Quantcast

വല വിരിച്ച് വമ്പൻ ക്ലബ്ബുകൾ; വാസ്‌ക്വസിനെ പിടിച്ചു നിർത്തുക എളുപ്പമാകില്ല

ട്രാൻസ്ഫർ മാർക്കറ്റ് റിപ്പോർട്ട് പ്രകാരം 33.3 ദശലക്ഷമാണ് വാസ്‌ക്വിസിന്റെ വിപണി മൂല്യം

MediaOne Logo

Web Desk

  • Updated:

    2022-03-27 11:03:46.0

Published:

27 March 2022 11:02 AM GMT

വല വിരിച്ച് വമ്പൻ ക്ലബ്ബുകൾ; വാസ്‌ക്വസിനെ പിടിച്ചു നിർത്തുക എളുപ്പമാകില്ല
X

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻനിര സൂപ്പർ താരം അൽവാരോ വാസ്‌ക്വസിനെ പുതിയ സീസണിൽ നിലനിർത്തുക എളുപ്പമാകില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ മനംകവർന്ന പ്രകടനം പുറത്തെടുത്ത സ്പാനിഷ് സ്‌ട്രൈക്കറെ വമ്പൻ ക്ലബ്ബുകളാണ് നോട്ടമിട്ടിട്ടുള്ളത്. വിദേശ ഫുട്‌ബോൾ ക്ലബുകൾക്കും വാസ്‌ക്വസിൽ താത്പര്യമുണ്ട്.

കേരള ക്ലബിൽ തുടരണമെങ്കിൽ ഈ സീസണിൽ നൽകിയതിനേക്കാൾ കൂടുതൽ തുക താരത്തിന് നൽകേണ്ടി വരുമെന്നാണ് സൂചന. താരവുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഈ സീസണിൽ 20 മത്സരങ്ങൾ കളിച്ച വാസ്‌ക്വിസ് എട്ടു ഗോളുകൾ നേടിയിരുന്നു. ഗോളിനൊപ്പം താരത്തിന്റെ സ്‌കിൽസും ടെക്‌നിക്‌സും കാണികളുടെ ഹൃദയം കവർന്നിരുന്നു.

ട്രാൻസ്ഫർ മാർക്കറ്റ് റിപ്പോർട്ട് പ്രകാരം 33.3 ദശലക്ഷമാണ് വാസ്‌ക്വസിന്റെ വിപണി മൂല്യം. മെയ് 31നാണ് ബ്ലാസ്‌റ്റേഴ്‌സുമായുള്ള താരത്തിന്റെ കരാർ അവസാനിക്കുന്നത്. ഫ്രീ ട്രാൻസ്ഫറിൽ സ്പാനിഷ് ക്ലബായ റിയൽ സ്‌പോർട്ടിങ്ങിൽ നിന്നാണ് മുപ്പതുകാരൻ കേരളത്തിലെത്തിയത്. ഗെറ്റാഫെ, എസ്പാനിയോൾ, സ്വാൻസീ തുടങ്ങിയ വമ്പൻ ക്ലബുകൾക്ക് വേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്.



അതിനിടെ, കഴിഞ്ഞ സീസണിൽ ടീമിന്റെ കുന്തമുനകളായിരുന്ന അഡ്രിയൻ ലൂനയും മാർകോ ലസ്‌കോവിച്ചും ടീമുമായി ധാരണയിലെത്തിയിട്ടുണ്ട്. യുറഗ്വായ് താരമാണ് ലൂന. ലെസ്‌കോ ക്രൊയേഷ്യൻ ഡിഫൻഡറാണ്. മറ്റു വിദേശതാരങ്ങളായ പെരേര ഡയസും എനസ് സിപോവിച്ചും ടീമിൽ തുടരുമെന്നാണ് റിപ്പോർട്ട്. ഏഷ്യൻ ക്വാട്ടയിൽ ടീമിലെത്തിയ ഭൂട്ടാനീസ് താരം ചെഞ്ചോ ഗിൽഷന്റെ കരാർ കാലാവധി അവസാനിച്ചിട്ടുണ്ട്.


