ചോക്സിയെ കിട്ടാതെ സി.ബി.ഐ സംഘം ഡൊമിനിക്കയിൽനിന്ന് മടങ്ങി
ഡൊമിനിക്കയിലെ ആശുപത്രിയിലാണ് ചോക്സി ഇപ്പോഴും കഴിയുന്നത്

മെഹുൽ ചോക്സി കരീബിയൻ രാജ്യമായ ഡൊമിനികയിൽ പിടിയിലായതിന് പിന്നാലെ തിരികെ നാട്ടിലെത്തിക്കാൻ പുറപ്പെട്ട സംഘം വെറുംകൈയോടെ മടങ്ങി. 14,000 കോടിയുടെ വൻവായ്പ തട്ടിപ്പ് നടത്തി നാടുവിട്ട ഇന്ത്യൻ രത്നവ്യാപാരി ചോക്സിയെ തിരികെയെത്തിക്കാൻ എട്ടംഗ സി.ബി.ഐ സംഘം മേയ് 28നാണ് ഡൊമിനികയിലേക്ക് പുറപ്പെട്ടത്. ഡൊമിനിക്കയിലെ ആശുപത്രിയിലാണ് ചോക്സി ഇപ്പോഴും കഴിയുന്നത്.
ഡൊമിനിക്കയിലെ രണ്ടു കോടതികളിൽ നാടുകടത്തലുമായി ബന്ധപ്പെട്ട കേസ് പുരോഗമിക്കുന്നുണ്ട്. ഇവയിൽ വിധി വരുന്നതുവരെ ചോക്സിയെ വിട്ടുകിട്ടില്ല എന്നതിനാലാണ് സംഘം മടങ്ങിയത്. ആശുപത്രിയിലാണെങ്കിലും നടപടികൾ പൂർത്തിയാകുംവരെ ചോക്സി പൊലീസ് കസ്റ്റഡിയിൽ തുടരും. നിയമവിരുദ്ധമായി രാജ്യത്തെത്തിയ കേസിൽ കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു.
ആന്‍റിഗ്വയിൽ പൗരത്വം നേടി 2018ൽ ഇന്ത്യ വിട്ട ചോക്സി കഴിഞ്ഞ മാസാവസാനം വരെ അവിടെയാണ് കഴിഞ്ഞിരുന്നത്. മേയ് 23ന് ബോട്ടിലേറി ഡൊമിനിക്കയിലേക്ക് നാടുമാറിയതാണ് കേസിൽ വഴിത്തിരിവായത്. കാമുകിക്കൊപ്പം സുഖവാസത്തിനായിരുന്നു യാത്രയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ചോക്സിയെ തിരികെയെത്തിക്കാൻ നടപടികൾ വേഗത്തിലാക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.
Adjust Story Font
16

