Quantcast

വാര്‍ണറും പാണ്ഡെയും തിളങ്ങി; സണ്‍റൈസേഴ്സിനെതിരെ ചെന്നൈക്ക് 172 റണ്‍സ് വിജയലക്ഷ്യം.

ബെയര്‍സ്റ്റോയെ തുടക്കത്തില്‍ തന്നെ നഷ്ടമായ സണ്‍റൈസേഴ്സിന് വേണ്ടി 106 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് വാര്‍ണറും പാണ്ഡെയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-04-29 02:07:34.0

Published:

28 April 2021 3:58 PM GMT

വാര്‍ണറും പാണ്ഡെയും തിളങ്ങി; സണ്‍റൈസേഴ്സിനെതിരെ ചെന്നൈക്ക് 172 റണ്‍സ് വിജയലക്ഷ്യം.
X

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍കിങ്സിന് 172 റണ്‍സ് വിജയലക്ഷ്യം. മനീഷ് പാണ്ഡെയുടേയും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടേയും ഇന്നിങ്സാണ് സണ്‍റൈസേഴ്സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ജോണി ബെയര്‍സ്റ്റോയെ തുടക്കത്തില്‍ തന്നെ നഷ്ടമായ സണ്‍റൈസേഴ്സിന് വേണ്ടി 106 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് വാര്‍ണറും പാണ്ഡെയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. പതിവ് ശൈലിക്ക് വിപരീതമായി കുറഞ്ഞ സ്ട്രൈക്ക് റേറ്റിലാണ് വാര്‍ണര്‍ ബാറ്റ് വീശിയത്. അതുകൊണ്ട് തന്നെ അവസാന ഓവറുകളില്‍ മാത്രമാണ് സണ്‍റൈസേഴ്സിന് റണ്‍റേറ്റ് ഉയര്‍ത്തുവാന്‍ സാധിച്ചത്. കെയിന്‍ വില്യംസണും കേഥാര്‍ ജാധവും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 13 പന്തില്‍ നിന്ന് നേടിയ 37 റണ്‍സാണ് സണ്‍റൈസേഴ്സ്സ് ഇന്നിങ്സിന് അവസാന ഓവറുകളില്‍ ജീവന്‍ വെച്ചത്. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 171 റണ്‍സെടുത്തത്.

വാര്‍ണര്‍ 50 പന്തില്‍ നിന്നാണ് തന്‍റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്. വാര്‍ണര്‍ക്ക് മുമ്പ് അര്‍ദ്ധ ശതകം തികച്ച മനീഷ് പാണ്ഡെ 35 പന്തില്‍ നിന്നാണ് നേട്ടം കൈവരിച്ചത്. 83 പന്തില്‍ 106 റണ്‍സ് നേടിയ കൂട്ടുകെട്ട് വാര്‍ണറിന്‍റെ വിക്കറ്റ് വീണതോടെയാണ് പിരിഞ്ഞത്. 55 പന്തില്‍ 57 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. എന്‍ഗിഡിയ്ക്കായിരുന്നു വിക്കറ്റ്. അതേ ഓവറില്‍ തന്നെ മനീഷ് പാണ്ഡെയുടെ വിക്കറ്റും സണ്‍റൈസേഴ്സിന് നഷ്ടമായി. 45 പന്തില്‍ 61 റണ്‍സ് നേടിയ മനീഷിനെ മികച്ചൊരു ക്യാച്ചിലൂടെ ഫാഫ് ഡു പ്ലെസി ആണ് പുറത്താക്കിയത്. പിന്നീടെത്തിയ കെയിന്‍ വില്യംസണ്‍ താക്കൂര്‍ എറിഞ്ഞ 19ാം ഓവറില്‍ മൂന്ന് ഫോറും ഒരു സിക്സറുമടക്കം 20 റണ്‍സ് അടിച്ചുകൂട്ടി. കെയിന്‍ വില്യംസണ്‍ 10 പന്തില്‍ 26 റണ്‍സ് നേടി പുറത്താകാതെ നിന്നു. അവസാന ഓവറിലെ അവസാന രണ്ട് പന്തില്‍ ഫോറും സിക്സും നേടി കേഥാര്‍ ജാധവ് നാല് പന്തില്‍ 12 റണ്‍സും നേടി. ചെന്നൈക്കായി എന്‍ഗിഡി രണ്ട് വിക്കറ്റ് നേടി.

ഇതിനിടെ സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. ടി20 മത്സരങ്ങളില്‍ പതിനായിരം റണ്‍സെന്ന നാഴികക്കല്ലാണ് വാര്‍ണര്‍ പിന്നിട്ടത്. ഒപ്പം 200 ഐ.പി.എല്‍ സിക്സറുകളും ഐ.പി.എല്ലില്‍ 50 അര്‍ദ്ധ സെഞ്ച്വറികള്‍ തികക്കുന്ന ആദ്യ താരമെന്ന നേട്ടവും വാര്‍ണര്‍ സ്വന്തമാക്കി.148 മത്സരങ്ങളില്‍ നിന്നാണ് വാര്‍ണറിന്‍റെ നേട്ടം. ഐ.പി.എല്ലില്‍ നിന്ന് മാത്രമായി വാര്‍ണര്‍ 5445 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

TAGS :

Next Story