എൽ.ഡി.എഫ് സ്ഥാനാർത്ഥി 'മരണപ്പെട്ടതായി' ജന്മഭൂമിയില്‍ വ്യാജ വാര്‍ത്ത; നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ
'ജന്മഭൂമി പത്രം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്‍റെ സവര്‍ണ ഫാസിസ്റ്റ് മുഖമാണ് ഈ വ്യാജവാര്‍ത്തയിലൂടെ വെളിപ്പെട്ടിരിക്കുന്നത്'

എൽ.ഡി.എഫ് നാട്ടിക മണ്ഡലം സ്ഥാനാർത്ഥി സി.പി.ഐയിലെ മുകുന്ദന്‍ മരണപ്പെട്ടതായി ജന്മഭൂമി പത്രത്തില്‍ വ്യാജ വാര്‍ത്ത. തൃശ്ശൂര്‍ നാട്ടിക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.സി മുകുന്ദനെയാണ് മരണപ്പെട്ടതായി ചരമപേജില്‍ ജന്മഭൂമി പ്രസിദ്ധീകരിച്ചത്. അതെ സമയം വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ തൃശ്ശൂര്‍ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ.കെ വത്സരാജ് പ്രതികരിച്ചു.
സി.സി മുകുന്ദന്‍റെ ചരമവാര്‍ത്ത ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ചത് മനുഷ്യത്വവിരുദ്ധവും അപമാനകരവുമാണെന്ന് കെ.കെ വത്സരാജ് പ്രസ്താവനയില്‍ പറഞ്ഞു. ജന്മഭൂമി പത്രം മാത്രം സഖാവ് മുകുന്ദന്‍റെ ബയോഡാറ്റ ചരമകോളത്തില്‍ പ്രസിദ്ധീകരിച്ചത് പാര്‍ട്ടിയെ മാത്രമല്ല, നാട്ടിക നിയോജക മണ്ഡലത്തിലെ ജനങ്ങളെയാകെ അപമാനിച്ചതിന് തുല്യമാണ്. നാട്ടികയില്‍ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പരാജയം മണത്ത ചില ആളുകള്‍ ബോധപൂര്‍വ്വം ചമച്ചതാണോ ഈ വാര്‍ത്തയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജന്മഭൂമി പത്രം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്‍റെ സവര്‍ണ ഫാസിസ്റ്റ് മുഖമാണ് ഈ വ്യാജവാര്‍ത്തയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഒരു നേതാവ് തെരഞ്ഞെടുക്കപ്പെടുന്നതിലുള്ള അസഹിഷ്ണുതയുടെ ഭാഗമായാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. വ്യാജവാര്‍ത്ത ചമച്ച ജന്മഭൂമി പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി പത്രത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെയും പൊലീസ്, മനുഷ്യാവകാശ കമ്മീഷന്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍, കേരള പത്ര പ്രവര്‍ത്തക യൂണിയന്‍, പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കുമെന്നും കെ.കെ വത്സരാജ് പറഞ്ഞു.
കര്‍ഷക തൊഴിലാളി യൂണിയന്‍റെ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സി.പി.ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവുമാണ് തൃശ്ശൂര്‍ നാട്ടിക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സി.സി മുകുന്ദന്‍.
Adjust Story Font
16

