ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി
കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന ആദ്യത്തെ ലോക നേതാവാണ് ജസ്റ്റിൻ ട്രൂഡോ.

സമാധാനപരമായ പ്രക്ഷോഭങ്ങളോടൊപ്പം കാനഡ എന്നുമുണ്ടാകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയിലെ കർഷക പ്രക്ഷോഭകരെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന ആദ്യത്തെ ലോക നേതാവാണ് ജസ്റ്റിൻ ട്രൂഡോ.
"ഇന്ത്യയിൽ നിന്നും വരുന്ന കർഷക പ്രക്ഷോഭ വാർത്തകൾ ഞങ്ങളെയും ഉത്കണ്ഠയിലാക്കുന്നുണ്ട്. നിങ്ങളിൽ പലരുടെയും ജീവിതയാഥാർഥ്യങ്ങൾ അതാണെന്നറിയാം. ഞാനൊന്നോർമിപ്പിക്കട്ടെ, സമാധാനപരമായ ഏതൊരു പ്രക്ഷോഭത്തോടൊപ്പവും കാനഡ ഉണ്ടാകും". അദ്ദേഹം പറഞ്ഞു . പ്രക്ഷോഭകരോട് ഗവൺമെൻറ് സംസാരിക്കേണ്ടത് അനിവാര്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ഇത്തരം ആശങ്കകൾ അധികൃതരെ അറിയിക്കാനാണ് ഈ ഇടപെടലുകളിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരു നാനാക്കിന്റെ 551ആം ജനംദിനാഘോഷ പരിപാടിയോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ഇവെന്റിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ ശിവ് സേന നേതാവ് പ്രിയങ്ക ചതുർവേദിയടക്കമുള്ള നിരവധി പേർ കനേഡിയൻ പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ രംഗത്ത് വരികയുണ്ടായി. "താങ്കളുടെ ഉത്കണ്ഠ ഞങ്ങൾ മനസ്സിലാക്കുന്നു. പക്ഷെ ഇത് തീർത്തും ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്". പ്രിയങ്ക ചതുർവേദി ട്വിറ്ററിൽ കുറിച്ചു. മറ്റ് രാജ്യങ്ങൾ ഇടപെട്ട് അഭിപ്രായങ്ങൾ പറയുന്നതിന് ഇടവരുത്താതെ എത്രയും പെട്ടെന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കേന്ദ്രം മുന്നോട്ട് വെച്ച കാർഷിക പരിഷ്കരണ നിയമങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് കർഷകരാണ് ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിൽ ദിവസങ്ങളായി പ്രതിഷേധിക്കുന്നത്. കർഷകർ മുന്നോട്ട് വെച്ച ഉപാധികൾ കേന്ദ്രം അംഗീകരിക്കാൻ തയ്യാറായതിനെ തുടർന്ന് കേന്ദ്രത്തിന്റെ ചർച്ചയിൽ കർഷകർ പങ്കെടുക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം
Adjust Story Font
16

