Quantcast

"നാം ഒരുമിച്ചു വിജയിക്കും": കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്‌ക്കൊപ്പം ഫ്രാന്‍സ്, ഹിന്ദിയില്‍ കുറിപ്പുമായി ഇമ്മാനുവല്‍ മാക്രോണ്‍

കടൽ, വ്യോമ മാർഗങ്ങളിലൂടെ എത്രയും വേഗത്തിൽ ഇന്ത്യയ്ക്കായി സഹായമെത്തിക്കുമെന്നാണ് ഫ്രാന്‍സ് വ്യക്തമാക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-04-27 11:58:47.0

Published:

27 April 2021 11:48 AM GMT

നാം ഒരുമിച്ചു വിജയിക്കും: കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്‌ക്കൊപ്പം ഫ്രാന്‍സ്, ഹിന്ദിയില്‍ കുറിപ്പുമായി ഇമ്മാനുവല്‍ മാക്രോണ്‍
X

കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യയ്ക്ക് സമ്പൂര്‍ണ പിന്തുണയുമായി ഫ്രാൻസ്. ഇന്ത്യയ്ക്കുവേണ്ടി മെഡിക്കൽ ഉപകരണങ്ങൾ, വെന്‍റിലേറ്ററുകൾ, ലിക്വിഡ് ഓക്സിജൻ കണ്‍ടെയ്നറുകൾ, ഓക്സിജൻ ജനറേറ്ററുകൾ എന്നിവ അയക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇരു രാജ്യങ്ങളും ഒരുമിച്ചു നിന്ന് വിജയിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഹിന്ദിയിലായിരുന്നു മാക്രോണിന്‍റെ പോസ്റ്റ്.

ഇന്ത്യ അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ഫ്രാൻസും ഇന്ത്യയും എല്ലായ്‌പ്പോഴും ഐക്യത്തോടെ തുടരുന്നവരാണ്, ഇന്ത്യയെ സഹായിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെന്തും ചെയ്യും, ഇമ്മാനുവല്‍ മാക്രോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മെഡിക്കൽ ഉപകരണങ്ങൾ, വെന്‍റിലേറ്ററുകൾ എട്ട് ഓക്സിജന്‍ ജനറേറ്റര്‍ എന്നിവ ഫ്രാന്‍സ് ഇന്ത്യയിലേക്കയക്കും. 10 വർഷത്തേക്ക് ഈ ജനറേറ്ററുകൾ ഉപയോഗിച്ച് ഓക്സിജൻ ഉത്പാദിപ്പിക്കാം, ഫ്രഞ്ച് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ മന്ത്രാലയങ്ങളും വകുപ്പുകളും കഠിനമായി പ്രവർത്തിക്കുന്നുണ്ട്. ഫ്രഞ്ച് കമ്പനികളും ഇതിനായി ഒത്തുചേരുന്നുണ്ട്. നാം ഒരുമിച്ചു വിജയിക്കും- മാക്രോണ്‍ കുറിച്ചു. സഹായം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഫ്രഞ്ച് വിദേശകാര്യമന്ത്രാലയത്തിന് പ്രസിഡന്‍റ് ഇമാനുവൽ മാക്രോൺ ഞായറാഴ്ച നിർദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രാൻസ് ഇന്ത്യയ്ക്കുള്ള സഹായം പ്രഖ്യാപിച്ചത്.

കടൽ, വ്യോമ മാർഗങ്ങളിലൂടെ എത്രയും വേഗത്തിൽ ഇന്ത്യയ്ക്കായി സഹായമെത്തിക്കുമെന്നാണ് ഫ്രാന്‍സ് വ്യക്തമാക്കുന്നത്. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ പ്രതിദിനം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മൂന്നു ലക്ഷത്തിലധികം കേസുകളാണ്. 3.23 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 2,771 പേര്‍ മരിക്കുകയും ചെയ്തു. ഡല്‍ഹി ഉൾപ്പടെ രാജ്യത്തെ പല നഗരങ്ങളിലും ഇപ്പോഴും കടുത്ത ഓക്സിജൻ ക്ഷാമമാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നതാണ് ഫ്രാൻസിന്‍റെ പിന്തുണ.

TAGS :

Next Story