന്ത്രമായ നിലപാടുകളെ, ഫലസ്തീന്റെ ആത്മാവ് ചോരാതെ ആവിഷ്കരിക്കുന്ന മാധ്യമപ്രവർത്തക''. ഈ വർഷത്തെ മാർട്ടിൻ അഡ്‌ലെർ പ്രൈസ് നേടിയ മിഡിൽ ഈസ്റ്റ് ഐയ്യുടെ ഫ്രീലാൻസ് മാധ്യമപ്രവർത്തകയും, മനുഷ്യാവകാശ പ്രവർത്തകയുമായ മഹ ഹുസ്സൈനിയെ റോറി പെക്ക് ട്രസ്റ്റ് അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. ഫലസ്തീൻ ജനതയുടെ പോരാട്ട ചരിത്രങ്ങളും, രാഷ്ട്രീയ വിശകലനവും, സാംസ്കാരിക ഉള്ളടക്കങ്ങളും തേടി പോകുന്ന മഹ ഹുസ്സൈനി ഈജിപ്ത്തിലെ കെയ്‌റോയിലാണ് ജനിച്ചതെങ്കിലും, പിന്നീട് വളർന്നതും പഠിച്ചതുമെല്ലാം ഫലസ്തീനിലെ ഗസയിലാണ്. ഗസയിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഉന്നത പഠനം പൂർത്തിയാക്കിയ ഇവർ 2014ൽ ഫലസ്തീനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ റിപ്പോർട്ട് ചെയ്തുകൊണ്ടാണ് മാധ്യമപ്രവർത്തനത്തിലേക്ക് കടന്നു വന്നത്.

സംഘർഷാവസ്ഥ നിലനിൽക്കുന്ന ഒരു പ്രദേശത്ത് നിന്ന് സുപ്രധാനമായ വാർത്തകളെ റിപ്പോർട്ട് ചെയ്യുന്ന മഹ ഹുസ്സൈനിയുടെ അസാമാന്യ ധൈര്യവും ആത്മസമർപ്പണവുമാണ് ഈ അംഗീകാരത്തിലൂടെ പ്രശംസിക്കപ്പെടുന്നത് എന്നാണ് പ്രമുഖ ബിബിസി ജേർണലിസ്റ്റ് ക്ലൈവ് മൈരീ പറഞ്ഞത്. സംഘർഷ- അധിനിവേശ ഭൂമികളിലെ പത്രപ്രവർത്തനം എക്കാലവും സങ്കീർണ്ണതകൾ നിറഞ്ഞതാണ്. പ്രത്യേകിച്ച് ആണധികാര സാമൂഹികക്രമങ്ങളോട് കൂടി പൊരുതേണ്ടി വരുന്ന വനിതാ മാധ്യമപ്രവർത്തകർക്ക്. ഈ പ്രതിസന്ധികളോടൊക്കെ പോരാടിയും, പലതിനെയും തരണം ചെയ്തുമാണ് മഹ ഹുസ്സൈനിയെന്ന മാധ്യമപ്രവർത്തകയുടെയും വളർച്ച. ഭൂരിഭാഗവും ഉപരോധങ്ങളും അധിനിവേശവും നിറഞ്ഞുനിൽക്കുന്ന ജീവിതത്തിൽ മാധ്യമപ്രവർത്തനം മഹ ഹുസ്സൈനിക്ക് വെറുമൊരു തൊഴിലല്ല. മറിച്ച് വ്യവസ്ഥാപിതമായി അടിച്ചമർത്തപ്പെട്ട, പലപ്പോഴും ഇരുട്ടിലാകുന്ന ഒരു ജനതയുടെ ശബ്ദമായി മാറുകയാണ് അവർ.