വമ്പൻ ലക്ഷ്യങ്ങൾ

അടുത്ത സീസണിൽ ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം ആരംഭിച്ചിട്ടുണ്ട്. വിഖ്യാത ഫുട്ബോൾ ജേണലിസ്റ്റ് മാർക്കസ് മെർഗൽഹോയാണ് ഇക്കാര്യം അറിയിച്ച് ട്വീറ്റ് ചെയ്തത്. കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ കളിക്കാരെ തെരയുന്നുണ്ടോ എന്ന ചോദ്യത്തിനാണ് മാർക്കസ് മറുപടി നൽകിയത്. 'തീർച്ചയായും വലിയ ടാർഗറ്റുകൾ' എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. സീസണിലെ എമർജിങ് പ്ലേയർ പുരസ്‌കാരം നേടിയ ബംഗളൂരു എഫ്‌സിയുടെ റോഷൻ സിങ്ങിനെ ടീം കണ്ടുവച്ചിട്ടുണ്ട്.

കോച്ച് ഇവാൻ വുകുമനോവിച്ച് തുടരുമെന്ന് മാർക്കസ് വ്യക്തമാക്കി. ടീമിലെ മൂന്നു കളിക്കാർ എന്തായാലും അടുത്ത സീസണിലും ഉണ്ടാകും. ഒരുപക്ഷേ, നാലു പേർ. ഇവാനും യുവാൻ ഫെറാണ്ടോയും മനോലോ മാർക്വസും മികച്ച വ്യക്തികൾ കൂടിയാണ്. അടുത്ത സീസണിൽ അവരിൽ മിക്കവരും ഉണ്ടാകുമെന്നത് ആഹ്ലാദകരമാണ്- മാർക്കസ് കൂട്ടിച്ചേർത്തു.

അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി ക്ലബ് ഡയറക്ടർ നിഖിൽ ഭരദ്വാജ് ആരാധകർക്കെഴുതിയ കത്തിൽ അറിയിച്ചു.



'കപ്പായിരുന്നു നമ്മുടെ ലക്ഷ്യം. എന്നാൽ മുടിനാരിഴയ്ക്ക് നമ്മൾ വീണു പോയി. ചരിത്രത്തിലേക്ക് രണ്ടു മിനിറ്റിന്റെ ദൂരമേ ഉണ്ടായിരുന്നുള്ളൂ. ഫറ്റോർഡയിൽ ഹൃദയഭേദകമായിരുന്നു കാര്യങ്ങൾ. എന്നാൽ അതെല്ലാം ഭൂതകാലമാണ്. നമ്മൾ ഉയിർത്തെഴുന്നേറ്റ് വീണ്ടും പോക്കു തുടങ്ങും. 2022-23 സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി നിങ്ങൾക്ക് ഉറപ്പു നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ടീം ജോലി തുടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ സൈക്കോ അഡ്മിനിൽ നിന്ന് വൈകാതെ കേൾക്കാം' - വി ഗോ എഗയ്ൻ എന്ന ഹാഷ്ടാഗോടെ നിഖിൽ കുറിച്ചു. നിഖിൽ ബ്രോ, യെല്ലോ ഫാൻ എന്നാണ് അദ്ദേഹം കത്തിൽ സ്വയം വിശേഷിപ്പിക്കുന്നത്.

2022 സീസണിൽ ഫൈനലിൽ ഹൈദരാബാദ് എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ഷൂട്ടൗട്ടിലായിരുന്നു ഹൈദരാബാദിന്റെ ജയം. ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിന്റെ കലാശപ്പോരിൽ വീണുപോകുന്നത്. ആദ്യ സീസണായ 2014ലും 2016ലും എടികെയ്ക്ക് മുമ്പിലാണ് ബ്ലാസ്റ്റേഴ്‌സ് അടിയറവു പറഞ്ഞത്. 2016 ലും ഷൂട്ടൗട്ടിന്റെ നിർഭാഗ്യത്തിലാണ് കേരള ടീം തോറ്റത്.

TAGS :

Next Story