Quantcast

ഭൂട്ടാൻ ദേശീയ ടീം ക്യാപ്റ്റൻ കേരള ബ്ലാസ്റ്റേഴ്‌സിൽ

ഭൂട്ടാനു വേണ്ടി അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരമാണ് ചെൻചോ

MediaOne Logo

Sports Desk

  • Published:

    31 Aug 2021 1:42 PM GMT

ഭൂട്ടാൻ ദേശീയ ടീം ക്യാപ്റ്റൻ കേരള ബ്ലാസ്റ്റേഴ്‌സിൽ
X

കൊച്ചി: ഭൂട്ടാൻ ദേശീയ ഫുട്‌ബോൾ ടീം നായകൻ ചെൻചോ ഗിൽഷാൻ കേരള ബ്ലാസ്‌റ്റേഴ്‌സിൽ. ഐ ലീഗ് ടീമായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്‌സിയിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ഏഷ്യൻ ക്വാട്ടയിലാണ് താരത്തെ ക്ലബ് ടീമിലെത്തിച്ചത്.

ഭൂട്ടാനു വേണ്ടി അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരമാണ് ചെൻചോ. ഭൂട്ടാന്റെ റൊണാൾഡോ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ബംഗളൂരു എഫ്‌സിക്ക് വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ 37 കളികളിൽ നിന്ന് പത്തു ഗോളാണ് താരം നേടിയിട്ടുള്ളത്.

ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും ഒടുവിലത്തെ വിദേശ സൈനിങ്ങാണിത്. നേരത്തെ, സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ വാസ്‌ക്വിസ്, അർജന്റീനൻ സ്‌ട്രൈക്കർ ജോർജ് പെരേര ഡയസ്, ഓസീസ് താരം അഡ്രിയാൻ ലൂന, ബോസ്‌നിയൻ ഡിഫൻഡർ എനസ് സിപോവിച്ച് എന്നീ വിദേശ താരങ്ങളെയാണ് ക്ലബ് സ്വന്തം നിരയിലെത്തിച്ചിരുന്നത്.

ട്രാൻസ്ഫർ ജാലകം അവസാനിക്കാനിരിക്കെ, മികച്ച സൈനിങ്ങുകളാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് അൽവാരോ വാസ്‌ക്വിസുമായുള്ള കരാറാണ്. സ്പാനിഷ് ലീഗിൽ വിവിധ ക്ലബുകൾക്കായി 150ലധികം മത്സരങ്ങളിലും പ്രീമിയർ ലീഗിൽ 12 മത്സരങ്ങളിലും മുപ്പതുകാരൻ ബൂട്ടുകെട്ടിയിട്ടുണ്ട്. 2022 മെയ് 31 വരെയാണ് കരാർ.

കഴിഞ്ഞ സീസണിലെ തിരിച്ചടികൾക്ക് ഈ എഡിഷനിൽ പകരം ചോദിക്കാമെന്ന കണക്കുകൂട്ടലിലാണ് ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ നാലു സീസണുകളിൽ യഥാക്രമം 6,9,7,10 സ്ഥാനങ്ങളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥാനം.

TAGS :

Next Story