Quantcast

ചരിത്രം ഒപ്പമില്ല; ചെന്നൈയിനെ വീഴ്ത്താൻ ബ്ലാസ്റ്റേഴ്‌സിനാകുമോ?

ലീഗിൽ ഏറ്റവും കടുകട്ടിയുള്ള പ്രതിരോധമാണ് ചെന്നൈയിന്റേത്. ആകെ അവർ വഴങ്ങിയത് നാലു ഗോൾ മാത്രം.

MediaOne Logo

Web Desk

  • Published:

    22 Dec 2021 12:10 PM GMT

ചരിത്രം ഒപ്പമില്ല; ചെന്നൈയിനെ വീഴ്ത്താൻ ബ്ലാസ്റ്റേഴ്‌സിനാകുമോ?
X

'പ്രീ സീസണിൽ എതിരാളികളുമായി (ചെന്നെയിൻ) ഞങ്ങൾ മത്സരിച്ചിരുന്നു. കോച്ചുമാരെന്ന നിലയിൽ ഞങ്ങൾക്ക് ഒരുപാട് കാലമായി പരസ്പരം അറിയാം. അത്ഭുതങ്ങളൊന്നുമുണ്ടാകില്ല. കളി ജയിക്കാൻ ചില കാര്യങ്ങൾ ചെയ്യാനുണ്ട്' - ചെന്നെയിൻ എഫ്‌സിക്കെതിരെയുള്ള കളിക്ക് മുമ്പ് നടത്തിയ ഓണ്‍ലൈന്‍ വാർത്താ സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്ച് പറഞ്ഞ വാക്കുകളിൽ എല്ലാമുണ്ട്- ചെന്നെയിനെ കരുതിയിരിക്കണം. അവർക്ക് ചില ദൗർബല്യങ്ങളേയുള്ളൂ. അതു മുതലാക്കണം. കോച്ച് പഠിപ്പിച്ച കാര്യങ്ങൾ കളത്തിൽ നടപ്പാക്കിയാൽ ഇന്നും കൊമ്പന്മാർക്ക് കളത്തിൽ നിന്നു ചിരിച്ചു തന്നെ തിരിച്ചു കയറാം. അതിനുള്ള ശേഷി ഈ ടീമിനുണ്ട് എന്നതാണ് ആരാധകരെ ഏറെ ആഹ്ളാദിപ്പിക്കുന്നത്.

പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്താണ് ബ്ലാസ്‌റ്റേഴ്‌സ് സതേൺ ഡർബിക്കിറങ്ങുന്നത്. മുംബൈയുടെ ആക്രമണ വീര്യത്തെ തടഞ്ഞു നിർത്തിയ ബ്ലാസ്‌റ്റേഴ്‌സിന് പക്ഷേ, ഇത്തവണ പിടിപ്പതു പണി എതിർ പ്രതിരോധത്തിലാകും. ലീഗിൽ ഏറ്റവും കടുകട്ടിയുള്ള പ്രതിരോധമാണ് ചെന്നൈയിന്റേത്. ആകെ അവർ വഴങ്ങിയത് നാലു ഗോൾ മാത്രം. അതു കൊണ്ടു പ്രതിരോധപ്പൂട്ടു തുറക്കാൻ അൽവാരോ വാസ്‌കെസിനും പെരേരയ്ക്കും സഹലിനും ഏറെ വിയർപ്പൊഴുക്കേണ്ടി വരും.

മറുഭാഗത്ത് ഒഡിഷ എഫ്‌സിയെ തോൽപ്പിച്ചാണ് ചെന്നൈയിന്റെ വരവ്. മിർലാൻ മുർസയേവും ചാങ്‌തെയും ജർമൻ പ്രീത് സിങ്ങും ഥാപ്പയും നയിക്കുന്ന മുന്നേറ്റങ്ങൾ ലെസ്‌കോവിച്ചിനും സഹതാരങ്ങൾക്കും വെല്ലുവിളിയാകും. എങ്കിലും ഇഗോർ അംഗുലോയെ തടഞ്ഞു നിർത്തിയതിന്റെ ആത്മവിശ്വാസം ബ്ലാസ്‌റ്റേഴ്‌സിന് കൈമുതലാകും. കഴിഞ്ഞ കളിയിൽ 22 ഇന്റർസെപ്ഷൻസാണ് ഫൈനൽ തേഡിൽ കേരള പ്രതിരോധം നടത്തിയത്. ടാർഗറ്റിലേക്ക് മൂന്നു തവണ ഷോട്ടുതിർക്കാൻ മാത്രമേ മുംബൈക്കായുള്ളൂ. എനസ് സിപോവിച്ച് പരിക്കേറ്റ് പുറത്തു നിൽക്കുന്ന പശ്ചാത്തലത്തിൽ ലെസ്‌കോവിച്ചിനൊപ്പം ഖബ്രയും ജസലും ഹോർമിപാമും തന്നെയാകും പ്രതിരോധത്തിൽ.



