'പിണറായി സർക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ല'; മീശ നോവലിന് പുരസ്കാരം നല്‍കിയതില്‍ കെ സുരേന്ദ്രന്‍
കോണ്‍ഗ്രസ് ആണ് മുഖ്യ എതിരാളിയെന്ന ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍റെ പ്രസ്താവനയെയും കെ സുരേന്ദ്രന്‍ തള്ളി

എസ്. ഹരീഷിന്‍റെ 'മീശ'ക്ക് മികച്ച നോവലിനുള്ള സാഹിത്യ അക്കാദമി പുരസ്കാരം നല്‍കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മീശ നോവലിന് സാഹിത്യ അക്കാദമി പുരസ്കാരം നല്‍കാനുള്ള തീരുമാനം ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. സാഹിത്യ അക്കാദമി സി.പി.എമ്മിന്‍റെ ഒരു ഉള്‍പ്പാര്‍ട്ടി സംഘടനയായി മാറിയെന്നും അര്‍ബന്‍ നക്സലുകളെയും ദേശവിരുദ്ധരെയും തിരുകി കയറ്റാനുള്ള ഒരു സ്ഥലമായി അത് മാറിയിരിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
പിണറായി വിജയൻ സർക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലായെന്ന് തെളിയിക്കുന്നതാണ് മീശക്ക് നല്‍കിയ പുരസ്കാരമെന്നും ഹിന്ദുക്കളെ വേട്ടയാടിയ പിണറായി വിജയന്‍റെ അതേ പ്രതികാര മനോഭാവമാണ് ഈ വിഷയത്തിലും കണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളെ അപമാനിക്കാന്‍ വേണ്ടി കരുതിക്കൂട്ടി പിണറായി വിജയന്‍ ചെയ്യുന്ന കാര്യമാണിതെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ആണ് മുഖ്യ എതിരാളിയെന്ന ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍റെ പ്രസ്താവനയെയും കെ സുരേന്ദ്രന്‍ തള്ളി. യു.ഡി.എഫും എല്‍.ഡി.എഫും ഒരേ പോലെ ശത്രുക്കൾ ആണെന്ന് സുരേന്ദ്രൻ പറഞ്ഞു.
കെ സുരേന്ദ്രന്‍റെ വാക്കുകള്‍:
ഹിന്ദുക്കളെ അപമാനിക്കുക എന്ന ഉദ്ദേശ്യം വെച്ചാണ് പിണറായി വിജയന്‍ ഈ ഇടപെടല്‍ നടത്തിയത്. അങ്ങേയറ്റം വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങിയ ആ നോവലിന് എതിരെ ശക്തമായ ജനവികാരം കേരളത്തിലുണ്ടായിരുന്നു. അത് പ്രസിദ്ധീകരിച്ച് ആഴ്ച്ചപതിപ്പ് തന്നെ അത് പിന്‍വലിച്ചതാണ്. വലിയ തോതില്‍ സംസ്ഥാനത്ത് ഒരു വിഭാഗത്തെ ആക്ഷേപിക്കാന്‍ നടത്തിയ ശ്രമമായി ചിത്രീകരിക്കപ്പെട്ട ഒരു നോവലാണത്. ഹിന്ദു സ്ത്രീകള്‍ അമ്പലത്തില്‍ പോകുന്നത് വളരെ മ്ലേഛമായ കാര്യത്തിനാണെന്ന് പരാമര്‍ശിച്ച നോവലായിരുന്നു അത്. മാത്രമല്ല ഇത്രയധികം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ നോവല്‍ നമ്മുടെ സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഇത് വരെ കണ്ടിട്ടില്ലാത്തതാണ്. പിണറായി വിജയൻ സർക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലായെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. ഹിന്ദുക്കളെ ആക്ഷേപിച്ച ഹിന്ദുക്കളെ വേട്ടയാടിയ പിണറായി വിജയന്‍റെ അതേ പ്രതികാര മനോഭാവമാണ് ഈ വിഷയത്തിലും കണ്ടിരിക്കുന്നത്. ഹിന്ദുക്കളെ അപമാനിക്കാന്‍ വേണ്ടി കരുതിക്കൂട്ടി പിണറായി വിജയന്‍ ചെയ്യുന്ന കാര്യമാണിത്. വളരെയധികം ആക്ഷേപാര്‍ഹമാണ്, പ്രതിഷേധാര്‍ഹമാണ്, ശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ രേഖപ്പെടുത്തുന്നു. ഹിന്ദു സമൂഹമാകെ മീശ നോവലിനെതിരെ ശക്തമായ നിലപാടെടുത്തതാണ്. ഹിന്ദുക്കളെ വെല്ലുവിളിക്കുക, അവരുടെ വിശ്വാസ പ്രമാണങ്ങളെ ആക്ഷേപിക്കുകയെന്നത് ഒരു പതിവ് പരിപാടിയാക്കിയിട്ട് പിണറായി വിജയന്‍ മാറ്റിയിരിക്കുകയാണ്. തെറ്റായ സമീപനമാണിത്, സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കാന്‍ മാത്രമേ ഇത് ഉപകരിക്കൂ.
സാഹിത്യ അക്കാദമി സി.പി.എമ്മിന്‍റെ ഒരു ഉള്‍പ്പാര്‍ട്ടി സംഘടനയായി, വര്‍ഗബഹുജന സംഘടനയായി മാറുകയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരുടെ ഇംഗിതത്തിന് അനുസരിച്ച് തുള്ളാന്‍ അല്ല സാഹിത്യ അക്കാദമി തലപ്പത്ത് ആളുകളെ ഇരുത്തുന്നത്. അര്‍ബന്‍ നക്സലുകളെയും ദേശവിരുദ്ധരെയും തിരുകി കയറ്റാനുള്ള ഒരു സ്ഥലമായി അത് മാറിയിരിക്കുകയാണ്.
Adjust Story Font
16

