അമേരിക്കയുടെ നാല്‍പ്പത്തിയാറാമത് പ്രസിഡന്‍റായി ജോ ബൈഡന്‍ സ്ഥാനമേറ്റു
ആദ്യത്തെ വനിതാ വൈസ് പ്രസിഡന്‍റായി കമല ഹാരിസ് അധികാരത്തിലേറിയത് പുതുചരിത്രമായി.

അമേരിക്കയുടെ 46ാമത് പ്രസിഡന്‍റായി ജോ ബൈഡൻ അധികാരമേറ്റു. ആദ്യത്തെ വനിതാ വൈസ് പ്രസിഡന്‍റായി കമല ഹാരിസ് അധികാരത്തിലേറിയത് പുതുചരിത്രമായി. ജനാധിപത്യത്തിന്‍റെ വിജയമാണിതെന്ന് പറഞ്ഞ ബൈഡൻ അമേരിക്കക്ക് പുതിയ ലോകം സാധ്യമാക്കാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. കനത്ത സുരക്ഷയിലായിരുന്നു ലോകം മുഴുവൻ ഉറ്റുനോക്കിയ സത്യപ്രതിജ്ഞാ ചടങ്ങുകൾ.
ട്രംപ് യുഗത്തിന് അന്ത്യം കുറിച്ച സമയം. അമേരിക്കയിലെ ജനാധിപത്യ വാദികളെല്ലാം കാത്തിരുന്ന നിമിഷം. 127 വർഷം പഴക്കമുള്ള ബൈബിളിൽ തൊട്ട് ജോ ബൈഡൻ അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കയുടെ പ്രസിഡന്‍റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈഡന്‍റെ പ്രായം.
അമേരിക്കയെ വിജയകരമായി മുന്നോട്ടു നയിക്കാൻ ഐക്യം എന്ന ഒരേയൊരു പാത മാത്രമേയുള്ളൂവെന്ന് ബൈഡൻ ആദ്യ പ്രസംഗത്തിൽ തന്നെ ഊന്നിപ്പറഞ്ഞു. അമേരിക്കയെ വീണ്ടും ലോകത്തെ വൻ ശക്തിയാക്കുമെന്നും ബൈഡൻ പറഞ്ഞു.
കമല ഹാരിസായിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഒരു വനിത, ഇന്ത്യൻ വംശജ, കറുത്തവർഗക്കാരി അമേരിക്കയുടെ വൈസ് പ്രസിഡന്‍റായ സന്ദര്‍ഭം. സ്ഥാനമൊഴിഞ്ഞ ഡോണൾഡ് ട്രംപ് അധികാരക്കൈമാറ്റത്തിന് എത്തിയില്ല എന്നതും ചരിത്രം. സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾക്ക് മുമ്പേ ട്രംപ് ഫ്ളോറിഡയിലേക്ക് പറന്നു. വൈസ് പ്രസിഡന്‍റ് മൈക് പെൻസ് ചടങ്ങിനെത്തിയിരുന്നു. മുൻപ്രസിഡന്‍റുമാരായ ജോർജ് ഡബ്യൂ ബുഷ്, ബറാക് ഒബാമ എന്നിവരും ചടങ്ങിനെത്തി. ലേഡി ഗാഗയുടെയും ജെനിഫർ ലോപസിന്‍റെയും സാന്നിധ്യം ചടങ്ങിനെ സംഗീതസാന്ദ്രമാക്കി.
സത്യപ്രതിജ്ഞാ ചടങ്ങിനിടെ കലാപത്തിനുള്ള സാധ്യത എഫ്ബിഐ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പഴുതടച്ച സുരക്ഷാ സംവിധാനങ്ങളൊരുക്കിയതിനാൽ വിജയകരമായി ചടങ്ങ് പര്യവസാനിച്ചു.
Adjust Story Font
16

