ഇരിങ്ങാലക്കുട നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്; തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ്
തോമസ് ഉണ്യാടനെ മലർത്തിയടിച്ചാണ് കഴിഞ്ഞ തവണ എൽ.ഡി.എഫിലെ കെ.യു അരുണൻ മണ്ഡലത്തിൽ ചെങ്കൊടിയുയർത്തിയത്.

ഇരിങ്ങാലക്കുട മണ്ഡലം പ്രചാരണച്ചൂടിലേക്ക്. മണ്ഡലംനിലനിർത്താൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ കഴിഞ്ഞ തവണ കൈവിട്ട് പോയ മണ്ഡലം തിരിച്ച് പിടിക്കാനുളള ശ്രമത്തിലാണ് യു.ഡി.എഫ്. കളം നിറഞ്ഞ് കളിക്കാൻ എൻ.ഡി.എയും രംഗത്തുണ്ട്.
തോമസ് ഉണ്ണിയാടനെ മലർത്തിയടിച്ചാണ് കഴിഞ്ഞ തവണ എൽ.ഡി.എഫിലെ കെ.യു അരുണൻ മണ്ഡലത്തിൽ ചെങ്കൊടിയുയർത്തിയത്. മണ്ഡലം നിലനിർത്താനുള്ള ദൗത്യം ഇക്കുറി പ്രൊഫ. ആർ ബിന്ദുവിനാണ്. അധ്യാപന ജോലിയിൽ നിന്ന് വി.ആർ.എസ് എടുത്താണ് ബിന്ദു മത്സരത്തിനിറങ്ങിയത്. വികസനം വോട്ടായി മാറുമെന്ന ആത്മവിശ്വാസമാണ് വാക്കുകളിൽ.
തുടർച്ചയായി മൂന്ന് തവണ ഇരിങ്ങാലക്കുടയിൽ വിജയിച്ച തോമസ് ഉണ്യാടന് കഴിഞ്ഞ തവണ കാലിടറി. ഇത്തവണ ഇരിങ്ങാലക്കുടയിലെ ജനങ്ങൾ കൈപിടിച്ചുയർത്തുമെന്നാണ് വിശ്വാസം. മണ്ഡലത്തിൽ താൻ നടപ്പാക്കിയ വികസനങ്ങളും കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുമാണ് ഉണ്യാടൻ ജനങ്ങൾക്ക് മുന്നിൽ വെക്കുന്നത്.
മുൻ ഡി.ജി.പി ജേക്കബ് തോമസാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് പ്രവർത്തിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പിലിറങ്ങിയതിലൂടെ ലഭിച്ചതെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദുവും ജേക്കബ് തോമസും നിയമസഭാതെരഞ്ഞെടുപ്പിലെ പുതുമുഖങ്ങളാണ്, ഉണ്യാടനാകട്ടെ പരിചയസമ്പന്നതയാണ് കൈമുതൽ. മണ്ഡലത്തിൽ വെന്നിക്കൊടി പാറിക്കാൻ മൂന്ന് മുന്നണികളും കൊണ്ട് പിടിച്ചുള്ള ശ്രമത്തിലാണ്.
Adjust Story Font
16

