2016ൽ ഭൂരിപക്ഷം 36905, 2019ൽ 4099; പിണറായിക്കോട്ട വീഴുമോ?
പിണറായിക്കെതിരെ സുധാകരനിലും മികച്ചൊരു സ്ഥാനാർത്ഥിയില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്ത് വർക്കിങ് പ്രസിഡണ്ട് കെ സുധാകരനെ ഇറക്കാനുള്ള കോൺഗ്രസിന്റെ ശ്രമം ഊർജ്ജിതമായി തുടരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കരുത്തനെ തന്നെ ഇറക്കണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതോടെയാണ് ആലോചനകൾ സുധാകരനിലേക്ക് എത്തിയത്. പിണറായിക്കെതിരെ സുധാകരനിലും മികച്ചൊരു സ്ഥാനാർത്ഥിയില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.
നാലായിരത്തിലേക്കെത്തിയ ഭൂരിപക്ഷം
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ധർമടത്തെ സിപിഎമ്മിന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞിരുന്നു. ഈ കണക്കിലാണ് കോൺഗ്രസിന്റെ കണ്ണുകൾ. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിന് കീഴിൽ വരുന്നതാണ് ധർമടം. കെ സുധാകരൻ തന്നെയായിരുന്നു കോണ്‍ഗ്രസിന്‍റെ ലോക്സഭാ സ്ഥാനാര്‍ത്ഥി. സിപിഎമ്മിന്‍റെ പികെ ശ്രീമതിയെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് സുധാകരൻ തോല്പിച്ചിരുന്നത്.
പിണറായി വിജയന്‍
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയന് കിട്ടിയത് 36905 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. അതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 4099 വോട്ടിലേക്ക് ചുരുങ്ങിയത്. എന്നാൽ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 49180 വോട്ടുകളുടെ കൂറ്റൻ ലീഡാണ് ഇടതുമുന്നണിക്കുള്ളത്. മണ്ഡലത്തിന് കീഴിലുള്ള എട്ടു പഞ്ചായത്തിൽ ഏഴിലും എൽഡിഎഫ് ആണ് അധികാരത്തിൽ.
ഇടതിന്റെ കോട്ട
മുഖ്യമന്ത്രിയുടെ മണ്ഡലം എന്ന ഖ്യാതിയാണ് ധർമടത്തിന്റേത്. 2011ലെ മണ്ഡല പുനർനിർണയത്തിന് ശേഷം നിലവിൽ വന്ന ധർമടത്ത് സിപിഎം മാത്രമേ വിജയിച്ചിട്ടുള്ളൂ. 2011ലെ ആദ്യ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ നാരായണൻ 15,162 വോട്ടിനാണ് ജയിച്ചത്. 2016ൽ മത്സരിച്ച പിണറായി വിജയൻ ഭൂരിപക്ഷം 36905 ആയി ഉയർത്തി. രണ്ടു തവണയും കോൺഗ്രസിന്റെ മമ്പറം ദിവാകരനായിരുന്നു എതിർസ്ഥാനാർത്ഥി.
എടക്കാടിന്റെ ഭാഗമായ പെരളശേരി, മുഴപ്പിലങ്ങാട്, കടമ്പൂർ, ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളും കൂത്തുപറമ്പിൽ ഉൾപ്പെട്ടിരുന്ന പിണറായിയും വേങ്ങാടും തലശ്ശേരിയുടെ ഭാഗമായിരുന്ന ധർമടം പഞ്ചായത്തും ഉൾപ്പെടുന്നതാണ് ധർമടം മണ്ഡലം.
സുധാകരന്റെ മനസ്സിലിരിപ്പ്
ധർമടത്ത് വിജയിക്കുമെന്ന് ഒരുപക്ഷേ, സുധാകരൻ പോലും വിശ്വസിക്കുന്നുണ്ടാവില്ല. എന്നാൽ പിണറായിക്കെതിരെ മുട്ടിനിൽക്കാൻ കരുത്തുള്ള സുധാകരൻ മണ്ഡലത്തിൽ പോരാട്ടമുണ്ടാക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ വിശ്വസിക്കുന്നു. നേമത്തെ ചലഞ്ച് ഏറ്റെടുത്ത കെ മുരളീധരന്റെ തീരുമാനവും സുധാകരനെ സ്വാധീനിച്ചേക്കും.

കപ്പിനും ചുണ്ടിനുമിടയിൽ വഴുതിപ്പോയ കെപിസിസി പ്രസിഡണ്ട് പദമെന്ന സ്വപ്‌നം സുധാകരന് ഇപ്പോഴുമുണ്ട്. നിലവിലെ സാഹചര്യത്തിൽ മുരളി, സുധാകരന് കടുത്ത വെല്ലുവിളിയാണ്. മുഖ്യമന്ത്രിക്കെതിരെ ഫൈറ്റ് നടത്തിയ നേതാവ് എന്ന പ്രതിച്ഛായ കോൺഗ്രസിന് അകത്ത് സുധാകരന് ഗുണം ചെയ്യുമെന്നതിൽ തർക്കങ്ങളില്ല.
Adjust Story Font
16

