ആസ്ബെസ്റ്റോസ് ആളെക്കൊല്ലുമോ? നിരോധിക്കാനൊരുങ്ങി സൗദി അറേബ്യ
നിരീക്ഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചു

റിയാദ്: ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആസ്ബസ്റ്റോസിന്റെ ഉപയോഗം പൂർണമായും ഇല്ലാതാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി സൗദി അറേബ്യ പ്രത്യേക സമിതി രൂപീകരിച്ചു. റിയാദിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കെട്ടിട നിർമാണ മേഖലയിലും, വ്യവസായങ്ങളിലും വ്യാപകമായി ഉപയോഗിച്ചിരുന്ന ആസ്ബസ്റ്റോസ്, ലോകമെമ്പാടും പ്രതിവർഷം രണ്ട് ലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ശ്വാസകോശം, തൊണ്ട, അണ്ഡാശയം എന്നിവടങ്ങളിലെ ക്യാൻസറിന് ആസ്ബസ്റ്റോസ് കാരണമാകുന്നുണ്ടെന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പറയുന്നത്.
ജോലിസ്ഥലങ്ങളിൽ ഉണ്ടാകുന്ന ക്യാൻസർ മരണങ്ങളിൽ 70 ശതമാനവും ആസ്ബസ്റ്റോസ് മൂലമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അസ്ബസ്റ്റോസ് അടങ്ങിയ പഴയ കെട്ടിടങ്ങൾ പൊളിക്കുമ്പോഴും അറ്റകുറ്റപ്പണികൾ നടത്തുമ്പോഴുമാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുണ്ടാകുന്നത്. കെട്ടിട നിർമ്മാണ തൊഴിലാളികൾ, ഖനന തൊഴിലാളികൾ എന്നിവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
നിലവിൽ ലോകത്തെ 50 ലധികം രാജ്യങ്ങൾ ആസ്ബസ്റ്റോസ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ആസ്ബസ്റ്റോസിന് പകരം ബദൽ പദാർത്ഥങ്ങൾ നിർമ്മാണ മേഖലയിൽ ഉപയോഗിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. പഴയ കെട്ടിടങ്ങളിൽ നിലവിലുള്ള ആസ്ബസ്റ്റോസ് നീക്കം ചെയ്യുന്നതാണ് ഇനി നേരിടാനുള്ള പ്രധാന വെല്ലുവിളിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16

