Quantcast

സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു; റാഞ്ചുന്നത് ചെന്നൈയിൻ എഫ്‌സി

ബ്ലാസ്‌റ്റേഴ്‌സിനായി കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ ബൂട്ടു കെട്ടിയിട്ടുണ്ട് ഈ 22കാരൻ

MediaOne Logo

Web Desk

  • Published:

    24 May 2022 7:05 AM GMT

സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു; റാഞ്ചുന്നത് ചെന്നൈയിൻ എഫ്‌സി
X

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ സൂപ്പർ താരം വിൻസി ബരറ്റോ ടീം വിടുന്നു. അയൽക്കാരായ ചെന്നൈയിൻ എഫ്‌സിയാണ് ബരറ്റോയെ സ്വന്തമാക്കുന്നതെന്ന് കായിക മാധ്യമമായ ഖേൽ നൗ റിപ്പോർട്ടു ചെയ്തു. ഈയിടെ അവസാനിച്ച റിലയൻസ് ഫൗണ്ടേഷൻ ഡവലപ്‌മെന്റ് ലീഗിൽ ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനായി താരം ബൂട്ടു കെട്ടിയിരുന്നു. ഏഴു കളികളിൽനിന്ന് മൂന്നു ഗോളാണ് ബരറ്റോ നേടിയിരുന്നത്.

ബ്ലാസ്‌റ്റേഴ്‌സിനായി കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ ബൂട്ടു കെട്ടിയിട്ടുണ്ട് ഈ 22കാരൻ. എന്നാല്‍ മിക്ക മത്സരങ്ങളിലും പകരക്കാരന്റെ റോളിലാണ് താരം മൈതാനത്തെത്തിയത്. ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം എഫ്‌സിയിൽ നിന്നാണ് ബരറ്റോയെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നത്. ട്രാന്‍സ്ഫര്‍ ഫീ മുടക്കിയാണ് ചെന്നൈയിന്‍ താരത്തെ സ്വന്തം നിരയിലെത്തിക്കുന്നത്. ഫീ എത്ര എന്നതില്‍ വ്യക്തതയില്ല.

വിന്‍സി ബരറ്റോ

ഐഎസ്എല്ലിൽ ബ്ലാസ്‌റ്റേഴ്‌സിനായി ഗോവയ്‌ക്കെതിരെയും ഹൈദരാബാദിനെതിരെയും അതിവേഗ വിങ്ങർ നേടിയ ഗോളുകൾ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു ഹൈദരാബാദിനെതിരെയുള്ളത്.

ഡെംപോ എഫ്‌സിയുടെ യൂത്ത് ടീമിലൂടെ കരിയർ തുടങ്ങിയ വിൻസി ബരറ്റോ, 2017 മുതൽ 2020 വരെ എഫ് സി ഗോവയുടെ റിസർവ്വ് ടീമിലംഗമായിരുന്നു. 2020 ൽ ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ് സി താരത്തെ റാഞ്ചി. 2020-21 സീസണിൽ ഗോകുലത്തിനായി 13 മത്സരങ്ങളിൽ കളിച്ച വിൻസി, അവർക്കൊപ്പം ആ സീസണിലെ ഐ ലീഗ് കിരീടത്തിലും മുത്തമിട്ടു. ആ സീസണ് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിലേക്കുള്ള വരവ്. എന്നാൽ കഴിഞ്ഞ സീസണിൽ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ പദ്ധതികളിൽ താരത്തിന് കാര്യമായ റോളുണ്ടായിരുന്നില്ല.

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് ചെന്നൈയിൻ എഫ്‌സി. ടീമിന്റെ പുതിയ കോച്ചിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഈസ്റ്റ് ബംഗാളിൽ നിന്ന് മിഡ്ഫീൽഡർ സൗരവ് ദാസിനെയും എഫ്‌സി ഗോവയിൽനിന്ന് റൊമാരിയോ ജെസുരാജിനെയും ഈയിടെ ടീം സ്വന്തമാക്കിയിരുന്നു.

TAGS :

Next Story