തൃപ്പൂണിത്തുറയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ ബാബു മത്സരിക്കും
എ.ഐ.സി.സി നടത്തിയ സര്‍വേയില്‍ ഏറ്റവും കൂടുതല്‍ പിന്തുണ തനിക്കാണ് കണ്ടതെന്നും ഒരു വിധ സമ്മര്‍ദ്ദവും സ്ഥാനാര്‍ത്ഥിത്വത്തെ സ്വാധീനിച്ചില്ലെന്നും കെ ബാബു

തൃപ്പൂണിത്തുറയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ ബാബു മത്സരിക്കും. ഇന്നലെ രാത്രി 12 മണിയോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ഫോണ്‍ വിളിച്ചതായി കെ ബാബു പറഞ്ഞു. എ.ഐ.സി.സി നടത്തിയ സര്‍വേയില്‍ ഏറ്റവും കൂടുതല്‍ പിന്തുണ തനിക്കാണ് കണ്ടതെന്നും ഒരു വിധ സമ്മര്‍ദ്ദവും സ്ഥാനാര്‍ത്ഥിത്വത്തെ സ്വാധീനിച്ചില്ലെന്നും കെ ബാബു പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ശക്തമായ നിലപാട് പരിഗണിച്ച് വിജയസാധ്യത കൂടി കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥിത്വം നിശ്ചയിച്ചതെന്നും കെ ബാബു ചൂണ്ടിക്കാട്ടി. പ്രാദേശികമായി ഉയര്‍ന്ന തര്‍ക്കങ്ങള്‍ കോണ്‍ഗ്രസില്‍ മാത്രമല്ല സി.പി.എമ്മിലും ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം അവസാനിക്കുമെന്നും ബാബു പറഞ്ഞു. യുവാക്കള്‍ക്കു വനിതകള്‍ക്കും പാര്‍ട്ടി അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും ഓരോ മണ്ഡലത്തിലെയും സാഹചര്യമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്നും ബാബു വ്യക്തമാക്കി.
തനിക്കെതിരായ കേസുകളില്‍ തെളിവുകളില്ലായെന്ന് പറഞ്ഞ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇടതുപക്ഷം ക്രൂശിക്കുകയായിരുന്നുവെന്നും കെ ബാബു കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