2014 ൽ ഇസ്രായേൽ- ഗസക്കെതിരെ നടത്തിയ സൈനിക ആക്രമണ സന്ദർഭങ്ങളെ ഫലസ്തീനിൽ നിന്ന് പകർത്തി, വാർത്തകളാക്കി ലോകത്തിന് മുന്നിലേക്കെത്തിക്കുന്നതിലൂടെയാണ് മഹ ഹുസ്സൈനിയെന്ന മാധ്യമപ്രവർത്തകയെ ലോകം പരിചയപ്പെടുന്നത്. ഏകദേശം 200ഓളം ഫലസ്തീനികൾക്കും 60ഓളം ഇസ്രയേലികൾക്കും ജീവൻ നഷ്ടപ്പെട്ട ഈ ആക്രമണപരമ്പര ആഴ്ചകളോളം നീണ്ടു പോയിരുന്നു. ഇരകളെയും ദൃക്‌സാക്ഷികളെയും കണ്ട് നിജസ്ഥിതികൾ സ്ഥിരീകരിക്കാനായി പോയ തന്റെ ജീവന് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നു എന്ന് റോറി പെക്ക് ട്രസ്റ്റിന് നൽകിയ അഭിമുഖത്തിൽ മഹ ഹുസ്സൈനി പറയുന്നത് കാണാം. സംഘർഷാവസ്ഥകളെ പോലെത്തന്നെ മാധ്യമപ്രവർത്തന യാത്രയിൽ തരണം ചെയ്യേണ്ടി വന്ന മറ്റൊന്നാണ് യാഥാസ്ഥിതിക സാമൂഹിക ചുറ്റുപാടുകൾ ഉയർത്തുന്ന വെല്ലുവിളികളെന്നും അവർ അതെ അഭിമുഖത്തിൽ പറയുന്നുണ്ട്.

2018 ലാണ് മഹ ഹുസ്സൈനി ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ വാർത്ത സംരംഭമായ മിഡില് ഈസ്റ്റ് ഐയ്യുടെ ഭാഗമാകുന്നത്. പശ്ചിമേഷ്യൻരാജ്യങ്ങളെ ഒപ്പിയെടുക്കുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന ഈ ഓൺലൈൻ ന്യൂസ് ഔട്ലെറ്റിലൂടെ, കഴിഞ്ഞ മൂന്ന് വർഷമായി ഫലസ്തീൻ ജീവിത യാഥാർഥ്യങ്ങളെ കൃത്യമായി വരച്ചിടുന്നുണ്ട് ഈ മാധ്യമപ്രവർത്തക.തങ്ങളുടെ അസ്തിത്വവും നിലനിൽപ്പും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സാമ്രാജ്യത്വ- അധിനിവേശ ശക്തികളോടും, അതിന് കൂട്ടുനിൽക്കുന്ന ഒരു ലോക ക്രമത്തോടും ഒരു ജനത നടത്തുന്ന നീണ്ട പോരാട്ടചരിത്രമാണ് ഫലസ്തീന്റേത്. ആ പോരാട്ടങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ തലങ്ങളിലേക്ക് അന്താരാഷ്ട്ര സമൂഹത്തെ കൂട്ടിക്കൊണ്ടുപോവുകയാണ് മഹ ഹുസ്സൈനിയെന്ന മാധ്യമപ്രവർത്തക ചെയ്യുന്നത്. അധിനിവേശത്തിന്റെ അതിരുകൾക്കപ്പുറത്ത് ഫലസ്തീനികൾ കൂട്ടിത്തുന്നുന്ന ജീവിത്തിന്റെ സാംസ്കാരിക ഉള്ളടക്കങ്ങളെ പിക്ചർ സ്റ്റോറികളായി ഇവർ പുറംലോകത്തേക്ക് എത്തിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

''സംഘർഷ ഭൂമികളുടെ മാധ്യമപ്രവർത്തകനെന്ന്'' ലോകം അടയാളപ്പെടുത്തിയ പ്രശസ്ത സ്വീഡിഷ് കാമറമാനും ജേർണലിസ്റ്റുമായ മാർട്ടിൻ അഡ്‌ലെറുടെ സ്മരണയ്ക്ക് കഴിഞ്ഞ 2006 മുതൽ റോറി പെക്ക് ട്രസ്റ്റിന് കീഴിൽ മികച്ച ഫീൽഡ് ഫ്രീലാൻസർക്ക് നൽകിവരുന്ന പുരസ്കാരമാണ് മാർട്ടിൻ അഡ്‌ലെർ പ്രൈസ്. ഈ അംഗീകാരത്തിന് എന്തുകൊണ്ടും അർഹയാണ്, വർഷങ്ങളായി വലിയൊരു അധിനിവേശത്തിന്റെ ഇരകളായി ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ ശബ്ദമായി നിലകൊള്ളുന്ന മഹ ഹുസ്സൈനി.

TAGS :

Next Story