ആക്രമണത്തിനും പ്രതിരോധത്തിനുമിടയിൽ ജീക്‌സൺ-പ്യൂട്ടിയ സഖ്യം മികച്ച ഫോമിലാണ്. ഗെയിം കില്ലിങ്ങിനൊപ്പം ക്രിയേറ്റീവ് നീക്കങ്ങൾക്കും ഇരുവരും ചുക്കാൻ പിടിക്കുന്നുണ്ട്. മുർസയേവിന്റെ ബോക്‌സിന് പുറത്തു നിന്നുള്ള ഷോട്ടുകൾ ഇന്ന് ഇല്ലാതാക്കേണ്ട ഉത്തരവാദിത്വവും ഇരുവർക്കുമുണ്ടാകും. മുംബൈക്കെതിരെ ഇറങ്ങിയതു പോലെ വലതു വിങ്ങിലായിരിക്കും സഹൽ. ഇടതുഭാഗത്ത് ലൂനയും. മുമ്പിൽ വാസ്‌കെസും പെരേരയും. നാലു പേരും മികച്ച ഫോമിലാണ്. എന്നാൽ ഫൈനൽ തേഡിൽ സ്‌പേസ് അനുവദിക്കുന്ന കളിശൈലിയല്ല ചെന്നൈയിന്റേത്. ഡ്രിബിൾ ചെയ്തു മുന്നേറി, ബോക്‌സിലേക്ക് സ്പ്‌ളിറ്റിങ് പാസുകൾ നിരന്തരം എത്തിയാൽ എതിർ ഗോൾ മുഖം ചലിക്കും. ഈ സീസണിൽ എതിർ കളിക്കാരനെ ഏറ്റവും കൂടുതൽ വിജയകരമായി ഡ്രിബിൾ ചെയ്ത ഇന്ത്യൻ താരം സഹലാണ്. 12 തവണ. കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി ഗോളടിക്കുന്ന മിഡ്ഫീൽഡറായി മാറിയിട്ടുണ്ട് ഇത്തവണ സഹൽ. താരം നേടിയ രണ്ടു ഗോളുകളും എണ്ണം പറഞ്ഞ വോളികൾ. ചെന്നൈയിനിന്റെ പ്രതിരോധപ്പൂട്ടു പൊട്ടിക്കാൻ സഹലിന്റെ ഡ്രിബിളിങ് മികവിനെ കോച്ച് ആശ്രയിക്കുമെന്ന് തീർച്ച.

സെറ്റ് പീസുകൾ ക്രിയേറ്റീവായി ഉപയോഗപ്പെടുത്തുക കൂടി വേണം. ടീം ഇതുവരെ ഫ്രീകിക്കിൽ നിന്നോ കോർണറിൽ നിന്നോ ഗോൾ നേടിയിട്ടില്ല. ഇന്ന് സൂപ്പർ ലീഗിന്റെ ചരിത്രവും ബ്ലാസ്റ്റേഴ്‌സിന് എതിരാണ് എന്നതാണ് കൗതുകകരം. സൂപ്പർ ലീഗിൽ ഇതുവരെ ഇരുടീമുകളും 16 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതിൽ മൂന്നെണ്ണത്തിൽ മത്രമാണ് ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാനായത്. ആറെണ്ണത്തിൽ ചെന്നൈ വിജയിച്ചപ്പോൾ ഏഴു മത്സരം സമനിലയിലായി. തിലക് മൈതാനത്ത് വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.

TAGS :

Next Story